ഹജ്ജ്‌ ഹൗസിലെ ശിഹാബ്‌തങ്ങള്‍ സ്‌മാരക കവാടം തുറന്നു

കൊണ്ടോട്ടി: അല്ലാഹു വിന്റെ അതിഥികളുടെ ഇടത്താവളമായ ഹജ്ജ്‌ ഹൗസിന്‌ പൂര്‍ണത നല്‍കിക്കൊണ്ട്‌ പേര്‍ഷ്യന്‍ ശില്‍പ മാതൃകയില്‍ നിര്‍മ്മിച്ച ശിഹാബ്‌ തങ്ങള്‍ സ്‌മാരക കവാടം നാടിന്‌ സമര്‍പ്പിച്ചു.
കാല്‍ കോടി രൂപ ചെലവിട്ട്‌ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച കവാടം ഇന്നലെ വ്യവസായ – ഹജ്ജ്‌ കാര്യവകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് തീര്‍ത്ഥാടകര്‍ക്കായി തുറന്ന്‌ കൊടുത്തത്‌ .ഹജ്ജ്‌ ഹൗസിനുവേണ്ടി അഹോരാത്രം പരിശ്രമിക്കുകയും കെട്ടിടത്തിന്‌ തറക്കല്ലിടുകയും ചെയ്‌ത ശിഹാബ്‌ തങ്ങളുടെ നാമമാണ്‌ കവാടത്തിന്‌ നല്‍കിയിട്ടുള്ളത്‌.
വാഹനങ്ങള്‍ അകത്തേക്കും പുറത്തേക്കും കടന്നുപോകുവാന്‍ പാകത്തിലുള്ള രണ്ട്‌ ഗേറ്റുകള്‍ക്ക്‌ പുറമെ സുരക്ഷാ ജീവനക്കാര്‍ക്കായി രണ്ട്‌ മുറികളും കവാടത്തില്‍ ഒരുക്കിയിട്ടുണ്ട്‌. കൊടുവള്ളിയിലെ സല്‍മക്ക്‌ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ്‌ കവാടം നിര്‍മ്മിച്ചത്‌.
ജനുവരിയില്‍ തറക്കല്ലിട്ട കവാടത്തിന്റെ നിര്‍മാണം മെയിലാണ്‌ ആരംഭിച്ചത്‌. 
ചടങ്ങില്‍ ഹജ്‌ കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. 
എംപിമാരായ ഇ.ടി. മുഹമ്മദ്‌ ബഷീര്‍, എം.ഐ. ഷാനവാസ്‌, എംഎല്‍എമാരായ കെ. മുഹമ്മദുണ്ണി ഹാജി, സി.പി. മുഹമ്മദ്‌, കേന്ദ്ര ഹജ്‌ കമ്മിറ്റി അംഗം പ്രഫ. എ.കെ. അബ്‌ദുല്‍ ഹമീദ്‌, മുസ്‌ലിം ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌, ഹജ്‌ കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞു മൌലവി, ടി.പി. അബ്‌ദുല്ലക്കോയ മദനി, എ.കെ. അബ്‌ദുറഹിമാന്‍, വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.കെ. സെയ്‌താലിക്കുട്ടി, സി.ബി. അബ്‌ദു ഹാജി, എഡിഎം എന്‍.കെ. ആന്റണി, അസിസ്‌റ്റന്റ്‌ സെക്രട്ടറി ഇ.സി. മുഹമ്മദ്‌, ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. അബ്‌ദുല്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.