മത സ്ഥാപനങ്ങള്‍ സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യത : അലി റഹ്‍മാനി

മനാമ: തങ്ങളുടെ പ്രദേശത്തെ മത സ്ഥാപനങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്നും തന്മൂലം ലഭിക്കുന്ന പ്രതിഫലം മരണാനന്തരം പോലും നിലക്കുമെന്നും ഉസ്താദ് അലി റഹ്‍മാനി വെള്ളമുണ്ട ഉദ്ബോധിപ്പിച്ചു. മനാമയിലെ സമസ്ത മദ്റസാ ഹാളില്‍ നടന്ന കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ കമ്മറ്റിയുടെ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സൂഫി വര്യനും പണ്ഢിതനുമായ മര്‍ഹൂം ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ല്യാര്‍ തന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കിയതു കൊണ്ടാണ് റഹ്‍മാനിയ്യ എന്ന ഒരു മഹത്‍സ്ഥാപനം ഉത്തര കേരളത്തില്‍ ഉയര്‍ന്നു വന്നത്. ഇതിനായി തന്‍റെ സമ്പത്തും സമയവും ചിലവഴിച്ചാല്‍ ഐഹിക ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യമായ പരലോകമോക്ഷം നേടാമെന്ന് മനസ്സിലാക്കിയതു കൊണ്ടാണ് ഈ മഹാ പ്രസ്ഥാനത്തിന് വേണ്ടി അദ്ധേഹം ഇറങ്ങി തിരിച്ചതെന്നും ഇന്നും പ്രതിദിനം നൂറു കണക്കിന് മുതഅല്ലിമുകളുടെ പ്രാര്‍ത്ഥനയും സുകൃതവും അദ്ധേഹം അനുഭവിക്കുന്നുണ്ടെന്നും അലി റഹ്‍മാനി പറഞ്ഞു.

നമ്മുടെ ജീവിതത്തില്‍ അദ്ധേഹം നിര്‍മിച്ചതു പോലൊരു സ്ഥാപനം ഇനി നിര്‍മിക്കാനായെന്ന്  വരില്ല. എന്നാല്‍ ഈ സ്ഥാപനത്തെ സഹായിക്കുന്നതിലുടെ നമുക്കും തത്തുല്ല്യ പ്രതിഫലം നേടാമെന്നും വിജ്ഞാനം ഇസ്ലാമിന്‍റെ ജീവനാണെന്ന് തിരുനബി(സ) അരുളിയിട്ടുണ്ടെന്നും റഹ്‍മാനി കൂട്ടിചേര്‍ത്തു. അന്ത്യനാള്‍ അടുക്കുന്പോള്‍ മത വിജ്ഞാനം കുറഞ്ഞു വരും. അതിനാല്‍ മത വിജ്ഞാനത്തിന്‍റെ സംരക്ഷണത്തിനായി സ്ഥാപിതമായ മത സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതും വളര്‍ത്തികൊണ്ടു വരേണ്ടതും അതാതു പ്രദേശ വാസികള്‍ തന്നെയാന്നും അലി റഹ്‍മാനി ഓര്‍മ്മിപ്പിച്ചു.

ചടങ്ങില്‍ മുന്‍ പ്രസി. പി.പി. കുനിങ്ങാട് അദ്ധ്യക്ഷത വഹിച്ചു. എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി, ഒ.വി.അബ്ദുല്ല എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റഹ്‍മാനീസ് അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ജന.സെക്രട്ടറി ഖാസിം റഹ്‍മാനി സ്വാഗതവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട റഹ്‍മാനിയ്യ കോളേജ് കമ്മറ്റി  ബഹ്റൈന്‍ ജന.സെക്രട്ടറി നിസാര്‍ കടമേരി നന്ദിയും പറഞ്ഞു.
- rahmaniyya katameri