കൊച്ചി: പ്രവാചകന്റെ തലമുടിയെന്നു പ്രചരിപ്പിച്ച് മതവികാരം കച്ചവടമാക്കുന്നതിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട് മറുപടി സത്യവാങ്‌മൂലം നല്‍കാന്‍ ഹൈക്കോടതി അന്ത്യ ശാസനം നല്‍കി.
രണ്‌ടാഴ്‌ചയ്ക്കുള്ളില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചില്ലെങ്കില്‍ മറുപടിയില്ലെന്ന് കോടതി പരിഗണിക്കുമെന്ന് ചീഫ്‌ജസ്‌റ്റിസ് മഞ്‌ജുള ചെല്ലൂര്‍, ജസ്‌റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോഴിക്കോട് വടകര സ്വദേശി യു സി അബു നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.

കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരെ കൂടാതെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയിട്ടുള്ളത്. തിരുകേശത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷണം നടത്താത്ത സാഹചര്യത്തിലാണു കോടതിയെ സമീപിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. കേശം മുഹമ്മദ് നബിയുടേതാണെന്നതിന് യാതൊരുവിധ തെളിവുകളുമില്ല. മതവികാരം വില്‍പ്പന നടത്തി പണമുണ്‌ടാക്കുകയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. അതിനാല്‍ ഇതു പൊതുതാല്‍പ്പര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
Related News: വ്യാജ കേശം; കാന്തപുരത്തിനു ഹൈക്കോടതി നോട്ടീസ്
Related News: വ്യാജ കേശം; കാന്തപുരത്തിനു ഹൈക്കോടതി നോട്ടീസ്