ഇന്ന് മുഹര്‍റം 10; ആശൂറാ ദിനം


മുഹറം: വിശ്വാസികളുടെ വിജയകാലം

വിശാലമായ അനുഭവങ്ങളുടെയും ഉറച്ച ഈമാനിന്റെയും ഊര്‍ജ സ്രോതസ്സായി കാലങ്ങളില്‍ നിന്നു കാലങ്ങളിലേക്ക്‌ നിലക്കാതെ ഒഴുകുകയാണ്‌ മുത്ത്‌ നബിയുടേയും അനുചര ശ്രേഷ്‌ഠരുടേയും ഹിജ്‌റകള്‍. അന്ധതയുടെ ഇരുളടഞ്ഞ വഴികളിലൂടെ ജീവിതം വലിച്ചു കൊണ്ടുപോയ അറേബ്യന്‍ ജനതയുടെ ഹൃദയ ഭൂമിയിലേക്ക്‌ ഇസ്‌ലാമിന്റെ വെള്ളിവെളിച്ചവുമായി തിരുറസൂല്‍(സ) ആഗതനായപ്പോള്‍ ഏല്‍ക്കേണ്ടി വന്ന ക്രൂരകൃത്യങ്ങളുടെ പരിണിതിയായിരുന്നു യഥാര്‍ത്ഥത്തില്‍ ഹിജ്‌റയില്‍ കലാശിച്ചത്‌.
ബഹ്‌റൈന്‍ സമസ്ത മുഹറം ലഖുലേഖ 
ചരിത്രത്തിന്റെ ഗതിമാറ്റിയ മദീന പലായനം കാലഗണനയില്‍ പുതിയൊരേടു കൂടി സമ്മാനിക്കുകയായിരുന്നു. ഹിജ്‌റ വര്‍ഷം എന്ന്‌ ആധുനിക മനുഷ്യനറിയുന്ന വര്‍ഷാരംഭം അന്നു മുതലായിരുന്നു. പാലായനം നടന്നത്‌ റബീഉല്‍ അവ്വലിലാണെങ്കിലും സൌകര്യാര്‍ത്ഥം ഒന്നാം മാസമായി മുഹറം അംഗീകരിക്കപ്പെടുകയായിരുന്നു.
ഹിജ്‌റ 1433 നമ്മോട്‌ വിടപറഞ്ഞു. ഭൂമിയില്‍ ഒരു വര്‍ഷം കൂടി പിന്നിട്ടു. മറ്റൊരു പുതുവര്‍ഷപ്പുലരിക്ക്‌ സാക്ഷിയാവുകയും ചെയ്‌തു. ആയുസ്സിന്റെ പുസ്‌തകത്തിലെ പുതിയൊരു മുഹറം; ഒട്ടനവധി ഇസ്‌ലാമിക ചരിത്രങ്ങള്‍ക്ക്‌ സാക്ഷിയായ മാസം. മുസ്‌ലിംമിന്റെ ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ഒത്തിരി സമ്മിശ്രവികാരങ്ങളും പ്രതികരണങ്ങളും സൃഷ്‌ടിക്കുന്നു.
കാലവൃക്ഷത്തിന്റെ പൊഴിഞ്ഞുപോയ ഒരു ഇതളിന്റെ ആതുരമായ ഓര്‍മ്മകള്‍. ഓരോ വര്‍ഷം പിന്നിടുമ്പോഴും ആ വര്‍ഷം പൂര്‍ണ്ണമായി ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിഞ്ഞതിലും അതിലെ സുഖങ്ങനുഭവിക്കാനും വിഭവങ്ങള്‍ ആസ്വദിക്കാനുമുള്ള ഭാഗ്യം ലഭിച്ചതിലും നാം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. 
കഴിഞ്ഞു പോവുന്ന ഓരോ നിമിഷവും വിശ്വാസിക്ക്‌ ഓര്‍മപ്പെടുത്തലുകളാണ്‌. ഒരു നിമിഷം കഴിയുമ്പോള്‍ ഒരു നിമിഷം മരണത്തോടടുക്കുന്നു.
ലോക ചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലും വഴിത്തിരിവുമായ പ്രവാചകന്റെ മക്കയില്‍ നിന്ന്‌ മദീനയിലേക്കുള്ള (ഹിജ്‌റ) പ്രാദേശിക തലത്തില്‍ നടന്നിരുന്ന വിശാലമായ ഇസ്‌ലാമിക പ്രചരണത്തിന്റെ ആശയങ്ങള്‍ക്ക്‌ അനുരൂപമായി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ഇസ്‌ലാമിക സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രബോധനത്തിന്റെ മാറ്റം ഇടയാക്കുന്നു. സത്യവും നീതിക്കുമുള്ള പോരാട്ടത്തിലായിരിക്കുമ്പോള്‍ സ്വരാജ്യത്തില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെട്ടാല്‍ അതിലൊരിക്കലും നിരാശപ്പെടേണ്ടതില്ലെന്നാണ്‌ തിരുമേനി(സ) യുടെ അതി മഹത്തായ പാവനമായ പലായന (ഹിജ്‌റ) ത്തില്‍ നിന്ന്‌ നാം ഉള്‍ക്കൊള്ളേണ്ട പാഠം.
ഇന്ന്‌ മുഹറത്തിന്റെ സ്ഥാനം സുപ്രധാനമാണ്‌. ആദ്യനബി ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകര്‍ മുഹമ്മദ്‌ നബി (സ) നരെയുള്ള പ്രവാചക•ാരില്‍ നടന്ന പല സംഭവങ്ങളും അരങ്ങേറിയ മാസം......

