തിരുവനന്തപുരം മൃഗശാലയിലേക്ക് ജിറാഫുകളെ വാങ്ങുന്നകാര്യം നിയമസഭയില്‍ ചര്‍ച്ചയ്ക്കുവന്നപ്പോള്‍, പൊടുന്നനെ ഉറക്കില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റ് അവയില്‍ രണ്ടെണ്ണം കത്തോലിക്കരായിരിക്കണമെന്ന് പഞ്ഞിക്കാരന്‍ കുഞ്ഞിത്തൊമ്മന്‍ എന്ന സാമാജികന്‍ വിളിച്ചുപറഞ്ഞതായി ഒരു തമാശക്കഥയുണ്ട്. ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന വേളകളില്‍ ജനപ്രതിനിധികള്‍ പ്രകടിപ്പിക്കുന്ന ജാതിസ്പിരിറ്റിനെ കളിയാക്കുന്ന കഥയാണിത്. സംഭവം നേരാണെങ്കിലും അല്ലെങ്കിലും സാമുദായികബോധം നമ്മുടെ രാഷ്ട്രീയരംഗത്ത് എത്രമാത്രം പ്രബലമാണ് എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നേരുപറഞ്ഞാല്‍, കളിയാക്കിച്ചിരിക്കേണ്ട ഒന്നല്ല സാമുദായിക പരിഗണനക്കു വേണ്ടിയുള്ള ആവശ്യങ്ങള്‍. വ്യത്യസ്ത ജാതി-മത വിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ഭാഷാ സമൂഹങ്ങള്‍ക്കും ന്യൂനപക്ഷ ഗ്രൂപ്പുകള്‍ക്കുമെല്ലാം പൊതുജീവിത മണ്ഡലങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുക എന്നത് ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന ആശയങ്ങളിലൊന്നാണ്. സാമൂഹിക- സാമ്പത്തിക-തൊഴില്‍ മണ്ഡലങ്ങളില്‍ അധഃസ്ഥിതരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ജനാധിപത്യം നിഷ്‌ക്കര്‍ഷിക്കുന്നു. പല ജനാധിപത്യ സമൂഹങ്ങളിലും അഫര്‍മറ്റീവ് ആക്ഷന്‍ എന്ന പേരില്‍ ഈ ആശയം നടപ്പിലാക്കുന്നുണ്ട്. ഇന്ത്യയില്‍ വിദ്യാഭ്യാസ-തൊഴില്‍ സംവരണങ്ങള്‍ എല്ലാവര്‍ക്കും അവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനു വേണ്ടി വിഭാവനം ചെയ്യപ്പെട്ടവയാണ്. പാര്‍ലമെന്റിലും നിയമസഭകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അതേപോലെയുള്ള മറ്റു മണ്ഡലങ്ങളിലും വിവിധതരത്തിലുള്ള സംവരണങ്ങള്‍ ഏര്‍പ്പെടുത്തിയത് ശരിയായ പ്രാതിനിധ്യം ഉറപ്പിക്കാന്‍ വേണ്ടിത്തന്നെയാണല്ലോ. നിയമസഭയില്‍ ആംഗ്ലോ-ഇന്ത്യന്‍ പ്രാതിനിധ്യം ഏര്‍പ്പെടുത്തിയത് ഒരു ഉദാഹരണം. ഈ അവസ്ഥയില്‍, ഭരണഘടനയില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ലെങ്കിലും മന്ത്രിസഭാ രൂപീകരണത്തില്‍ സമുദായ സന്തുലനം പാലിക്കുവാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മനസ്സുവെയ്ക്കുന്നത് ഒരു സാമാന്യ നിയമത്തെ പ്രയോഗവല്‍ക്കരിക്കാന്‍ വേണ്ടിയാണ്. ഭരണത്തില്‍, എല്ലാ വിഭാഗത്തില്‍പെട്ട ആളുകള്‍ക്കും, വിശ്വാസം ജനിപ്പിക്കാന്‍ ഇത് സഹായകമായിത്തീരും. ഭരണകക്ഷിയില്‍ (മുന്നണിയിലും) അണിനിരന്നിട്ടുള്ള വിവിധ വിഭാഗക്കാരായ ആളുകള്‍ക്ക്, പ്രാതിനിധ്യബോധമുണ്ടാവുമ്പോള്‍ പ്രസ്തുത പാര്‍ട്ടി, അല്ലെങ്കില്‍ മുന്നണി കൂടുതല്‍ കരുത്താര്‍ജ്ജിക്കും. അതിനാല്‍ സന്തുലനം പ്രായോഗിക രാഷ്ട്രീയത്തിന്റെ അനിവാര്യതയാണ്. സ്ത്രീകള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതും പ്രാദേശിക സന്തുലനം ഉറപ്പുവരുത്തുന്നതുമെല്ലാം ഈ പ്രക്രിയയുടെ വ്യത്യസ്ത മുഖങ്ങളാണ്.
