ലഹരി വിരുദ്ധ കാമ്പയിന്‍ തുടങ്ങി; ലഹരിക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണം: സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

പറമ്പില്‍ പീടിക: സര്‍വ്വ തിന്മകളുടെയും താക്കോലും സമൂഹത്തില്‍ അധാര്‍മ്മിക ചിന്തകള്‍ക്ക് പ്രേരകമാകുന്നതുമാണ് ലഹരിക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്നും മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പാലിക്കണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പെരുവള്ളൂര്‍ പഞ്ചായത്ത് സമസ്ത കോഡിനേഷന്‍ കമ്മിറ്റി ആചരിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ ഭാഗമായി ബ്രോഷര്‍ വിതരണം, ഡോക്യുമെന്റെറി പ്രദര്‍ശനം, കൊളാശ് പ്രദര്‍ശനം, ഉല്‍ബോധന സദസ്സ്, പ്രഭാഷണ വേദികള്‍, ബഹു ജന സംഗമം, സെമിനാര്‍, സ്‌കോഡ് വര്‍ക്കുകള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 
കൂമണ്ണ ചെനക്കലില്‍ നടന്ന പരിപാടിയില്‍ കാമ്പയിന്‍ സമിതി ചെയര്‍മാന്‍ ടി.പി ഹുസൈന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞാപ്പു ഹാജി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ പി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.ടി.എം ദാരിമി, എ. അഷ്‌റഫ് മുസ്‌ലിയാര്‍, ഇ. അബ്ദുറഹ്മാന്‍ ഫൈസി, ശിഹാബ് ഫൈസി, സിനാന്‍ അശ്അരി, കാട്ടീരി ഹുസൈന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. കാമ്പയിന്‍ സമിതി കണ്‍വീനര്‍ ഡോ. ജാബിര്‍ ഹുദവി സ്വാഗതവും യു.പി മുഹമ്മദ് നന്ദിയും പറഞ്ഞു.
- jabir kt