സത്യത്തിന്റേയും വിജയത്തിന്റേയും വിമോചനത്തിന്റേയും കഥയാണ്‌ മുഹറമിന്റേത്‌. ആദം നബി(അ) യുടെ പശ്ചാതാപം അല്ലാഹു സ്വീകരിച്ചതും നൂഹ്‌ നബി(അ) യുടെ പേടകം പ്രളയത്തെ അതിജീവിച്ച്‌ പര്‍വ്വതത്തിലണഞ്ഞതും യൂനുസ്‌ നബി(അ) മത്സ്യത്തിന്റെ ഉദരത്തില്‍ നിന്ന്‌ രക്ഷപ്പെട്ടതും അതില്‍ ചിലതു മാത്രം.

വര്‍ഷങ്ങളോളം മാറാ രോഗം കൊണ്ടും സമ്പത്ത്‌ കൊണ്ടും ഏറെ പരീക്ഷിക്കപ്പെട്ട പ്രവാചകരായിരുന്നു അയ്യൂബ്‌ നബി(അ). തന്റെ ജനത പോലും കൈയൊഴിഞ്ഞ ഒരവസ്ഥാവിശേഷം. എല്ലാം സഹിച്ചും ഒടുവില്‍ അസുഖങ്‌ഹളില്‍ നിന്ന്‌ മുക്തി ലബിക്കുവാന്‍ കിടന്ന കിടപ്പില്‍ കാലിട്ടടിക്കാന്‍ സര്‍വ്വശക്തന്റെ ആജ്ഞാപനം വന്നു. അതോടെ ഉറവ പൊട്ടിയൊഴുകുകയും തുടര്‍ന്ന്‌ അതില്‍ കുളിക്കുകയും ചെതപ്പോള്‍ മുമ്പുള്ള ആരോഗ്യം തിരിച്ചു കിട്ടി. ആ സംഭവം നടക്കുന്നതും മുഹര്‍റം പത്തിലായിരുന്നു.

ഈജിപ്‌തിന്റെ ഭരണാധികാരിയായിരുന്ന ഫറോവയുടെ അടിമച്ചങ്ങലയില്‍ കിടന്നു പിടയുകയായിരുന്നു ഒരുവേള ഇസ്‌റാ ഈല്യര്‍. എല്ലു മുറിയെ പണിയെടുക്കുകയും കൂലി ചോദിച്ചാല്‍ കൂച്ചുവിലങ്ങുകളിലടക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ. ഈ അവസരത്തിലാണ്‌ ഫിര്‍ഔനും പട്ടാളവും അറിയാതെ തികച്ചും ഇലാഹീ ശിക്ഷണത്തില്‍ അഭ്‌തുതകരമായ വളര്‍ന്ന്‌ മൂസാ നബി(അ) സര്‍വ്വ വിധ അടിച്ചമര്‍ത്തലുകള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയരായ ഈജിപ്‌ത്യന്‍ ജനതയുടെ വിമോചനത്തിനായി ശബ്‌ദിച്ചത്‌.

