പൂക്കോട്ടൂര്‍ ഹജ്ജ്ക്യാമ്പ് നാളെ തുടങ്ങും

താമസ സൗകര്യം ആവശ്യമുള്ളവര്‍ മുന്‍ കൂട്ടി ബുക്ക്‌ ചെയ്യണം 
മലപ്പുറം: പൂക്കോട്ടൂര്‍ ഖിലാഫത്ത് കാമ്പസില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ഹജ്ജ് ക്യാമ്പിന് ഒരുക്കങ്ങളായി. പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ പന്തലും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങി.
14ന് ഒമ്പതിന് കേന്ദ്രമന്ത്രി ഇ. അഹമ്മദ് ക്യാമ്പ് ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഹജ്ജ് ഗൈഡ് പ്രകാശനംചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ , മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, മഞ്ഞളാംകുഴി അലി തുടങ്ങിയവര്‍ പങ്കെടുക്കും.
15ന് രാവിലെ രണ്ടാംദിന ക്ലാസ് പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന ദുആ സംഗമത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും.
ഇതുവരെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 7642പേര്‍ ഹജ്ജ്ക്യാമ്പിന് പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. രണ്ടുദിവസത്തെ ക്യാമ്പില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എസ.വൈ.എസ്‌  സെക്രെടരിയുമായ  അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസിന് നേതൃത്വം നല്‍കും. 
ക്യാമ്പില്‍ സൗജന്യ ഭക്ഷണ- താമസ സൗകര്യങ്ങളും മെഡിക്കല്‍ പരിശോധനാസംവിധാനവും ഉണ്ടായിരിക്കും.
കെ.എസ്.ആര്‍.ടി.സി എക്‌സ്​പ്രസ് ബസ്സുകള്‍ക്ക് പൂക്കോട്ടൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ദേശീയപാത 213ല്‍ അറവങ്കര- പൂക്കോട്ടൂര്‍ സ്റ്റോപ്പുകളില്‍ ഇറങ്ങിയാല്‍ ക്യാമ്പിലേക്കും തിരിച്ചും സൗജന്യ വാഹനസൗകര്യം ഏര്‍പ്പെടുത്തും.
ക്യാമ്പിലെത്തുന്ന പ്രായംചെന്നവരെ സഹായിക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ ഉണ്ടായിരിക്കും. താമസ സൗകര്യം ആവശ്യമുള്ളവര്‍ 0483 2771819, 2771859 എന്നീ ഫോണ്‍നമ്പറില്‍ ബന്ധപ്പെടണം.
പത്രസമ്മേളനത്തില്‍ എ എം കുഞ്ഞാന്‍, കെ പി ഉണ്ണീതുഹാജി, കെ എം അക്ബര്‍, അഡ്വ കാരാട്ട് അബ്ദുറഹ്മാന്‍, കെ കെ മായിന്‍, കെ മമ്മദ് എന്നിവരും പങ്കെടുത്തു.