ഈ അര്‍ത്ഥത്തില്‍, ഏതാനും ദിവസങ്ങള്‍ക്കു മുമ്പു നടന്ന കേന്ദ്രമന്ത്രിസഭാ അഴിച്ചുപണി പ്രസ്തുത സന്തുലനം പാലിക്കുന്ന കാര്യത്തില്‍ എത്രകണ്ടു വിജയിച്ചിട്ടുണ്ട്? ഇങ്ങനെയൊരു ചോദ്യത്തിന് വഴിയൊരുങ്ങുന്നത് കേരളത്തില്‍ മുസ്‌ലിം സമുദായം അനര്‍ഹമായി പലതും നേടുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്. പ്രസ്തുത ആരോപണം പ്രബലമായത് അഞ്ചാം മന്ത്രി സ്ഥാനത്തിന് വേണ്ടി മുസ്‌ലിംലീഗ് ആവശ്യമുന്നയിച്ചതിനെത്തുടര്‍ന്നാണല്ലോ. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിംലീഗിന് അഞ്ചു മന്ത്രിസ്ഥാനങ്ങള്‍ക്ക് അര്‍ഹതയുണ്ടോ എന്നതായിരുന്നില്ല അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടത്. ഭരണ മുന്നണിയിലെ രണ്ടാം പാര്‍ട്ടിയെന്ന നിലയില്‍ ലീഗ് അനാവശ്യമായ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ച്, സംസ്ഥാന ഭരണത്തെ മുസ്‌ലിം സമുദായത്തിന്റെ വരുതിയിലൊതുക്കി എന്ന മട്ടിലായിരുന്നു പ്രചരണങ്ങളുടെ പോക്ക്. ഇത്തരം പ്രചരണങ്ങള്‍ പലപ്പോഴും പലരീതിയിലും മുമ്പും ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ദീര്‍ഘകാലമായി സമുദായപ്പാര്‍ട്ടികള്‍ കൈകകാര്യം ചെയ്യുന്നത് കൊണ്ടാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസം അവതാളത്തിലാവുന്നത് എന്നാണ് ഒരു പ്രചരണം. സാധാരണ ജനങ്ങള്‍ തൊട്ട് സാംസ്‌ക്കാരിക നായകര്‍ വരെ ഈ ധാരണ പുലര്‍ത്തുന്നവരും ഇങ്ങനെയൊക്കെ പ്രസംഗിക്കുന്നവരുമാണ്. പക്ഷേ ശുദ്ധ മതേതരകക്ഷികള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യം, സഹകരണം തൊഴില്‍ തുടങ്ങിയ വകുപ്പുകളോ? അതാരും എടുത്തുപറയാറില്ല. പൊതുമണ്ഡലങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ഉയര്‍ച്ചയെ, വിശേഷിച്ച് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഉയര്‍ച്ചയെ, അപകടകരമായ അവസ്ഥാന്തരമായി ചിത്രീകരിക്കുന്ന മനോനില പ്രബലമാവുന്നു എന്നാണ് ഇത്തരം പ്രചരണങ്ങള്‍ ദ്യോതിപ്പിക്കുന്നത്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് റിജനല്‍ എഞ്ചിനീയറിംഗ് കോളജിലെ അധ്യാപക സംഘടന ഒരു പ്രമേയം പാസ്സാക്കിയ കാര്യമാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്; അന്ന് സി.എച്ച്. മുഹമ്മദ്‌കോയ വിദ്യാഭ്യാസ മന്ത്രി, പ്രൊഫ. എം.എം. ഗനി കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍, പ്രൊഫ. കെ.