മതമൂല്യങ്ങളിലേക്കുള്ള തിരിച്ചുവരവിന് പണ്ഡിതന്മാര്‍ മാര്‍ഗദര്‍ശികളാവണം : ഹൈദരലി ശിഹാബ് തങ്ങള്‍

തേഞ്ഞിപ്പലം : മതമൂല്യങ്ങളില്‍ നിന്നും ദൈവീക ചിന്തകളില്‍ നിന്നും അകലുകയും ഓരോരുത്തരും താന്തോന്നികളായി ജീവിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ പ്രകൃതിപരമായ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മനുഷ്യര്‍ നിരവധി പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതും കരുതിവെപ്പില്ലാതെ പെരുമാറുന്നതും ആപത്ഘട്ടങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. ഇത്തരം ദുരവസ്ഥകളില്‍ പണ്ഡിതന്മാര്‍ ക്രിയാത്മകമായ ദൗത്യം നിറവേറ്റണമെന്നും സാമൂഹ്യ ബാധ്യതകളെ പറ്റിയും മതമൂല്യങ്ങളെ കുറിച്ചും സമയബന്ധിതമായി സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും ഹൈദരലി തങ്ങള്‍ ചൂണ്ടിക്കാട്ടി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൗണ്‍സിലില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, .എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ.എന്‍..എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, പി. ഹസന്‍ മുസ്‌ലിയാര്‍ മലപ്പുറം, എം.. ചേളാരി, ശരീഫ് കാശിഫി കൊല്ലം, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം, മൊയ്തീന്‍ ഫൈസി നീലഗിരി, അബ്ദുസ്സലാം ഫൈസി ചിക്മംഗ്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കെ.സി.അഹ്മദ് കുട്ടി മൗലവി കോഴിക്കോട് നന്ദിയും പറഞ്ഞു.