കൊണ്ടോട്ടി: ജുമുഅ ഖുതുബ പ്രസംഗത്തില്‍ ജിന്ന് വിവാദം പരാമര്‍ശിക്കുകയും സക്കരിയ്യ സ്വലാഹിയെ വിമര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജാഹിദ് പള്ളിയില്‍ സംഘര്‍ഷം. കൊണ്ടോട്ടി ടൗണ്‍ മുജാഹിദ് പള്ളിയിലാമ് സംഭവം. മുജാഹിദ് മൗലവി വിഭാഗം സംസ്ഥാന സെക്രട്ടറി എം ടി അബ്ദുസ്സമദ് സുല്ലമിയാണ് ഇവിടെ ഖുതുബ പ്രസംഗം നിര്‍വഹിച്ചത്.
പ്രസംഗത്തില്‍ ജിന്നുകള്‍ക്ക് പ്രത്യേക കഴിവില്ലെന്നും ജിന്ന് ബാധക്ക് പ്രത്യേക പ്രതിവിധിയായി ഖുര്‍ആനില്‍ വിശദീകരണമില്ലെന്ന് അല്‍ബാനി പോലും സമ്മതിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കൂട്ടത്തിലെ ചിലര്‍തന്നെ ജിന്ന് ബാധക്ക് തെളിവുള്ളതായും ഇതിന് ഖുര്‍ആനിക ചികിത്സയുണ്ടെന്നും പറഞ്ഞ് അന്ധവിശ്വാസം പരത്തുകയാണെന്നും സുല്ലമി തുടര്‍ന്നു. പ്രസംഗമധ്യേ തന്നെ സക്കരിയ്യ സ്വലാഹി അനുകൂലികളായി മുജാഹിദ് പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തു. രംഗം വഷളാവുകയാണെന്ന് മനസിലാക്കി സുല്ലമി വിഷയം മാറ്റിയെങ്കിലും നിസ്‌കാരശേഷം ഇവര്‍ അദ്ദേഹത്തെ വളയുകയായിരുന്നു. ഇതോടെ സക്കരിയ അനുകൂലികളും പ്രതികൂലികളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി. പ്രശ്‌നം വഷളായതോടെ ഇരു ഗ്രൂപ്പുകാരെയും മറ്റുള്ളവര്‍ പിടിച്ചുമാറ്റുകയായിരുന്നു. തന്റെ വാദം സമര്‍ഥിക്കുന്നതിനായി സുല്ലമി സക്കരിയ്യ അനുകൂലികളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ദിവസം നിശ്ചയിച്ച് ഈ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് അദ്ദേഹം പറഞ്ഞു.
ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റവും ഉന്തും തള്ളും ജുമുഅക്കെത്തിയ സ്ത്രീകളെ അങ്കലാപ്പിലാക്കി. ചെറിയ കുട്ടികളുമായി പള്ളിയിലെത്തിയ സ്ത്രീകള്‍ രംഗം പന്തികേടാണെന്ന് കണ്ട് വേഗം സ്ഥലംവിട്ടു. കൊണ്ടോട്ടി ടൗണ്‍ മുജാഹിദ് പള്ളി ഭാരവാഹികളില്‍ ഗണ്യമായൊരു വിഭാഗം സക്കരിയ്യ സ്വലാഹി അനുകൂലികളാണ്.