ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര ഇന്നു മുതല്‍

മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാര്‍ ഇന്നു മുതല്‍ സ്വദേശത്തേക്ക് മടങ്ങും. മടക്കയാത്രയുടെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഹജ്ജ് മിഷന്‍ അധികൃതര്‍ അറിയിച്ചു. മദീനയില്‍ വന്നിറങ്ങിയ തീര്‍ഥാടകരെല്ലാം ജിദ്ദ ഹജ്ജ് ടെര്‍മിനല്‍വഴിയാണ് തിരിച്ചുപോകുന്നത്.
ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കുള്ള ആദ്യവിമാനം ലഖ്‌നോവിലേക്കാണ്. ഹാജിമാരുടെ ലഗേജുകള്‍ അവരുടെ താമസ സ്ഥലത്തുനിന്ന് ശേഖരിക്കാന്‍ പ്രത്യേക ഏജന്‍സികളെ ഹജ്ജ്മിഷന്‍ ഏര്‍പാട് ചെയ്തിട്ടുണ്ട്. 45 കി. ഗ്രാമിന്റെ രണ്ടു ലഗേജുകള്‍ ക്യാമ്പില്‍നിന്ന് ഏജന്‍സികള്‍ സ്വീകരിക്കും. 45 കി. ഗ്രാമിന്റെ രണ്ടു ലഗേജുകളും 10 ലിറ്റര്‍ സംസം എന്നിവയാണ് ഒരു ഹാജിക്ക് അനുവദിക്കുന്നത്. സംസം വെള്ളം ഓരോ ഹാജിക്കും അവരവരുടെ നാട്ടിലെ വിമാനത്താവളത്തില്‍വെച്ച് നല്‍കും. മക്ക ഖുദയിലെ സംസം പ്ലാന്റില്‍നിന്ന് നിറച്ച കന്നാസുകളിലാണ് സംസം എത്തിക്കുക. വിമാനം ഇറങ്ങിയ ഉടന്‍ ഇവ വിതരണം ചെയ്യും. ഇന്നു യാത്ര തിരിക്കുന്ന ഇന്ത്യന്‍ ഹാജിമാര്‍ മസ്ജിദുല്‍ ഹറാമിലെത്തി വിടവാങ്ങല്‍ ത്വവാഫ് നടത്തിയത് വന്‍തിരക്കിലായിരുന്നു. 
കഅ്ബാലയത്തിന്റെ കില്ല പിടിച്ചുള്ള പ്രാര്‍ഥനയില്‍ഏറെ നേരം മനമുരുകി പ്രാര്‍ഥിച്ച ശേഷമാണ് പുണ്യ കഅ്ബാലയത്തോട് വിടചൊല്ലിയത്.അസീസിയില്‍ നിന്നുള്ള ബസ് സര്‍വീസ് നാളെ മുതല്‍ പുനഃസ്ഥാപിക്കും. ഹജ്ജിന്റെ മുന്നോടിയായി ട്രാഫിക് തിരക്കുമൂലം മക്കയിലേക്ക് അസീസിയയില്‍നിന്ന് ഇന്ത്യന്‍ ഹാജിമാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ബസ് സര്‍വീസ് കഴിഞ്ഞ ഏതാനും ദിവസമായി നിര്‍ത്തിയിരുന്നു. വാഹന സൗകര്യമില്ലാത്തതിനാല്‍ ഹറമിലെത്താന്‍ പറ്റാത്ത സാഹചര്യമായിരുന്നു അവര്‍ക്ക്.