മലപ്പുറം: പാണ്ഡിത്യ ഗരിമയില്‍ വിരചിക്കുമ്പോഴും ലാളിത്യപൂര്‍ണമായ സൂഫീ ജീവിതം നയിച്ച അതുല്ല്യ പണ്ഡിത—നായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌്‌ല്യാര്‍. എണ്ണമറ്റ ശിഷ്യഗണങ്ങളും സമുദ്രം കണക്കെയുള്ള അനുയായികളും ഉണ്‌ടായിട്ടും സംയമനം കൈവിടാത്ത ആ അതുല്ല്യ ഗുരുവര്യന്റെ വാക്കുകള്‍ എന്നും സൌമ്യമായിരുന്നു. സങ്കീര്‍ണമായ ഫിഖ്‌ഹീ മസ്‌ലകളില്‍ സംശയലേശമന്യേ അഭിപ്രായം പറയാന്‍ പ്രാപ്‌തമായ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിന്റെ പാഥേയം. മലപ്പുറത്തിനടുത്ത കാളമ്പാടി ഗ്രാമത്തില്‍ ഓടു മേഞ്ഞ ചെറിയ വീട്ടിലിരുന്ന് പണ്ഡിത കേരളത്തിന്റെ തേരുതെളിച്ച അദ്ദേഹം പകരമില്ലാത്ത നേതൃപാഠവത്തിന്റെ ഉദാഹരണമായിരുന്നു. കാളമ്പാടിയിലെ ചെമ്മണ്‍ പാതയും താണ്‌ടി ദീനീ വിജ്ഞാനവും ഫത്‌വയും തേടിയെത്തുന്നവര്‍ക്ക് ഒരിക്കലും നിരാശരാവേണ്‌ടിവന്നിട്ടില്ല.
അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ അഖീദയും കര്‍മ്മ സരണിയും സസൂക്ഷ്‌മം വിലയിരുത്താനും തലമുറകളിലേക്കു കൈമാറാനും പതിറ്റാണ്‌ടുകള്‍ നീണ്‌ടു നിന്ന അധ്യാപന ജീവിതം കൊണ്‌ട് അദ്ദേഹത്തിനു സാധിച്ചു. 35ാം വയസ്സില്‍ സമസ്‌ത മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കാളമ്പാടിയുടെ ദീര്‍ഘവീക്ഷണവും സംഘാടനാപാടവവുമാണ് 2004ല്‍ സമസ്‌തയുടെ പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
പ്രകൃതിയേയും കാര്‍ഷിക വൃത്തിയേയും സ്‌നേഹിച്ച കാളമ്പാടി പഠനകാലത്തും പിന്നീടും ഒഴിവു സമയങ്ങളില്‍ വീടിനോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ വിയര്‍പൊഴുക്കുമായിരുന്നു.
വാര്‍ദ്ധക്യം തളര്‍ത്തിയ ശരീരത്തിനു താങ്ങായി അവസാന നാളുകളില്‍ അദ്ദേഹം ഊന്നു വടി അവലംബിച്ചിരുന്നു.
റഈസുല്‍ ഉലമയായി അനുയായികളും പണ്ഡിത സഭയും നെഞ്ചിലേറ്റിയ ശുഭ്ര താരകം ഇനി കാളമ്പാടിയിലെ മഖ്‌ബറയില്‍ ഓര്‍മ.(തേജസ് ലേഖകന്‍)))