വ്യാജകേശം; സമസ്തക്ക് നീതി ലഭിക്കണം : ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

കോഴിക്കോട് : മുഹമ്മദ് നബി()യുടെതെന്ന വ്യജേനെ കാന്തപുരം പ്രചരിപ്പിക്കുന്ന വ്യാജ കേശം സംമ്പന്ധിച്ച നിഗൂഡതകളും, ദുഷ്ടലാക്കും പുറത്ത് കൊണ്ടുവരാന്‍ ബാധ്യതയുള്ള സംസ്ഥാന ഭരണകൂടത്തില്‍നിന്ന് നീതിബോധമുള്ളവരെല്ലാം നീതി പ്രതീക്ഷിക്കുന്നുണ്ടന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു.
ഒരു വിദേശ പൗരനെ സംബന്ധിച്ച് പോലും തെറ്റായ വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയത്. അബൂദാബിയില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളയാളും ഭരണകൂടത്തില്‍ പരാതി നിലനില്‍ക്കുന്നതുമായ ഒരാളെ സംബന്ധിച്ച് മന്ത്രിയാണെന്നാണ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തത്. പള്ളിപ്പണിക്ക് വേണ്ടി പിരിച്ച റസീപ്റ്റുകളും, പള്ളിപ്പണി സംബന്ധമായ ധാരാളം ഫ്‌ളക്‌സുകളും, പരസ്യങ്ങളും ഉണ്ടായിരിക്കെ പോലീസ് അതെല്ലാം കണ്ടില്ലന്നും അറിഞ്ഞില്ലന്നുമാണ് പറയുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ആധികാരിക മത പണ്ഡിത സഭയായ സമസ്തയെ സംബന്ധിച്ച് കേരള പോലീസിന്റെ അറിവില്ലായ്മയാണങ്കില്‍ നമ്മുടെ നിയമവാഴ്ചയും, വിജിലന്‍സ് സംവിധാനവും ഉടച്ചു വാര്‍ക്കേണ്ടതുണ്ട്. വ്യാജ സത്യവാങ് തിരുത്തി സത്യസന്ധമായ സത്യവാങ് നല്‍കുമെന്ന് സംസ്ഥാന മുഖ്യമന്ത്രിയും യു.ഡി.എഫ് നേതൃത്വവും സമസ്തക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് തന്നെയാണ് കരുതുന്നത്. മറിച്ചൊരു തീരുമാനം ഉള്ളതായി അറിവില്ല. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരാണ് നിഷേധിക്കേണ്ടത്. സത്യം പുറത്തുകൊണ്ടുവരുന്നതിന് സമസ്ത പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം പറഞ്ഞു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നീതിക്കൊപ്പം നിലകൊള്ളുകയാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ധാര്‍മ്മികത. മാധ്യമങ്ങളും, സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ളവരും ഇത്തരം ആത്മീയ തട്ടിപ്പുകള്‍ക്കെതിരില്‍ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.