ഗസയിലെ ഇസ്രാഈല്‍ നരനായാട്ട് - ലഘു ചിത്രം


സയില്‍ ഇസ്രാഈല്‍ സൈന്യം തുടരുന്ന അതിക്രമങ്ങള്‍ പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഉയര്‍ത്തിയിരിക്കുകയാണ്. ഇസ്രാഈല്‍ എന്ന യഹൂദരാഷ്ട്രം 1948 മെയ് 14ന് നിലവില്‍ വന്നത് മുതല്‍ പ്രദേശം സംഘര്‍ഷ ഭരിതമാവുകയും പല തവണ യുദ്ധങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് നീണ്ട കാലയളവിനിടെ ഇതാദ്യമാണ്. 
യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഗസയിലേക്ക് തിരിക്കുകയും അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തിട്ടുണ്ടെങ്കിലും മേഖല ഇപ്പോഴും യുദ്ധ ഭീതിയിലാണ്. 75000 ത്തിലേറെ സൈനികരെ ഇസ്രാഈല്‍ ഗസ അതിര്‍ത്തിയില്‍ വിന്യസിക്കുകയും ആക്രമണം കൂടുതല്‍ ശക്തമാക്കുന്നതിന് റിസര്‍വ് സൈനികരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് ഇസ്രാഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തത് സംഘര്‍ഷസാധ്യത ഇരട്ടിയാക്കിയിട്ടുണ്ട്. 
കഴിഞ്ഞ ബുധനാഴ്ച ഹമാസ് സൈനികവിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ് തലവന്‍ അഹ്മദ് ജഅ്ബരിയെ ഇസ്രഈല്‍ സേന കൊലപ്പെടുത്തി ഇസ്രാഈലാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഗസ മുനമ്പ് ഭരിക്കുന്ന ഹമാസ് സ്വാഭാവികമായും തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം ഹമാസ് ആസ്ഥാനം ഇസ്രഈല്‍ തകര്‍ത്തതോടെ പ്രശ്‌നം മൂര്‍ച്ഛിച്ചു. ഇതുവരെ സംഘര്‍ഷത്തില്‍ നാല്‍പതിലേറെ പേര്‍ മരിച്ചിട്ടുണ്ട്. ഗസയില്‍ പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലെത്തിയവര്‍ക്കു നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖന്‍ദില്‍ ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യിന്റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് അവിടെ ആക്രമണം നടന്നത്. ഹനിയ്യിന്റെ വസതി ആക്രമണത്തില്‍ തകര്‍ന്നതിനാല്‍ ഹനിയ്യ് ആയിരുന്നു ഇസ്രാഈലിന്റെ ആക്രമണ ലക്ഷ്യമെന്ന് കരുതുന്നു.
ബറാക് ഒബാമ യു.എസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ നടന്ന ഇസ്രഈലി കടന്നാക്രമണത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. 2013 ജനുവരിയില്‍ ഇസ്രാഈല്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങവേ തീവ്രയഹൂദരുടെ വോട്ട് ഉറപ്പാക്കുകയാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തുന്നവരുണ്ട്. ഇതിന്റെ യാഥാര്‍ത്ഥ്യം എന്തായാലും ഇസ്രാഈല്‍ അതിക്രമത്തോടുള്ള യു.എസ് പ്രസിഡന്റ് ഒബാമയുടെ പ്രതികരണമാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. 
സ്വയം സംരക്ഷിക്കാനുള്ള ഇസ്രഈലിന്റെ അവകാശത്തെ പിന്തുണക്കുന്നുവെന്നാണ് നെതന്യാഹുവുമായുള്ള ടെലഫോണ്‍ സംഭാഷണത്തിനിടെ ഒബാമ പറഞ്ഞത്. ഒബാമ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ശുഭസൂചനയായും റിപ്പബ്ലിക്കാന്‍ പാര്‍ട്ടി പ്രതിനിധികളായി വന്ന യു.എസ് പ്രസിഡന്റുമാര്‍ മാത്രമേ അതിക്രമങ്ങള്‍ കാട്ടിയിട്ടുള്ളൂ എന്നെല്ലാം അന്താരാഷ്ട്രാ’വിദഗ്ധര്‍’ വിലയിരുത്തിയതിന്റെ ചൂടാറും മുമ്പാണ് ഇസ്രാഈലിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ റിപ്പബ്ലിക്കനെനോന്നോ ഡെമോക്രാറ്റെന്നോ ഉള്ള വ്യത്യാസമില്ല എന്ന് അമേരിക്ക ഒരിക്കല്‍ കൂടി തെളിയിച്ചത്. 
യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ലോകരാഷ്ട്രങ്ങളും ഇടപെട്ടതിനാല്‍ ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരമുണ്ടായേക്കാം. എന്നാല്‍ അരനൂറ്റാണ്ടായി പുകയുന്ന ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഫലസ്തീന് യു.എന്‍ അംഗീകാരത്തോടെയുള്ള സ്വതന്ത്ര രാഷ്ട്ര പദവി വേണമെന്ന അഭിപ്രായം ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നിട്ടും ഇസ്രാഈലും അമേരിക്കയുമാണ് അതിനെ എതിര്‍ക്കുന്നത്. ഫലസ്തീന് യു.എന്‍ അംഗീകാരത്തോടെയുള്ള സ്വതന്ത്ര രാഷ്ട്ര പദവി വേണമെന്ന അഭിപ്രായം ലോകജനതയില്‍ 49 ശതമാനവും പങ്കു വെക്കുന്നതായി അമേരിക്കയെപ്പോലെ തന്നെ ഇസ്രയേലിനെ പിന്താങ്ങുന്ന ബ്രിട്ടനിലെ പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷമാണ്. 19 രാഷ്ട്രങ്ങളില്‍ നടത്തിയ സര്‍വേയില്‍ 49 ശതമാനം പേര്‍ ഫലസ്തീന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 21 ശതമാനം പേര്‍ മാത്രമാണ് സ്വതന്ത്ര ഫലസ്തീന്‍ വേണ്ട എന്ന് അഭിപ്രായപ്പെട്ടത്. 
സാമ്രാജ്യത്വശക്തികള്‍ നടത്തിയ ഗൂഢാലോചനയെ തുടര്‍ന്ന് 1948 മുതല്‍ ജന്മനാട് വിട്ട് അലയേണ്ടി വന്ന ഫലസ്തീന്‍ ജനതക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ യു.എന്‍ എന്നും പരാജയപ്പെട്ടിട്ടേയുള്ളൂ. ഇസ്രയേലിനെതിരായി യു.എന്നില്‍ പ്രമേയങ്ങളുണ്ടായപ്പോഴെല്ലാം ആ രാഷ്ട്രത്തിന്റെ രക്ഷക്കെത്തിയ അമേരിക്കയും പ്രശ്‌നപരിഹാരത്തിന് വിലങ്ങുതടിയാണ്. നാല്‍പതിലേറെ തവണയാണ് അമേരിക്ക ഇസ്രാഈലിന് വേണ്ടി വീറ്റോ അധികാരം പ്രയോഗിച്ചത്. ഇതില്‍ റിപ്പബ്ലിക്കനെനോന്നോ ഡെമോക്രാറ്റെന്നോ ഉള്ള വ്യത്യാസമുണ്ടായില്ല. എന്നാല്‍ അറബ്‌ലോകത്ത് വന്ന മാറ്റം തിരിച്ചറിഞ്ഞ് അമേരിക്ക നിലപാട് മാറ്റേണ്ടിവരുന്ന കാലം വിദൂരമല്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നത്. 
ഇപ്പോഴത്തെ പ്രശ്‌നത്തില്‍ ഫലസ്തീന്‍ ഒറ്റക്കാവില്ല എന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മൂര്‍സിയുടെ പ്രസ്താവനയും ടുണിഷ്യയും തുര്‍ക്കിയും കൈക്കൊണ്ട നടപടികളും ഇതിന് ഉത്തമഉദാഹരണമാണ്. ടുണിഷ്യന്‍ വിദേശകാര്യമന്ത്രിയും ടുണിഷ്യയിലെ ഏറ്റവും വലിയ കക്ഷിയായ അന്നഹ്ദയുടെ തലവന്‍ റാഷിദ് ഗനൂഷിയുടെ മരുമകനുമായ റഫീഖ് അബ്ദുസ്സലാം ഇസ്രഈല്‍ തകര്‍ത്ത ഹമാസ് കേന്ദ്രം സന്ദര്‍ശിക്കാന്‍ ശനിയാഴ്ച തന്നെ എത്തിയതും മേഖലയില്‍ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്നും അറബ് നദിയില്‍ ഏറെ ജലം ഒഴുകിപ്പോയിട്ടുണ്ടെന്നും ഇസ്രഈല്‍ മനസ്സിലാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയതും അറബ്‌ലോകത്തെ മാറ്റത്തിന്റെ ദിശാസൂചകങ്ങളാണ്. 
തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍ അറബ്‌നേതാക്കളുമായി ഫലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്തിയതും ശ്രദ്ധേയമാണ്. നേരത്തേ ഇറാന്‍ മാത്രമാണ് അമേരിക്കക്കും ഇസ്രയേലിനുമെതിരേ ശബ്ദിച്ചിരുന്നതെങ്കില്‍ ഹുസ്‌നി മുബാറകിനെ സ്ഥാനഭ്രഷ്ടനാക്കിയതിനു ശേഷമുള്ള ഈജ്പിതും തയ്യിബ് ഉര്‍ദുഗാനു കീഴില്‍ വന്‍ശക്തിയായ വളര്‍ന്നുവരുന്ന തുര്‍ക്കിയും ഇസ്രയേലിനെതിരേ ശബ്ദമുയര്‍ത്തുന്നതും ടുണിഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ പാത പിന്തുടരുന്നതും നയംമാറ്റത്തിന് അമേരിക്കയെ പ്രേരിപ്പിച്ചാല്‍ അരനൂറ്റാണ്ടായി നീറിപ്പുകയുന്ന ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതപരിഹാരത്തിനാവും വഴി തെളിയുക. ഇസ്രാഈലിനെ നിലക്ക് നിര്‍ത്താന്‍ അമേരിക്കകും ലോകത്തിനും കഴിയണം(അവ.ചന്ദ്രിക).