ഹജ്‌ കര്‍മങ്ങള്‍ക്ക്‌ ഭക്തി സാന്ദ്രമായ തുടക്കം; ഹാജിമാര്‍ ഇന്ന് മിനായിലേക്ക്..അറഫാ സംഗമം നാളെ


  ഇ. അഹമ്മദിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്‌ സൌഹൃദസംഘവും എത്തി

മക്ക: വിശുദ്ധ മക്കയില്‍ പ്രാര്‍ഥനയുമായി കഴിയുന്ന ഹജ്‌ തീര്‍ഥാടകരുടെ മിനാ പ്രയാണം ഇന്ന്‌ ഇശാ നമസ്‌കാര ശേഷം ആരംഭിക്കും. മക്കയിലുള്ള ഒന്നേമുക്കാല്‍ ലക്ഷത്തോളം ഇന്ത്യന്‍ തീര്‍ഥാടകരും ഇന്നു പുറപ്പെടും. നാളെ ളുഹര്‍ വരെ മിനായിലേക്കുള്ള തീര്‍ഥാടക പ്രവാഹം തുടരും. വ്യാഴാഴ്‌ചയാണു ഹജ്‌ജിനോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായ അറഫ സംഗമം. മദീനയിലായിരുന്ന തീര്‍ഥാടകരെല്ലാം ഇന്നലെ രാത്രിയോടെ മക്കയില്‍ എത്തിച്ചേര്‍ന്നു. നാളെ എല്ലാവരും മിനായിലേക്കു നീങ്ങുന്നതുമൂലമുണ്ടാകുന്ന തിരക്ക്‌ ഒഴിവാക്കാനാണു പ്രയാണം ഇന്നു തന്നെ ആരംഭി ക്കുന്നത്‌. ഹജ്‌ജിന്റെ വിശുദ്ധ വേഷം ധരിച്ചു ഹറം പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ശേഷമാകും തീര്‍ഥാടകരുടെ  മിനാ പ്രയാണം. 
കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്‌ സൌഹൃദസംഘവും എത്തിയിട്ടുണ്ട്‌. 
മിനാ– അറഫാ യാത്രയ്ക്കുള്ള നിര്‍ദേശങ്ങളെല്ലാം ഹജ്‌ വൊളന്റിയര്‍മാര്‍ തീര്‍ഥാടകര്‍ക്കു നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ ഹാജിമാര്‍ക്കു മഷാഇര്‍ ട്രെയിന്‍ യാത്ര സൌകര്യവും മിനായില്‍ അഞ്ചുദിവസത്തെ ഭക്ഷണ സൌകര്യവും ഒരുക്കിയിരിക്കുന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത. രോഗികളായ ഹാജിമാരെ കൊണ്ടുപോകുന്നതിനും പ്രായമുള്ള തീര്‍ഥാടകരെ പരിചരിക്കുന്നതിനും ഹജ്‌ മിഷന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്‌. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ വ്യാഴാഴ്‌ച അറഫയിലെത്തിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. മിനായിലെ ഇന്ത്യന്‍ ഹജ്‌ ക്യാംപ്‌ സുഖുല്‍ അറബ്‌, ഷാറ ജൌഹറ, കിങ്‌ ഖാലിദ്‌ പാലം തുടങ്ങിയ പ്രദേശങ്ങളിലാണ്‌. ക്യാംപ്‌ തിരിച്ചറിയുന്നതിനു പാലത്തിന്റെ കൈവരികളില്‍ ഇന്ത്യന്‍ പതാകയുണ്ട്‌. 
ഹാജിമാര്‍ മിനായില്‍ തങ്ങുന്ന ദിവസങ്ങളില്‍ പൂര്‍ണ തോതിലുള്ള ഓഫിസ്‌ കിങ്‌ ഖാലിദ്‌ പാലത്തിനു സമീപം പ്രവര്‍ത്തിക്കും. ഞായറാഴ്‌ച വൈകുന്നേരം പെയ്‌ത ശക്‌തമായ മഴയില്‍ അറഫ സംഗമത്തിനായി തീര്‍ഥാടകര്‍ക്ക്‌ ഒരുക്കിയ ഏതാനും തമ്പുകള്‍ നിലംപൊത്തിയെങ്കിലും ഇവ ഇന്നലെയോടെ പുനഃസ്‌ഥാപിച്ചു. മഴക്കെടുതിയും പ്രളയവുമുള്‍പ്പെടെ ഏതു സാഹചര്യവും നേരിടാനുള്ള സജ്‌ജീകരണങ്ങള്‍ അറഫയിലെന്ന പോലെ മിനായിലും ഉറപ്പാക്കിയിട്ടുണ്ട്‌.- അലി കുമരനല്ലൂര്‍((9മക്ക).