വിദ്യാഭ്യാസ വിപ്ലവമാണ് മുസ്‌ലി പിന്നാക്കാവസ്ഥക്ക് പരിഹാരം: സയ്യിദ് സൈനുല്‍ആബിദീന്‍ ചിശ്തി

തിരൂരങ്ങാടി: രാജ്യത്തെ മുസ്‌ലിം പിന്നാക്കാവസ്ഥക്ക് പരിഹാരമുണ്ടാവണമെങ്കില്‍ ദേശീയ തലത്തില്‍ മുസ്‌ലിം ശാക്തീകരണത്തിനുള്ള വിവിധ പദ്ധതികളാവിഷ്‌കരിക്കണമെന്നും അതിന് വിദ്യാഭ്യാസ വിപ്ലവമാണ് പരിഹാരമെന്നും അജ്മീര്‍ സുല്‍ത്താന്റെ പിന്‍ഗാമി സയ്യിദ് സൈനുല്‍ ആബിദീന്‍ അലീഖാന്‍ ചിശ്തി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സന്ദര്‍ശിച്ച് വാഴ്‌സിറ്റിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വിപ്ലവമാണ് മുസ്‌ലിംകള്‍ക്കാവശ്യം. അറിവില്ലായ്മയും ആപ്തകരമായ ജീവിതാന്തരീക്ഷവുമാണ് ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണമെന്നും ദേശീയ  സാമൂഹിക വിദ്യാഭ്യാസ ശാക്തീകരണത്തിന് മുസ്‌ലിം പണ്ഡിതരും നേതാക്കളും ഒന്നിച്ചിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഇതര സംസ്ഥാനങ്ങളില്‍ ദാറുല്‍ ഹുദാ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും കേരളീയ മുസ്‌ലിം സാമൂഹികാന്തരീക്ഷം രാജ്യത്തിലുടെനീളം വ്യാപിപ്പിക്കണമെന്നും അലീഖാന്‍ പറഞ്ഞു. അജ്മീര്‍ സുല്‍ത്താന്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ 33-ാമത്തെ പേരമകനും ദര്‍ഗയുടെ നിലവിലെ ദിവാനുമാണ് സയ്യിദ് സൈനുല്‍ ആബീദീന്‍ അലീഖാന്‍.

വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സയ്യിദ് നസീമുദ്ദീന്‍ ചിശ്തി, സയ്യിദ് മിഅ്‌റാജുദ്ദീന്‍ ചിശ്തി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി ചെമ്മാട്,  ഡോ. ബിശ്‌റുല്‍ ഹാഫി, അന്‍ഫാസ്, റഫീഖ് ഹുദവി കടുങ്ങല്ലൂര്‍, എം.കെ ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി, റഫീഖ് ഹുദവി കോലാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University