"മുഹമ്മദ് നബി; ജീവിതവും ദര്‍ശനവും" ബഹ്‌റൈന്‍ മുസ്‌ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റി പൊതുസമ്മേളനം വെള്ളിയാഴ്ച

ബഹ്‌റൈനിലെ മുസ്‌ലിം സംഘടനകളുടെ
കൂട്ടായ്മയായ കോഓര്‍ഡിനേഷന്‍ കമ്മിറ്റി
ഓഫ് മുസ്‌ലിം അസോസിയേഷന്‍ ഭാ രവാഹികള്‍ 
പത്ര സമ്മേളനത്തില്‍
മനാമ : മുഹമ്മ് നബി; ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ ബഹ്‌റൈനിലെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മുസ്‌ലിം അസോസിയേഷന്‍സിന്റെ (സി.സി.എം.എ) നേതൃത്വത്തില്‍ നടക്കുന്ന പൊതുസമ്മേളനം ഒക്‌ടോബര്‍ 12 ന് വെള്ളിയാഴ്ച നടക്കും. രാത്രി 7.30ന് ഇന്ത്യന്‍ സ്‌കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനം ബഹ്‌റൈന്‍ പാര്‍ലമെന്റ് അധ്യക്ഷന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ ദഹ്‌റാനി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് നബിയുടെ ശുഭ്ര വ്യക്ത്വത്തെ നിന്ദിക്കാനും അവമതിക്കാനും ചില ഭാഗങ്ങളില്‍ നിന്നും ബോധപൂര്‍വമായ വൃഥാശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി ലോകത്തിന് മുമ്പില്‍ സമര്‍പ്പിച്ച ഉദാത്ത ദര്‍ശനത്തെയും ധവളിമയാര്‍ന്ന ഉന്നത വ്യക്തിത്വത്തെയും ബഹ്‌റൈനിലെ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുക എന്നതാണ് പരിപാടിയിലൂടെ സംഘാടകര്‍ ഉദ്ദേശിക്കുന്നത്. പൊതുസമ്മേളനത്തില്‍ ഇസ്ഹാഖ് റാഷിദ് അല്‍ കൂഹ്ജി, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാന്‍ അലി കെ. ഹസന്‍, ബഹ്‌റൈന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ഫാ. റെഞ്ചി വര്‍ഗീസ് മല്ലപ്പള്ളി, സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി ഫാ. ജേക്കബ് കോശി, സ്വാമി ഉദാരകീര്‍ത്തി നിത്യചൈതന്യ (ഇസ്‌കോണ്‍), അലവികുട്ടി ഹുദവി (സമസ്ത കേരള സുന്നി ജമാഅത്ത്), മുഹമ്മദ് അരിപ്ര (ഇന്ത്യന്‍ ഇസ്‌ലാഹി സെ ന്റര്‍), റഫീഖ് സുല്ലമി (അല്‍ അന്‍സാര്‍ സെന്റര്‍), സഈദ് റമദാന്‍ നദ്‌വി (കെ.ഐ.ജി), കുട്ടൂസ മുണ്ടേരി (കെ.എം.സി.സി) തുടങ്ങിയവര്‍ വിഷയത്തെ അധികരിച്ച് സംസാരിക്കും. പരിപാടിയുടെ ഭാഗമായി ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിലും ഷോപ്പിംഗ് മാളുകളിലും സ്‌കോഡ് പ്രവര്‍ത്തനങ്ങള്‍, മുഹമ്മദ് നബിയെ പരിചയപ്പെടുത്തുന്ന ലഘുലേഖനോട്ടീസ് വിതരണം എന്നിവ നടന്നു വരുന്നു. പൊതുസമ്മേളനത്തിലേക്ക് വിപുലമായ വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. അറാദ്, ഹിദ്ദ്, മുഹറഖ്, കാസിനോ, ബാബുല്‍ ബഹ്‌റൈന്‍, മനാമ ഫാറൂഖ് മസ്ജിദിന് സമീപം, ഹൂറ, ഗുദൈബിയ, ഉമ്മുല്‍ ഹസം, അദ്‌ലിയ, ബുദയ്യ, ഹമദ് ടൗണ്‍, ഈസ്‌ററ് റിഫ, വെസ്റ്റ് റിഫ, സല്‍മാബാദ്, ഈസ ടൗണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു വാഹനങ്ങള്‍ പുറപ്പെടും. കെ.എം.സി.സി, അല്‍ അന്‍സാര്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, സമസ്ത കേരള സുന്നി ജമാഅത്ത്, കെ.ഐ.ജി എന്നീ സംഘടനകളുടെ നേതാക്കളായ സഈദ് റമദാന്‍ നദ്‌വി (കോഓര്‍ഡിനേറ്റര്‍), എസ്.വി. ജലീല്‍ (അസി: കോഓര്‍ഡിനേറ്റര്‍), വി.കെ. കുഞ്ഞുമുഹമ്മദ് ഹാജി (വിഭവസമാഹരണം), സൈഫുല്ല ഖാസിം (സ്വീകരണം), ബദ്‌റുദ്ദീന്‍ (വളണ്ടിയര്‍), മൂസ സുല്ലമി (പ്രചരണം), ജമാല്‍ നദ്‌വി ഇരിങ്ങല്‍ (മീഡിയ) എന്നിവരടങ്ങിയ സംഘാടകസമിതിയുടെ നേതൃത്വത്തിലുള്ള വിപുലമായ സ്വാഗതസംഘം വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 36710698, 33498116 എന്നീ നമ്പറുകളിലോ ccmabh@gmail.com എന്ന വിലാത്തിലോ ബന്ധപ്പെടാവുന്നതാണ്. പൊതുവിഷയങ്ങളില്‍ മുസ്‌ലിം സംഘടനകള്‍ ഒന്നിച്ചു നില്‍ക്കാനും കൂട്ടായ ശ്രമങ്ങളിലൂടെ പ്രവാചക സന്ദേശങ്ങളും ഖുര്‍ആനിക ആശയങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനുമാണ് സി.സി.എം.എ രൂപീകരിച്ചിട്ടുള്ളത്.

പരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ കുട്ടൂസ മുണ്ടേരി, സഈദ് റമദാന്‍ നദ്‌വി, മൂസ സുല്ലമി, സൈദലവി മൗലവി, മുഹമ്മദ് ഇര്‍ഷാദ്, ജമാല്‍ നദ്‌വി ഇരിങ്ങല്‍, യഅ്കൂബ് ഈസ, വി.കെ.കുഞ്ഞമ്മദ് ഹാജി, സുഹൈല്‍ മേലടി, നൂറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.