ഒരു വേള അല്ലാഹുവിന്റെ ആജ്ഞയിറങ്ങി. “മൂസാ.... വിശ്വാസികളെ കൂട്ടി ചെങ്കടല്‍ കടന്ന്‌ രക്ഷപ്പെടുക”. ഇവരുടെ പലായനം അറിഞ്ഞ ഫറോവ സൈന്യം പിന്നില്‍ കുതിച്ചുവെങ്കിലും കടല്‍ക്കടന്ന്‌ തീരുന്നതിനു മുമ്പ്‌ തന്നെ മര്‍ദ്ദക സംഘം ഒന്നൊഴിയാതെ മുങ്ങി മരിച്ചു. മുഹറം പത്തിന്‌ നടന്ന മിഥ്യയുടെ പതനവും സത്യന്റെ വിജയവുമായ പ്രസ്‌തുത സംഭവത്തില്‍ സര്‍വ്വ ശക്തന്‌ നന്ദി പ്രകാശിപ്പിച്ച മൂസാ നബി(അ) യും അനുചര•ാരും വ്രതമനുഷ്‌ഠിക്കുകയും ചെയ്‌തു. മൂസാ നബി (അ) യുടെ അനുയായികള്‍ വ്രതമനുഷ്‌ഠിക്കുന്നത്‌ കണ്ട പ്രവാചകര്‍ ഇങ്ങനെ പറഞ്ഞു. “അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍ മുഹറം ഒമ്പതിനും വ്രതമനുഷ്‌ഠിക്കും”. എന്നാല്‍, പ്രസ്‌തുത ദിവസം സമാഗതമാകും മുമ്പേ തിരുമേനി വഫാത്തായി. 

കര്‍ബലയുടെ മണല്‍ത്തരികളെ ചെഞ്ചായമണിയിച്ച നിരപരാധിയായ ഇമാം ഹുസൈന്‍(റ) ന്റെ കണ്ണീരില്‍ കുതിര്‍ന്ന രക്തസാക്ഷിത്വം ഈ മുഹര്‍റം പത്തിനായിരുന്നു. മദീനയുടെ ഭരണമേല്‍പ്പിക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ കൂഫയില്‍ നിന്ന്‌ അദ്ദേഹത്തെ യൂഫ്രട്ടീസ്‌ തീരമായ കര്‍ബലയിലേക്ക്‌ യസീദ്‌ ക്ഷണിച്ചു വരുത്തി ചതിപ്രയോഗത്തിലൂടെ വധിക്കുകയായിരുന്നു. പ്രസ്‌തുത ദിവസത്തെ അനുസ്‌മരിപ്പിച്ച്‌ കൊണ്ട്‌ ശിയാക്കള്‍ ദുഃഖഗാനങ്ങള്‍ കൊണ്ട്‌ ഈ ദിവസത്തെ സജീവമാക്കാറുണ്ട്‌. ഇത്തരം മാര്‍ഗമൊന്നും ഇസ്‌ലാമികമല്ല. ഇതെല്ലാം വര്‍ജിക്കേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്‌. 

പുണ്യമേറിയ(ആശൂറാഅ്‌, താസൂഅഅ്‌) മുഹറം 9, 10 ഈ മാസത്തിലാണ്‌. നബി(സ) പറഞ്ഞു. റമളാന്‍ കഴിഞ്ഞാല്‍ ശ്രേഷ്‌ഠമായ നോമ്പ്‌ മുഹറത്തിലാണ്‌. മുഹറം മാസത്തിലൊരാള്‍ നോമ്പനുഷ്‌ഠിച്ചാല്‍ അതിന്‌ 30 ദിവസത്തെ നോമ്പിന്റെ പ്രതിഫലം ലഭിക്കുന്നതാണ്‌. (ത്വബ്‌റാനി) മദീനയിലെത്തിയ പ്രവാചകര്‍ യഹൂദികളോട്‌ മുഹറത്തെ കുറിച്ച്‌ ചോദിച്ചതും നോമ്പനുഷ്‌ഠിക്കാന്‍ നിര്‍ദ്ദേഷിച്ചതും പ്രസിദ്ദമാണ്‌.

എന്നാല്‍, ഈഅനുഗ്രഹീത മാസത്തില്‍ ഇസ്‌ലാമില്‍ ഒരടിസ്ഥാനവുമില്ലാത്ത അന്ധവിശ്വസങ്ങളും അനാചാരങ്ങളും വച്ചു പുലര്‍ത്തുന്ന ചിലരെ കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ മുഹറം മാസം മാഞ്ഞു കാണുന്നത്‌ കൊണ്ടോ വിവാഹം, സല്‍ക്കാരം എന്നിവ മുഹര്‍റം 10 ന്‌ മുമ്പ്‌ നടത്തുന്നത്‌ കൊണ്ടോ ഇസ്‌ലാമില്‍ യാതൊരു തെറ്റുമില്ല.

ചുരുക്കത്തില്‍, ശാന്തിയും സമാധാനവും നഷ്‌ടപ്പെട്ട അനേകം പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സത്യത്തിനും സഹനത്തിനും വേണ്ടി നിലകൊള്ളാനും സമാധാനത്തോടും വിവേകപൂര്‍ണതയോടും കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും ഈ മുഹറത്തോടെയെങ്കിലും നാമേവരും പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്‌.-
-ഇബ്രാഹീം ഫൈസി പേരാല്‍