ഏഴായിരത്തിലധികം ഹജ്ജാജിമാര്‍ എത്തി; പ്രാര്‍ഥനാസദസ്സോടെ പൂക്കോട്ടൂര്‍ ഹജ്ജ് ക്യമ്പ് സമാപിച്ചു

പൂക്കോട്ടൂര്‍: രണ്ട് ദിവസമായി പൂക്കോട്ടൂരില്‍ നടന്ന ഹജ്ജ്ക്യാമ്പ് സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഏഴായിരത്തിലധികം ഹാജിമാര്‍ പങ്കെടുത്തു. രണ്ടാം ദിവസത്തെ ക്യാമ്പ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട് അംഗം പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനംചെയ്തു. കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, എ.എം. കുഞ്ഞാന്‍ഹാജി, കെ.പി. ഉണ്ണീതുഹാജി, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, കെ.എം. അക്ബര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാസദസ്സ് നടന്നു. ഹാജിമാരും വളണ്ടിയര്‍മാരും നാട്ടുകാരും സദസ്സില്‍ പങ്കെടുത്തു. അനാഥ-അഗതി വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ നടന്ന പ്രാര്‍ഥന അറഫ സംഗമത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു.