ലിബിയയില്‍ ഇസ്‌ലാമിക ശേഷിപ്പുകള്‍ക്കു നേരെ സലഫീ ആക്രമണം

ട്രിപ്പോളി: സൂഫിവര്യന്മാരുടെ ദര്‍ഗകള്‍ക്കും മുസ്‌ലിം മഖബറകള്‍ക്കും നേരെ ലിബിയയില്‍ സലഫി ആക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ മുസ്‌ലിംകള്‍ ഏറെ ആദരിക്കുന്ന പലരുടെയും ഖബറുകളും ദര്‍ഗകളും ബോംബുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.
തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും 160 കിലോമീറ്റര്‍അകലെ കിഴക്ക് ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന സലതയ്ന്‍ പട്ടണത്തിലെ സൂഫി പണ്ഡിതനായിരുന്ന ശൈഖ് അബ്ദുല്‍ സലാം അല്‍-അസ്മറിന്റെ ഖബറിനു തകര്‍ക്കുകയും അദ്ദേഹത്തിന്റെ പേരിലുള്ള ലൈബ്രറി തകര്‍ക്കുകയും ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ കത്തിക്കുകയും ചെയ്തു .പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിയാണ് അല്‍-അസ്മര്‍.
ട്രിപ്പോളിക്ക് 200 കിലോമീറ്റര്‍ അകലെയുള്ള മിസ്രാത്തയിലെ ശൈഖ് അഹമദ്‌ സറൂഖിന്റെ ദര്‍ഗയും സലഫി തീവ്രവാദികള്‍ തകര്‍ത്തിട്ടുണ്ട്.
ശനിയാഴ്ച നടന്ന ആക്രമണത്തില്‍ തലസ്ഥാനത്തിനടുത്തുള്ള അല്‍-ശഅബ് മഖ്ബറ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ശൈഖ് അബ്ദുല്ല അല്‍-ശഅബ് ഉള്‍പ്പെട് അമ്പതോളം സൂഫിവര്യന്മാരുടെയും സ്പാനിഷ് കൊളോണിയലിസത്തിനെതിരെ പോരാടിയ രക്തസാക്ഷികളുടെയും ഖബറുകള്‍ ഇതില്‍ ഉള്‍പ്പെടും.
ചരിത്രത്തെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഈ ശ്രമത്ത്നെതിരെ ലിബിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിയമപരമായും മതപരമായും അംഗീകരിക്കാന്‍ കഴിയാത്ത ഈ ചെയ്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിബിയന്‍ നാഷണന്‍ കോണ്ഗ്രസ് പ്രസിഡന്റ് മുഹമ്മദ് അല്‍-മഖരീഫ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് അടിയന്തിരമായി യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു’.
പ്രതിഷേധവുമായി ലോക പണ്ഡിതര്‍
കൈറോ: ലിബിയയിലെ വിവിധ മുസ്‌ലിം മഖ്ബറകള്‍ക്കു നേരെയും പ്രശസ്തരായ സൂഫിവര്യന്മാരുടെ മഖാമുകള്‍ക്ക് നേരെയും തീവ്ര ‘സലഫിസ്റ്റുകള്‍’ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ മുസ്‌ലിം ലോക പണ്ഡിതര്‍ രംഗത്തിറങ്ങി.
സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഈജിപ്ഷ്യന്‍ മുഫ്തി അലി ജുമുഅ ലിബിയന്‍ മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കാനും വിശ്വാസികളുടെ മേല്‍ ‘അവിശ്വാസം’ ആരോപിക്കാനും ശ്രമിക്കുന്ന ഇവരുടെ മേല്‍ ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്തതിനു യുദ്ധക്കുറ്റം ചുമത്തണമെന്നും ഇവര്‍ക്കെതിരെ എല്ലാവരും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം സമൂഹം ഒന്നടങ്കം ആദരിക്കുന്ന മാലികി മദ്ഹബിലെ പ്രമുഖരായ അബ്ദുസ്സലാം അല്‍-അസ്മര്‍, അഹ്മദ് സറൂഖ് എന്നിവരുടെ ഖബറിടങ്ങള്‍ പൊളിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും മുഫ്തി പറഞ്ഞു.

“അല്ലാഹുവിന്റെ ഭവനങ്ങള്‍ പൊളിക്കുകയും മുസ്‌ലിംകളുടെ വിശുദ്ധ ചിഹ്നങ്ങളെ മലിനപ്പെടുത്തുകയും അല്ലാഹുവിന്റെ ഔലിയാക്കളെ അനാദരിക്കുകയും ഭൂമിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക്കയും ലിബിയന്‍ മുസ്‌ലിംകള്‍ക്കിടയില്‍ അനൈക്യത്തിന്റെ വിത്തുകള്‍ വിതച്ചു അവരെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ വിഭാഗം ഈ കാലഘട്ടത്തിലെ ഖവാരിജുകള്‍ ആണെന്നും” ഈജിപ്ത് ദാറുല്‍ ഇഫ്താ (ഫത്‌വ ബോര്‍ഡ്) പേരില്‍ പുറത്തിറക്കിയ പ്രസ്തവാനയില്‍ അലി ജുമുഅ വ്യക്തമാക്കി.

ആഗോള സൂഫി പണ്ഡിത സംഘടന

സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചു ആഗോള സൂഫി പണ്ഡിത സംഘടനയും രംഗത്ത്‌ വന്നു. വഴിതെറ്റിയ വിശ്വാസങ്ങളുടെയും തെറ്റായ ചിന്താഗതികളുടെയും ഫലമാണ് ഈ ആക്രമണമെന്നും വിശ്വാസികള്‍ വെച്ചുപുലര്‍ത്താന്‍ കഴിയാത്ത അന്ധവിശ്വാസമാണ് ഇക്കൂട്ടരെ നയിക്കുന്നതെന്നും സംഘടനയുടെ തലവനും ശൈഖുല്‍ അസ്ഹറിന്റെ സീനിയര്‍ ഉപദേഷ്ടാവുമായ ഡോ. ഹസന്‍ ശാഫിഈ പറഞ്ഞു.

സമുദായത്തിന്റെ ശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ മുസ്‌ലിം ലോകത്തെ ആദ്യകാല സ്ഥാപനങ്ങളായ ഈജിപ്തിലെ അല്‍-അസ്ഹറും ടുണീഷ്യയിലെ സൈത്തൂനയും മൊറോക്കോയിലെ ഖര്‍വീനും മുന്‍കൈ എടുക്കണമെന്നും ശാഫിഈ അഭിപ്രായപ്പെട്ടു. മുസ്‌ലിം സമൂഹത്തിന്റെ ഐക്യം സംരക്ഷിക്കാന്‍ ‘സലഫികള്‍’ എന്ന് വിളിക്കപ്പെടുന്നവര്‍ ഇത്തരം നീച പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലിബിയന്‍ ഫത്‌വ ബോര്‍ഡ്

മുസ്‌ലിംകളുടെയോ മറ്റുള്ളവരുടെയോ ഖബറിടങ്ങള്‍ മലിനപ്പെടുതന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്നും ഖബറിടങ്ങള്‍ മാന്തുകയും അതിലെ അവിശ്ഷടങ്ങള്‍ ആയുധത്തിന്റെ ശക്തി ഉപയോഗിച്ച് പുറത്തെടുക്കുകയും ചെയ്യുന്ന പ്രവണത ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്നും ലിബിയന്‍ ഫത്‌വ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാദിഖ് അല്‍-ഗര്‍യാനി പറഞ്ഞു.