എസ് വൈ എസ് റംസാന്‍ കാമ്പയിന്‍ ഇന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ : സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്ന റംസാന്‍ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ജൂലൈ 19 മുതല്‍ ആഗസ്ത് 19 വരെ ആചരിക്കുന്ന കാമ്പയിന്‍ കാലയളവില്‍ തസ്‌കിയത്ത് ക്യാമ്പുകള്‍, ഇഫ്താര്‍ മീറ്റ്, ഖുര്‍ആന്‍ പഠന ക്ലാസ്സുകള്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍, സകാത്ത് സെമിനാര്‍, ലഘുലേഖ വിതരണം തുടങ്ങിയ വിവിധ പരിപാടികളാണ് നടത്തപ്പെടുക.
സമസ്തയുടെ രണ്ടാമത്തെ പോഷക സംഘടനായി 1954 ല്‍ രൂപീകരിക്കപ്പെട്ട എസ് വൈ എസ് കേരളത്തിലും സംസ്ഥാനത്തിനു പുറത്തുമായി ആയ്യായിരത്തോളം ശാഖാ കമ്മിറ്റികളും മേഖലാ-മണ്ഡലം ജില്ല ഘടകങ്ങളും നിലവിലുണ്ട്. ഇതിനു പുറമെ മലയാളി മുസ്‌ലിംകളുള്ള വിദേശരാജ്യങ്ങളിലും സംഘടഘടകങ്ങള്‍ പ്രവര്‍ത്തിര്‍ക്കുന്നുണ്ട്. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതോടൊപ്പം സാമൂഹിക-ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ബഹുജന പ്രസ്ഥാനം കൂടിയാണ് എസ് വൈ എസ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയുമാണ്.
കേരളത്തില്‍ മതസൗഹാര്‍ദ്ദവും അതുവഴി സമാധാനവും നിലനിര്‍ത്തുന്നതില്‍ വിലപ്പെട്ട സംഭാവനകളാണ് സംഘടന നല്‍കിയത്. കലാപം കത്തിപ്പടരുമായിരുന്ന സാഹചര്യങ്ങളില്‍ സംഘടനയുടെ നേതൃപദവിയിലിരുന്ന മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നയിച്ച ശാന്തിയാത്ര മതേതരത്വ കേരളത്തിന്റെ ചരിത്രത്തില്‍ എന്നും സ്മരണീയമാണ്. മുസ്‌ലിം ചെറുപ്പക്കാരെ വഴി തെറ്റിക്കാനുള്ള ചില തീവ്രചിന്താഗതിക്കാരുടെ നീക്കം തടയുന്നതിലും സംഘടന വഹിച്ച പങ്ക് ചെറുതല്ല. സുന്നി അഫ്കാര്‍ വാരിക സംഘടനയുടെ മുഖപത്രമാണ്.
കാമ്പയിന്‍ ഉദ്ഘാടന പരിപാടിയില്‍ സംഘടനയുടെ സംസ്ഥാന നേതാക്കളായ ഉമര്‍ ഫൈസി മുക്കം, പി പി മുഹമ്മദ് ഫൈസി, സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും. ഇബ്രാഹിം ഫൈസി പേരാല്‍, പി സുബൈര്‍, സി പി ഹാരിസ് ബാഖവി, കെ എ നാസിര്‍ മൗലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.