പലസ്തീന്‍ ജനതക്കുവേണ്ടി ശബ്ദിക്കുക: അബ്ബാസലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: ഇസ്രയേല്‍ പട്ടാളത്തിന്റെ ക്രൂരതകള്‍ക്ക് ഇരകളായിക്കൊ
ണ്ടിരിക്കുന്ന പാവപ്പെട്ട പലസ്തീനികള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ട സമയമാണിതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. മമ്പുറം സയ്യിദ് അലവി തങ്ങളുടെ 174 ആം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥനകളും ക്രിയാത്മ ഇടപെടലുകളും നടത്തി ലോകത്തിന് മുന്നില്‍ പലസ്തീനികളുടെ നിലനില്‍പിന് വേണ്ടി ശബ്ദിക്കാന്‍ നമുക്ക് സാധിക്കണം. നിരപരാധികളായ ജനതയെ വേട്ടയാടുന്ന ഈ മൃഗീയതക്കെതിരെ ലോക മുസ്‌ലിംകള്‍ ഒന്നടങ്കം പ്രതികരിക്കേണ്ടതുണ്ട്. പിറന്ന മണ്ണില്‍ ജീവിക്കാന്‍ പോലും അനുവദിക്കാത്ത ഇസ്രായേലിന്റെ ഇത്തരം നീച ചെയ്തികളെ ലോക രാഷ്ട്രങ്ങള്‍ അപലപിക്കുകയാണ് ചെയ്യേണ്ടത്. നിഷ്‌കളങ്കരായ പിഞ്ചു കുഞ്ഞുങ്ങള്‍ പോലും സുരക്ഷിതരല്ലെന്ന വാര്‍ത്തകളാണിപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ഇതര രാഷ്ട്രങ്ങള്‍ സ്വീകരിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും തങ്ങള്‍ പറഞ്ഞു. പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ആയുധമെന്നും അടിച്ചമര്‍ത്തപ്പെട്ട ജനതക്ക് വേണ്ടി പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ നാം മുന്‍കൈയ്യെടുക്കണമെന്നും തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു. 
ഉമര്‍ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നടത്തി. ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. സി. യുസുഫ് ഫൈസി മേല്‍മുറി, അലി മൗലവി ഇരിങ്ങല്ലൂര്‍, ചെമ്മുക്കല്‍ കുഞ്ഞാപ്പു ഹാജി, കെ.എം. സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു. എ.പി മുസ്തഫ ഹുദവി അരൂര്‍ സ്വാഗവും ശംസുദ്ദീന്‍ ഹാജി വെളിമുക്ക് നന്ദിയും പറഞ്ഞു. വൈകിട്ട് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ഉദ്‌ബോധന സദസ്സില്‍ അബ്ദുല്‍ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.