എം. ബഹാവുദ്ദീന്‍ ആര്‍.ഇ.സി പ്രിന്‍സിപ്പല്‍ – മൂന്നുപേരും മുസ്‌ലിംകളായതിനാല്‍ പ്രസ്തുത കലാലയത്തിന്റെ ‘ഭരണത്തില്‍ മുസ്‌ലിം സ്വാധീനം വര്‍ദ്ധിക്കുന്നതിലായിരുന്നു സംഘടനയുടെ ഈറ. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ ഒരു മുഗളവാഴ്ച വേണ്ടല്ലോ എന്ന്. അഞ്ചാം മന്ത്രി വിവാദത്തിനു ശേഷം കേരളത്തില്‍ രൂപപ്പെട്ട സാമുദായിക ധ്രുവീകരണവും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മൂലം പൊതുസമൂഹത്തില്‍ വേരുറച്ചുപോയ മുസ്‌ലിംകള്‍ അനര്‍ഹമായി ആവശ്യത്തിലേറെ നേടുന്നു എന്ന ചിന്തയും അപകടകരമായ സ്ഥിതിവിശേഷത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. മുസ്‌ലിം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തുന്നതിനുള്ള ആസൂത്രിത നീക്കം ഒരളവോളം വിജയിക്കുക തന്നെ ചെയ്തു.
ഈ രാഷ്ട്രീയ കാലാവസ്ഥയിലാണ് സാമുദായിക സന്തുലനമെന്ന സിദ്ധാന്തം ഉയര്‍ന്നുവന്നതും ചര്‍ച്ചാവിധേയമായതും. കേരളത്തിലെ മന്ത്രിസഭ, ബോര്‍ഡ്-കോര്‍പ്പറേഷന്‍ അംഗത്വങ്ങള്‍, സര്‍വ്വകലാശാലകളിലെ ഉന്നത പദവികള്‍ എന്നു വേണ്ട മന്ത്രിമാരുടെ പേഴ്‌സണല്‍സ്റ്റാഫ് വരെയുള്ള സകലമാന രാഷ്ട്രീയ നിയമനങ്ങളും സമുദായത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കപ്പെട്ടു. സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാറും സര്‍വ്വകലാശാലകളും ‘ഭൂമിദാനം ചെയ്യുന്നതും ഫണ്ടുസമാഹരണം നടത്താന്‍ അനുമതി നല്‍കുന്നതും വിവാദങ്ങള്‍ക്കിരയായി. മിക്കവാറും ചര്‍ച്ചകള്‍ പോയത് പഴയ കുഞ്ഞിത്തൊമ്മന്‍ എപ്പിസോഡിന്റെ വഴിക്കാണ്. മാത്രവുമല്ല മുസ്‌ലിം സമുദായ നേതാക്കള്‍ ഏതാണ്ട് ക്ഷമാപണ സ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങുക പോലും ചെയ്തു. പ്രബുദ്ധ കേരളത്തില്‍ ഇതേരീതിയില്‍ ആവാമോ പൊതുപ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍? നിശ്ചയമായും ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് കേരളത്തിലെ ചില സാമുദായിക സംഘടനകളാണ്. ഐക്യജനാധിപത്യ മുന്നണിയിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസ്സിന്റെ സമീപനങ്ങള്‍, അത്തരം ചിന്തകള്‍ വളര്‍ത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ വേണം കേന്ദ്രമന്ത്രിസഭയിലെ സമുദായ സന്തുലനത്തെപ്പറ്റി ആലോചിക്കാന്‍.
കേരളത്തില്‍ നിന്ന് എട്ട് കേന്ദ്രമന്ത്രിമാരാണുള്ളത്. ഏഴുപേരും കോണ്‍ഗ്രസ്സുകാര്‍. കൂടാതെ രാജ്യസഭാ ഉപാദ്ധ്യക്ഷനും ജെ.പി.സി. ചെയര്‍മാനും കേരളത്തില്‍ നിന്നുള്ളവരാണ്. മൊത്തം പത്തുപേര്‍. ഇവരില്‍ നാലുപേര്‍ ക്രിസ്തീയ സമുദായത്തില്‍ നിന്നുള്ളവരാണ്. മൊത്തം 19 ശതമാനം വരുന്ന ക്രിസ്തീയ സമുദായത്തിന് ശതമാനക്കണക്കു വെച്ചുനോക്കിയാല്‍ 25 ശതമാനം. അതേസമയം 25 ശതമാനത്തിലധികം ജനസംഖ്യയുള്ള മുസ്‌ലിംകള്‍ക്ക് 10 ശതമാനം മാത്രം – അതും മുസ്‌ലിംലീഗിന്റെ ഒരേയൊരു മന്ത്രി. കേരള മന്ത്രിസഭയിലെ ക്രിസ്തീയ പ്രാതിനിധ്യം കൂടി കണക്കിലെടുക്കുമ്പോള്‍ ‘സന്തുലന’ക്കണക്ക് വീണ്ടും അടിതെറ്റും. ഇത്തവണ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നായിരുന്നു കേള്‍വി. അത് സാധിച്ചിരുന്നുവെങ്കില്‍ സാമുദായിക സന്തുലനത്തിന്റെ അവസ്ഥ കുറേക്കൂടി അപകടത്തിലായേനെ. നായര്‍ സമുദായത്തിന്റെ കാര്യത്തിലും സമാനമാണ് സ്ഥിതി. പതിനൊന്നു ശതമാനം ജനസംഖ്യയുള്ള നായര്‍ സമുദായത്തിന് രണ്ടു കേന്ദ്രമന്ത്രിമാരുണ്ട്. ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യവും കുറവല്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്തുകൊണ്ട് കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷത്തില്‍ നിന്ന് ഒരാളെപ്പോലും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ മന്ത്രിയാക്കിയില്ല എന്ന് സമുദായ സന്തുലിതത്വ സിദ്ധാന്തമനുസരിച്ച് ചോദിക്കാവുന്നതേയുള്ളൂ. ദേശീയാടിസ്ഥാനത്തില്‍ ചിന്തിച്ചാലും ഇന്ത്യയിലെ ക്രിസ്തീയ സമുദായത്തിന് കേന്ദ്രമന്ത്രിസഭയില്‍ ലഭിച്ചിട്ടുള്ള പ്രാതിനിധ്യം അവുടെ ജനസംഖ്യാ പ്രാതിനിധ്യവുമായി വെച്ചുനോക്കുമ്പോള്‍ എല്ലാ സന്തുലിതത്വ നിയമങ്ങളേയും മറികടക്കുന്നതരത്തിലുള്ളതാണ്. അഞ്ചാം മന്ത്രിസ്ഥാന വിവാദക്കാലത്തും പിന്നീടും മുസ്‌ലിം സമുദായം അനര്‍ഹമായി പലതും നേടുന്നു എന്ന ആരോപണമുയര്‍ന്ന സ്ഥിതിക്ക് ഇക്കാര്യവും ചര്‍ച്ച ചെയ്യപ്പെടാമല്ലോ. പക്ഷേ അതുണ്ടായില്ല. അതിനു കാരണം മുസ്‌ലിം ന്യൂനപക്ഷത്തിനു നേരെ പൊതുസമൂഹം പുലര്‍ത്തുന്ന നിലപാടുകളില്‍, ശത്രുതയുടെ അംശങ്ങള്‍ അപകടകരമാംവണ്ണം കടന്നുകൂടിയത് തന്നെയാണ്; ഈ ശത്രുത പരസ്യമായി പ്രകടിപ്പിക്കപ്പെടുകയും ചെയ്യുന്നു.
എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി. എന്നീ സംഘടനകള്‍ ഒരുക്കൂട്ടിയെടുത്തതാണ് മുസ്‌ലിം സമുദായത്തിന്നെതിരായി പൊതുസമൂഹത്തില്‍ രൂപപ്പെട്ട അന്യത്വ വികാരം എന്ന അഭിപ്രായം ഇതെഴുതുന്നയാള്‍ക്കില്ല, വെള്ളാപ്പള്ളിയുടേയും ജി. സുകുമാരന്‍ നായരുടേയും നിലപാടുകളെ ഏതു കാലത്തും സ്വാധീനിക്കുന്നത് സമ്മര്‍ദ്ദ രാഷ്ട്രീയത്തിന്റെ ആശയങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഇരുമുന്നണികളും അതിന് കീഴൊതുങ്ങിക്കൊടുക്കുന്നു. ഹിന്ദു സമുദായം ഒന്നിക്കണമെന്ന്, ഏതാണ്ടെല്ലാ ഹൈന്ദവ സംഘടനകളും ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്. എഴുത്തച്ഛന്‍ സമുദായവും മാരാര്‍ സമാജവുമെല്ലാം ഈ ഐക്യപ്പെടലിന്നുള്ള പാതയിലാണ്. അതിന് വഴിയൊരുക്കിയത്, കൃത്യമായിപ്പറഞ്ഞാല്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പി.യും നടത്തിയ നീക്കങ്ങളാണ്. എന്നാല്‍ അങ്ങനെയൊരു നീക്കം നടത്താന്‍ വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കും ധൈര്യം നല്‍കിയത് മുസ്‌ലിം സമൂഹം കുറേശ്ശെക്കുറേശ്ശെയായി മുഖ്യധാരയില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ്. ഒരു വശത്ത് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ മുസ്‌ലിം സമൂഹം അഭൂതപൂര്‍വ്വകമായ വളര്‍ച്ച കൈവരിക്കുന്നു എന്നതു നേരുതന്നെ. അതേസമയം, മുസ്‌ലിംകളെ സാമൂഹികമണ്ഡലങ്ങളില്‍ പുറത്താക്കാനുള്ള ആസൂത്രിത ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ സാമൂഹികമായ പുറത്താക്കലിനെ ത്വരിതപ്പെടുത്തുന്ന തരത്തില്‍ സ്വയം ബഹിഷ്‌കൃതരാവാനാണ് മുസ്‌ലിം സമൂഹത്തിന്റെ ശ്രമം. മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഹോം സിനിമവരെയുള്ള പല ഏര്‍പ്പാടുകളിലൂടെയും മുഖ്യധാരയോട് കലഹിച്ചും വേര്‍പെട്ടും നില്‍ക്കുന്നതിന്നനുകൂലമായ മന:ശ്ശാസ്ത്രം മുസ്‌ലിംകളില്‍ രൂപപ്പെടുന്നത് കാണാനാവും. