കരിപ്പൂര്‍ ഹജ്ജ്‌ ക്യാംപിന്‌ തുടക്കമായി; ആദ്യ വിമാനം ഇന്ന്

തീര്‍ഥാടകര്‍ 14 മണിക്കൂര്‍ മുമ്പ്  ക്യാംപിലെത്തണം 
മലപ്പുറം: പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന് തുടക്കം. ഹജ്ജാജിമാരുമായി ആദ്യ വിമാനം ഇന്ന് പുറപ്പെടും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയോടെയാണ് ഇന്നലെ ഹജ്ജ് ക്യാംപിന് തുടക്കമായത്. 
സംസ്ഥാനത്തു നിന്നുള്ള 300 തീര്‍ഥാടകരുമായി കരിപ്പൂരില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം ഇന്ന് രാവിലെ 10.20ന് പുറപ്പെടും. കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ അഹമ്മദ് ഫഌഗ് ഓഫ് ചെയ്യും. രണ്ടാമത്തെ വിമാനം ഉച്ചക്ക് 1.20ന് 250 തീര്‍ഥാടകരുമായാണ് പുറപ്പെടും.
രണ്ടു വിമാനങ്ങളിലും ഓരോ ഹജ്ജ് വളണ്ടിയര്‍മാരും ഉണ്ടാവും. വിമാന സമയത്തിന്റെ 14 മണിക്കൂര്‍ മുമ്പാണ് തീര്‍ഥാടകരോട് ഹജ്ജ് ക്യാംപിലെത്താന്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും ആദ്യ ദിനം രാവിലെ തന്നെ തീര്‍ഥാടകരുടെ ഒഴുക്കായിരുന്നു ഹജ്ജ് ക്യാംപിലേക്ക്. ദൂരസ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ആദ്യം ക്യാംപിലെത്തിയത്. വൈകുന്നേരം ആറു മണിയോടെ തന്നെ മുഴുവന്‍ തീര്‍ഥാടകരും എത്തിയിരുന്നു. ആദ്യമെത്തിയ തീര്‍ഥാടകന്‍ കോഴിക്കോട് സ്വദേശി ആലിക്കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്ത് ഹജ്ജ് ക്യാംപിലെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ഹജ് കമ്മിറ്റി ചെയര്‍മാന്‍ ടി എം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 
വൈകിട്ട് ഏഴ് മണിക്ക് ഹജ്ജ് ക്യാംപിന്റെ ഔപചാരിക ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. നാടിന്റെ നന്മക്കും അഖണ്ഡതക്കും സുരക്ഷക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം ഹാജിമാരോട് ഉപദേശിച്ചു. ചടങ്ങില്‍ അബ്ദുസമദ് സമദാനി എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. സി പി കുഞ്ഞിമുഹമ്മദ്, കേന്ദ്ര ഹജ് കമ്മിറ്റിയംഗം പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, പി വി അബ്ദുല്‍ വഹാബ്, കെ മുഹമ്മദുണ്ണി ഹാജി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. ഇ കെ മുഹമ്മദ് കുട്ടി, ടി പി അബ്ദുല്ലക്കോയ മദനി, സുലൈമാന്‍ ഖാലിദ്, തുടങ്ങിയവര്‍ സംബന്ധിച്ചു. 
ചടങ്ങില്‍ തീര്‍ഥാടകരുടെ യാത്രാരേഖകള്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി പി കെ ഖാദര്‍കുട്ടിക്ക് നല്കി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 
തീര്‍ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട്, തിരിച്ചറിയാനുള്ള ലോഹവള, സിംകാര്‍ഡ്, 2,150 സൗദി റിയാല്‍ എന്നിവയാണ് ഹജ്ജ് ക്യാംപില്‍ നല്കുന്നത്. 
വിമാന സമയത്തിന്റെ മൂന്നു മണിക്കൂര്‍ മുമ്പ് ഇഹ്‌റാം വേഷത്തിലാണ് തീര്‍ഥാടകരെ ഇന്ന് ഹജ്ജ് ക്യാംപില്‍ നിന്ന് വിമാനത്താവളത്തിലേക്കു കൊണ്ടുപോകുക. 
ക്യാംപില്‍ വിപുലമായ സൗകര്യങ്ങളാണ് ഹജ്ജ് കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. തീര്‍ഥാടകരെ സഹായിക്കാനായി എച്ച് മുസമ്മില്‍ ഹാജിയുടെ നേതൃത്വത്തില്‍ 155 വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്. 
ആയുര്‍വേദ, ഹോമിയോ, അലോപ്പതി ഡോക്ടര്‍മാരുടെ സേവനങ്ങളും ഹജ്ജ് ക്യാംപില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ ഈ മാസം 20 വരെ 31 വിമാന സര്‍വീസുകളാണ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഹജ്ജിനായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 15 ദിവസം കൊണ്ടു തന്നെ ഹജ്ജ് ക്യാംപ് പൂര്‍ത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷ.