മമ്പുറം നേര്‍ച്ചക്ക് ഇന്ന് (വ്യാഴം)കൊടിയിറങ്ങും

അന്നദാനം ഇന്ന് രാവിലെ 9.30മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ

മമ്പുറം : കേരളത്തിലെ ആത്മീയ-മത-സാംസ്കാരിക രംഗങ്ങളില്‍ നിസ്തുല സേവനങ്ങളര്‍പ്പിച്ച മമ്പുറം തങ്ങളുടെ 174-ാം ആണ്ടുനേര്‍ച്ചക്ക് ഇന്നു കൊടിയിറങ്ങും. മതപ്രഭാഷണം, കൂട്ടസിയാറത്ത്, മൌലിദ് സദസ്സുകള്‍ തുടങ്ങി വിവിധയിനം പരിപാടികളോടെ ഒരാഴ്ചയോളമായി നടന്നുവരുന്ന ആണ്ടുനേര്‍ച്ചയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് ദിനേന മമ്പുറത്തേക്കൊഴുകിയെത്തുന്നത്. ഇന്ന് (22) രാവിലെ 9.30ന് തുടങ്ങി ഉച്ചക്ക് രണ്ടു മണി വരെ നീണ്ടു നില്‍ക്കുന്ന അന്നദാനത്തോടെ സമാപന ചടങ്ങുള്‍ക്ക് തുടക്കമാവും. അന്നദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. ഒരു ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കാവുന്ന വിധത്തില്‍ സജ്ജീകരിച്ച പ്രത്യേക കൌണ്ടറുകള്‍ വഴിയാണ് വിതരണം നടക്കുക. 
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൌലിദ്, ഖത്മ് ദുആ മജ്ലിസിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. മഗ്രിബ് നമസ്കാരനന്തരം നടക്കുന്ന സ്വലാത്ത് മജ്ലിസോടെയാണ് നേര്‍ച്ചക്ക് ഔദ്യോഗിക വിരാമമാവുക. മജ്ലിസിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ശൈഖുനാ സി. കോയക്കുട്ടി മുസ്ലിയാര്‍ ആനക്കര നേതൃത്വം നല്‍കും. നേര്‍ച്ചയുടെ സമാപനവും വ്യാഴാഴ്ചയും ഒരുമിച്ചു വന്നതിനാല്‍ വന്‍ജനസാന്നിധ്യം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനത്തിരക്ക് മാനിച്ച് ഇന്ന് (22) ആറു മണി മുതല്‍ രാത്രി 10 വരെ മമ്പുറം പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്.
മായം ചേര്‍ക്കുന്ന മാധ്യമ നിലപാടുകള്‍ അപലനീയം: സ്വാദിഖലി ശിഹാബ് തങ്ങള്‍
മമ്പുറം : സത്യസന്ധമായ വാര്‍ത്തകള്‍ വായനക്കാര്‍ക്കെത്തിക്കേണ്ട മാധ്യമങ്ങള്‍ തങ്ങളുടെ ഒളിയജണ്ടകള്‍ നടപ്പിലാക്കാല്‍ വേണ്ടി മാത്രം പേനയുന്തരുതെന്നും അത്തരം നിലപാടുകള്‍ അപലനീയമാണെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. മമ്പുറം നേര്‍ച്ചയോടനുബന്ധിച്ച് നടന്ന ദിക്‌റ് ദുആ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ശബ്ദിക്കുന്നവരെ ഭീകരവാദികളാക്കി ചിത്രീകരിച്ച് അവരുടെ ചെറുത്ത് നില്‍പിനെ ഭീകര പ്രവര്‍ത്തനമായി അവതരിപ്പിക്കുന്ന ചില കോര്‍പറേറ്റ് മാധ്യമ കാഴ്ചപ്പാടുകളെ സമുഹം തിരിച്ചറിയേണ്ടതുണ്ട്. പലസ്തീനിലെ ദാരുണ കാഴ്ചകള്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുന്നത് പേടിച്ച് വാര്‍ത്താ വിനിമയ സമുച്ചയങ്ങള്‍ക്ക് മീതെ ബോംബുകള്‍ വര്‍ഷിപ്പിച്ച ഇസ്രായേലിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ ലോകനേതാക്കള്‍ പ്രതികരികേണ്ടെതുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ദിക്ര്‍ - ദുആ സദസ്സിന് നേതൃത്വം നല്‍കി. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാളി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, വി.പി അബ്ദുല്ല കോയ തങ്ങള്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, അയ്യായ ഉസ്താദ്, സൈതാലി ഫൈസി അരിപ്ര, ഹാജി എ മരക്കാര്‍ മുസ്ലിയാര്‍, ഹാജി കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സൈതലവി ഫൈസി കോറാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
കര്‍മ്മ സജ്ജരായി നാട്ടുകാര്‍
മമ്പുറം : മമ്പുറം മഖാമിലേക്കെത്തുന്ന അതിഥികള്‍ക്ക് വേണ്ട സൌകര്യങ്ങളൊരുക്കുന്ന നാട്ടുകാര്‍ തീര്‍ത്ഥാടകരുടെ പ്രശംസ പിടിച്ചു പറ്റുന്നു. മമ്പുറം തങ്ങളുടെ 174-ാം ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് പതനായിരങ്ങളാണ് മഖാമിലേക്കൊഴുകുന്നത്. ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമേല്‍ക്കാതെ തീര്‍ത്ഥാടനത്തിനുള്ള അവസരമൊരുക്കുകയാണ് സേവനസജ്ജരായ മമ്പുറത്തെ വളണ്ടിയര്‍മാര്‍. സന്ദര്‍ശക പ്രവാഹം മൂലം യാത്ര ദുസ്സഹമായ മമ്പുറത്തെ ഇടുങ്ങിയ പാലത്തിലൂടെയുള്ള വാഹനങ്ങളുടെ സുഗമമായ ഗതാഗതം പൂര്‍ണമായും ഇവരുടെ നിയന്ത്രണത്തിലായിരുന്നു. പാര്‍ക്കിംഗ്, ഭക്ഷണ വിതരണം, വേദിസജ്ജീകരണം, വെള്ളം, വെളിച്ചം തുടങ്ങി വിവിധ വിഭാഗങ്ങളായാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വി.പി അബ്ദുല്ലക്കോയ തങ്ങള്‍ ചെയര്‍മാനും റിയാസ് പി.വി കണ്‍വീനറുമായ സമിതിയാണ് നേതൃത്വം നല്‍കുന്നത്. എ.കെ മൊയ്തീന്‍ കുട്ടി, എം.വി സൈതലവി ഹാജി, കെ. സലീം, ഒ. യാസിര്‍, കെ.പി സൈതലവി, വി.ടി സലാം തുടങ്ങിയവരാണ് മറ്റു അംഗങ്ങള്‍. 
മമ്പുറത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകി ഓമച്ചപ്പുഴ എസ്.കെ.എസ്.എസ്.എഫ്, മമ്പുറം 'സാന്ത്വനം' തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ മധുരപാനീയവും ഫസ്റ് ഐഡൂം ഈ വര്‍ഷവും ഏര്‍പെടുത്തുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.