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയും ഗുജറാത്ത് കലാപവുമെല്ലാം മുസ്‌ലിം സമൂഹത്തെ, മുഖ്യധാരയില്‍ നിന്ന് അകറ്റുകയാണ് ചെയ്തത്. ഇന്ത്യയിലെ മതേതര രാഷ്ട്രീയത്തിനും മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിനും ഈ പ്രതിസന്ധിയെ ശരിയായ തരത്തില്‍ അഭിമുഖീകരിക്കാന്‍ കഴിഞ്ഞില്ല. അതുമൂലമുണ്ടായ വിക്ഷുബ്ധാവസ്ഥയെ ഉപയോഗപ്പെടുത്തുകയാണ് ഹിന്ദുത്വ രാഷ്ട്രീയം ചെയ്യുന്നത്. ഇടുങ്ങിയ രാഷ്ട്രീയചിന്ത മൂലം എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി. എന്നീ സാമുദായിക ശക്തികള്‍, മുസ്‌ലിം ന്യൂനപക്ഷത്തെ വേറിട്ടുനിര്‍ത്തുന്ന ചിന്തയിലേക്ക് കേരളീയ സമൂഹത്തെ കൊണ്ടുപോയി എന്നേ ഏറിയാല്‍ പറയാനാവൂ. കള്ളുനിരോധിക്കണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം പോലും വര്‍ഗീയവല്‍കരിക്കപ്പെട്ടു എന്നതില്‍ നിന്നറിയാമല്ലോ, അഞ്ചാമതൊരു മുസ്‌ലിം മന്ത്രിയ സത്യപ്രതിജ്ഞ ചെയ്യിച്ചതിന് മുസ്‌ലിം സമൂഹം കൊടുക്കേണ്ടിവന്ന വില. പക്ഷേ അത് അപകടം വരുത്തിവെച്ചത് പൊതുസമൂഹത്തിന് ഒന്നടങ്കമാണ്.
മുസ്‌ലിംലീഗിന്റെ പല നിലപാടുകളോടും വിയോജിപ്പ് പുലര്‍ത്തുന്ന ആളാണ് ഞാന്‍. ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ആവശ്യപ്പെട്ടത് ഒരു രാഷ്ട്രീയ നിലപാടാണ്. സാമുദായികമായ ആവശ്യങ്ങള്‍ പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നതും രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തില്‍ തന്നെ. അവയെല്ലാം രാഷ്ട്രീയമായി ചര്‍ച്ചചെയ്യപ്പെടുകയും വേണം. എന്നാല്‍ അത്തരം നിലപാടുകളുടെ പേരില്‍ മുസ്‌ലിം ന്യൂനപക്ഷത്തെ ഒന്നടങ്കം ഒറ്റപ്പെടുത്താനുള്ള മനോനില വളര്‍ത്താന്‍ ആരുശ്രമിച്ചാലും അതു വലിയ അപകടമാണുളവാക്കുക. ‘അവനവനാത്മസുഖത്തിനായ് ചെയ്‌വതെല്ലാം അപരനുകൂടി ഗുണത്തിനായ് ഭവിക്കണമെന്ന് നാരായണ ഗുരു പറഞ്ഞിട്ടുണ്ട്. വെള്ളാപ്പള്ളി, സ്വന്തം ആത്മസുഖത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ അപരന് ഗുണം ചെയ്യുന്നില്ലെന്നതോ പോകട്ടെ, സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു എന്നതാണ് മൊത്തം ഗുണപാഠം. അതിനാല്‍ സമുദായസന്തുലനത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നവര്‍ കേന്ദ്രമന്ത്രിസഭാ പുനസ്സംഘടനയുമായി ബന്ധപ്പെട്ട ജാതി-മത സമവാക്യങ്ങള്‍ കൂടി പഠിച്ചു മനസ്സിലാക്കിയ ശേഷമായിരിക്കട്ടെ, മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ‘അവകാശക്കൊയ്ത്തിനെപ്പറ്റി പരിതപിക്കുന്നത്.-എ.പി. കുഞ്ഞാമു(ചന്ദ്രിക)