നൗഫലിന്റെ മരണം; എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു

മലപ്പുറം: മര്‍ഹൂം റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദിന്‍റെ  ജനാസ സന്ദര്‍ശിച്ച് മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മലപ്പുറത്ത് നിന്ന് മടങ്ങവെ ബുധനാഴ്ച പുലര്‍ച്ചെ എടപ്പാളിലുണ്ടായ അപകടത്തില്‍ മരണപ്പെട്ട പൊന്നാനി ചമ്രവട്ടം ജംഗ്ഷന്‍ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി നൗഫലിന്റെ നിര്യാണത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. മഹല്ലിലേയും പരിസര പ്രദേശങ്ങളിലേയും ദീനി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഓട്ടോ ഡ്രൈവര്‍ കൂടിയായ നൗഫല്‍. നൗഫലിന്റെ മരണം മൂലം ദു:ഖമനുഭവിക്കുന്ന കുടുംബത്തിന്റേയും നാട്ടുകാരുടേയും വേദനയില്‍ പങ്കു ചേരുന്നതായി ജില്ലാ കമ്മിറ്റി അനുശോചന പ്രമേയത്തില്‍ സൂചിപ്പിച്ചു.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഇബാദ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ്, വൈസ് പ്രസിഡന്റ് ശഹീര്‍ അന്‍വരി, അബ്ദുറസാഖ് പുതുപൊന്നാനി, റാഫി പെരുമുക്ക്, ഇബ്രാഹിം അസ്ഹരി, സലാം മുതൂര്‍, ആസിഫ് മാരാമുറ്റം തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
നൗഫലിന്റെ മരണം നാടിന്റെ ദു:ഖമായി  
പൊന്നാനിനൗഫലിന്റെ മരണം ചമ്രവട്ടത്തു കാരുടെയും സുന്നി പ്രവര്‍ത്തകരുടെയും  ദു:ഖമായി.  ദീനീ തല്‍പരനും സജീവ സംഘാടകനുമായിരുന്നു ഓട്ടോ ഡ്രൈവറായ നൗഫല്‍. മതപ്രഭാഷണ സദസ്സുകളില്‍ നിറ സാന്നിധ്യമായിരുന്നു. നല്ല പെരുമാറ്റവും നല്ല കാര്യങ്ങളിലെല്ലാമുള്ള പങ്കാളിത്തവും നൗഫലിനെ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാക്കി. മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറിയും യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയുമായിരുന്നു നൗഫല്‍. മരണവാര്‍ത്തയറിഞ്ഞ് നാടിന്റെ നാനാദിക്കുകളില്‍ നിന്ന് പ്രവര്‍ത്തകരും പ്രസ്ഥാന ബന്ധുക്കളും ആസ്പത്രിയിലും വീട്ടിലും പള്ളിയിലുമെത്തി.

സമസ്ത മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി, പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ്, വൈസ് പ്രസിഡന്റ് ശഹീര്‍ അന്‍വരി തുടങ്ങിയവരും മരണ വിവരം അറിഞ്ഞയുടന്‍  വസതിയിലെത്തിയിരുന്നു.