ഹജ്ജ് ക്യാമ്പില്‍ പങ്കെടുക്കുന്നത് 7642 പേര്‍
![]() |
പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ്
ഹജ്ജ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു |
പൂക്കോട്ടൂര്‍: തെറ്റുകള്‍ മനുഷ്യസഹജമാണെന്നും ജീവിതയാത്രയില്‍ ചെറുതും വലുതുമായ പലതരം തെറ്റുകള്‍ ഓരോരുത്തര്‍ക്കും പറ്റുമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി പൂക്കോട്ടൂര്‍ ഖിലാഫത്ത് കാമ്പസില്‍ ആരംഭിച്ച ഹജ്ജ് പഠനക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ നിമിഷവും മനുഷ്യന് പോരായ്മകള്‍ വന്നുകൊണ്ടിരിക്കും. എല്ലാ മനുഷ്യന്റെയും സൃഷ്ടി അത്തരത്തിലാണ്. പറ്റിപ്പോയ തെറ്റുകള്‍ പൊറുത്തുതരണമെന്നും ശിഷ്ടകാലം ശിശുവിനെപ്പോലെ ജീവിച്ചുകൊള്ളാമെന്നുമുള്ള ആഗ്രഹത്തിനുള്ള അവസരമാണ് ഹജ്ജ് പോലുളള പുണ്യകര്‍മ്മങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനസ്സ് നിറയെപ്രതീക്ഷകളുമായി അടുത്ത ജീവിതത്തിന് ഒരുങ്ങിയിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹജ്ജ് ക്ലാസുകള്‍ ഏറെ പ്രയോജനകരമാണ്. ഹജ്ജ് കര്‍മ്മത്തെക്കുറിച്ച് ആധികാരികമായി പറഞ്ഞുകൊടുക്കുന്നതിനാല്‍ സംസ്ഥാനത്തെ തന്നെ മികച്ച ഹജ്ജ്ക്യാമ്പാണ് പൂക്കോട്ടൂരിലേതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മാനവികതയുടെ ഒരുമിക്കലും അള്ളാഹുവിനെ ഓര്‍മ്മിക്കലുമാണ് ഹജ്ജ്കര്‍മ്മമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഹജ്ജ്‌ഗൈഡ് മന്ത്രി പി.കെ അബ്ദുറബ്ബ് അലവി ഒളവട്ടൂരിന് നല്‍കിയും ഹജ്ജ് സി.ഡി പി. ഉബൈദുളള എം.എല്‍.എ ടി.വി ഇബ്രാഹിമിന് നല്‍കിയും പ്രകാശനംചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ജില്ലാ കളക്ടര്‍ എം.സി മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ കുഞ്ഞു, വരിക്കോടന്‍ അബുഹാജി, അഡ്വ. യു.എ. ലത്തീഫ്, കാളാവ് സൈതലവി മുസ്‌ലിയാര്‍, പി.കെ സിദ്ദീഖ് ഫൈസി, എ.എം. കുഞ്ഞാന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു. ക്യാമ്പ് അംഗങ്ങള്‍ക്ക് കെ.പി ഉണ്ണീതുഹാജി നിര്‍ദേശങ്ങള്‍ നല്‍കി.
ഹജ്ജ്ക്ലാസിന് അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. ഹജ്ജ്കര്‍മ്മത്തിന് വീട്ടില്‍നിന്ന് പുറപ്പെടുന്നത് മുതല്‍ കര്‍മ്മം നടത്തി തിരിച്ചെത്തും വരെ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളാണ് ക്യാമ്പില്‍ നല്‍കുന്നത്. ക്യാമ്പ് ഞായറാഴ്ച സമാപിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 7642 പേര്‍ ഹജ്ജ് ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ രണ്ടാം ദിനക്ലാസ് പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന ദുആ സംഗമത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂരാണ് ക്ലാസിന് നേതൃത്വം നല്‍കുന്നത്. പ്രധാന കര്‍മ്മങ്ങളുടെ പ്രായോഗിക പരിശീലനവും പ്രദര്‍ശനവും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.