ഹംസ ബിന്‍ ജമാല്‍ റംലി മഊനത്ത് ജനറല്‍ സെക്രട്ടറി

പൊന്നാനി: പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി സമസ്ത തൃശൂര്‍ ജില്ലാ മുശാവറ മെമ്പര്‍ ഹംസ ബിന്‍ ജമാല്‍ റംലിയെ പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എരുമപ്പെട്ടി റംലി ഓര്‍ഫനേജിന്റെ സ്ഥാപകനായ ഹംസ മൗലവി കഴിഞ്ഞ 30 വര്‍ഷമായി മത-രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പുത്തന്‍പള്ളിയില്‍ ശൈഖ് സൈനുദ്ദീന്‍ റംലി (റ)യുടെ കുടുംബത്തില്‍ മുഹമ്മദ് ജമാലിന്റെയും ഫാത്വിമയുടെയും മകനായി 1960 ല്‍ ജനിച്ചു. എസ്.ടി.യു. മലപ്പുറം ജില്ലാ സെക്രട്ടറി, മുസ്‌ലിം ലീഗ് പൊന്നാനി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റംലി ഹംസ മൗലവിക്ക് ഇബാദ് സംസ്ഥാന കമ്മിറ്റി സ്വീകരണം നല്‍കി. പി.വി. മുഹമ്മദ് കുട്ടി ഫൈസി കറുകത്തിരുത്തി (ദുബൈ സുന്നി സെന്റര്‍) ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് പുതുപൊന്നാനി സ്വാഗതം പറഞ്ഞു. അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, കെ.എം. ശരീഫ് വെളിയങ്കോട്, ശഹീര്‍ അന്‍വരി പുറങ്ങ്, റഫീഖ് ഫൈസി തെങ്ങില്‍, റാഫി പെരുമുക്ക്, റശീദ് ബാഖവി എടപ്പാള്‍, വി.ആസിഫ്, ഹംസ ഹുദവി പ്രസംഗിച്ചു.