മമ്പുറം നേര്‍ച്ചക്ക് ഭക്തിനിര്‍ഭരമായ തുടക്കം

തിരൂരങ്ങാടി: ഖുതുബുസ്സമാന്‍ സയ്യിദ് അലവി മൌലദ്ദവീല തങ്ങളവര്‍കളുടെ നൂറ്റി എഴുപത്തിനാലാം ആണ്ടുനേര്‍ച്ചക്ക് മമ്പുറം മഖാമില്‍ ഭക്തി നിര്‍ഭരമായ തുടക്കം. കേരളത്തിലെ ആത്മീയ സാംസ്‌കാരിക രംഗങ്ങളില്‍ മഹത്തായ മാതൃകകള്‍ സമര്‍പ്പിച്ച മമ്പുറം തങ്ങളുടെ ആണ്ടുനേര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് മഖാമിലെത്തിയത്. സാമുദായിക സൗഹാര്‍ദ്ദത്തിനായി ജീവിതം സമര്‍പ്പിച്ച തങ്ങളുടെ സന്നിധിയിലേക്ക് ഇനിമുതല്‍ ജാതിമത ഭേദമന്യേ പതിനായിരങ്ങളൊഴുകിയെത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന കൂട്ടസിയാറത്തിന് ശേഷം മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ പതാകയുയര്‍ത്തിയതോടെയാണ് ഒരാഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന ആണ്ടുനേര്‍ച്ചക്ക് തുടക്കമായത്.
 മമ്പുറം ഖത്തീബ് വി.പി അബ്ദുല്ലക്കോയതങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ചെമുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി, യു. ശാഫി ഹാജി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി മേല്‍മുറി, സി.കെ അഹമദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
മഗ്രിബ് നിസ്‌കാരാനന്തരം നടന്ന സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. ഇന്ന് വൈകീട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അദ്ധ്യക്ഷത വഹിക്കും. 
നാളെ വൈകിട്ട് നടക്കുന്ന മത പ്രഭാഷണ സദസ്സില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും ഷാജഹാന്‍ റഹ്മാനി കംബ്‌ളക്കാട് പ്രഭാഷണവും നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, മുസ്ഥഫ ഹുദവി ആക്കോട്, ഉമര്‍ ഹുദവി പൂളപ്പാടം, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.21 ന് വൈകീട്ട് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദിക്‌റ് ദുആക്ക് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നേതൃത്വം നല്‍കും, സൈതാലി ഫൈസി അരിപ്ര അനുസ്മരണ പ്രഭാഷണവും സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് തങ്ങള്‍ പ്രാര്‍ത്ഥനയും നടത്തും. പരിപാടിയില്‍ സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, അയ്യായ ഉസ്താദ്, ഹാജി എ. മരക്കാര്‍ മുസ്ലിയാര്‍, ഹാജി കെ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സൈതലവി ഫൈസി കോറാട് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
സ്വലാത്തിന് വന്‍ ജനപ്രവാഹം
Mampurm.jpg
മമ്പുറം: എല്ലാ വെള്ളിയാഴ്ച രാവുകളിലും നടത്തപ്പെടുന്ന മമ്പുറം സ്വലാത്തിന് ഇന്നലെ വന്‍ ജനപ്രവാഹം. ആണ്ടുനേര്‍ച്ചയുടെ തുടക്കവും വെള്ളിയാഴ്ചരാവും ഒരുമിച്ചു വന്നതിനാല്‍ പുണ്യം തേടിയെത്തിയെ വിശ്വാസി പ്രവാഹം മഖാമിനെ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടിച്ചു. മഖാം മജ്‌ലിസും ഗ്രൗണ്ടും കവിഞ്ഞ് വഴിയോരങ്ങളില്‍ നിന്നാണ് പലരും സ്വലാത്തില്‍ പങ്കെടുത്തത്. ഉദ്ദേശ സാഫല്യത്തിന് കേളികേട്ട സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കി.