റോഹിന്‍ഗ്യാ മുസ്‌ലിംകളുടെ ദുരവസ്ഥ

മ്യാന്‍മറില്‍ റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ക്കെതിരെ സൈന്യവും ബുദ്ധമത തീവ്രവാദികളും നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ജോസ് മാനുവല്‍ ബറോസോ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നുവെന്ന വാര്‍ത്ത ആശ്വാസകരമെങ്കിലും ഈ അതിക്രമത്തില്‍ അന്താരാഷ്ട്രാസമൂഹം ഇതുവരെ കൈക്കൊണ്ട നടപടികള്‍ വെച്ചു നോക്കുമ്പോള്‍ ഒട്ടും പ്രതീക്ഷക്ക് വക നല്‍കുന്നതല്ല. ജൂണ്‍ ആദ്യത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലേറെ മുസ്‌ലിംകള്‍ പലായനം ചെയ്യുകയും ചെയ്തുവെന്നാണ് കണക്കുകള്‍. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 89 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എന്നിന്റെ കണക്കനുസരിച്ച് തന്നെ പലായനം ചെയ്ത 28,108 പേരില്‍ 97 ശതമാനവും മുസ്‌ലിംകളാണ്. 75000ത്തോളം പേര്‍ വിവിധ ക്യാമ്പുകളിലായി കഴിയുന്നു. ലോകമുസ്‌ലിംകള്‍ റമസാനിന്റെ പുണ്യങ്ങള്‍ നേടാന്‍ വ്രതത്തിലും പ്രാര്‍ഥനയിലും മുഴുകിയപ്പോള്‍ റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ ജീവന്‍ നിലനിര്‍ത്താനുള്ള തത്രപ്പാടിലായിരുന്നു.
ഇത്രയും ഗൗരവവും അടിയന്തരപ്രാധാന്യവുമുള്ള വിഷയത്തില്‍ ഇതുവരെയുണ്ടായ അന്താരാഷ്ട്രാ ഇടപെടലുകളെല്ലാം വെറും പ്രസ്താവനകളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ യൂറോപ്യന്‍ കമ്മീഷന്‍ മേധാവിയുടെ വരവില്‍ കാര്യമായെന്നും പ്രതീക്ഷിക്കാനില്ല. അതിക്രമങ്ങള്‍ക്കു പുറമേ നയതന്ത്ര, വ്യാപാര കാര്യങ്ങളും മ്യാന്‍മര്‍ അധികൃതരുമായുള്ള ചര്‍ച്ചയില്‍ വിഷയമാകുമെന്നും ഓര്‍ക്കണം. അന്താരാഷ്ട്ര ഉപരോധങ്ങളെല്ലാം ഏറെക്കുറെ നീങ്ങിയ സാഹചര്യത്തില്‍ മ്യാന്മറുമായി വ്യാപാര-നിക്ഷേപ ബന്ധം ശക്തമാക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ ആഗ്രഹമാണ് ജോസ് മാനുവലിനെ അയക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നത് രഹസ്യമല്ല.
മ്യാന്മറിലെ സംഭവങ്ങളില്‍ എത്രയും വേഗം സ്വതന്ത്രാന്വേഷണം നടത്തണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ നവി പിള്ള ജൂലൈ അവസാനത്തില്‍ ആവശ്യപ്പെട്ടത് ഏറെ പ്രതീക്ഷയോടെയാണ് റാഹിന്‍ഗ്യാ മുസ്‌ലിംകളുടെ ദുരവസ്ഥയില്‍ ദുഃഖിക്കുന്നവര്‍ കണ്ടതെങ്കിലും കാര്യമായ തുടര്‍നടപടികളൊന്നുമുണ്ടായില്ല. അതിക്രമം അവസാനിപ്പിക്കാന്‍ ബാധ്യതയുള്ള സൈന്യം വംശഹത്യയില്‍ പങ്കാളികളാവുകയാണെന്ന നവി പിള്ളയുടെ നിരീക്ഷണം സംഭവത്തിന്റെ ഗുരുതരാവസ്ഥയെ കൃത്യമായി സൂചിപ്പിച്ചിരുന്നങ്കിലും അതിന്റെ ഗൗരവമൊന്നും യു.എന്നിന്റെ തുടര്‍ന്നുള്ള നീക്കങ്ങളില്‍ കണ്ടില്ല. ഒരു വിഭാഗത്തിനു നേരെയുള്ള അക്രമങ്ങള്‍ മ്യാന്‍മര്‍ ഭരണകൂടം നിര്‍ത്തിവെക്കണമെന്നും അക്രമസംഭവങ്ങളെ റോഹിന്‍ഗ്യാ മുസ്‌ലിംകളെ സ്ഥിരമായി ഇല്ലാതാക്കാനുള്ള പോംവഴിയായി എടുക്കരുതെന്നും യു.എന്‍ മനുഷ്യാവകാശ അന്വേഷകരായ തോമസ് ഒജിയ ക്വിന്റാനയും റിതാ ഇസ്ഹാഖും ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ആസിയാന്‍ അടക്കമുള്ള അന്താരാഷ്ട്ര കൂട്ടായ്മകള്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടും റോഹിന്‍ഗ്യാ മുസ്‌ലിംകളോടുള്ള സമീപനം മാറ്റണമെന്ന് നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും മ്യാന്‍മര്‍ സമീപനത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ജനാധിപത്യ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാതെ ഏകാധിപത്യഭരണം തുടരുന്ന സൈനികഭരണകൂടത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന നോബല്‍ പുരസ്‌കാര ജേതാവ് ഓങ്‌സാന്‍ സൂചിക്കും റോഹിങ്ക്യ മുസ്‌ലിംകളുടെ കാര്യത്തില്‍ ഏക അഭിപ്രായമാണുള്ളതെന്നതാണ് ഏറ്റവും വലിയ ദുര്യോഗം. റോഹിഗ്യ മുസ്‌ലിംകള്‍ മ്യാന്‍മര്‍ പൗരന്മാരല്ലെന്നും അവര്‍ രാജ്യം വിടണമെന്നും ആവശ്യപ്പെടുന്ന സൈനികഭരണകൂടം കലാപം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് അവകാശപ്പെടുമ്പോള്‍ റോഹിഗ്യകള്‍ മ്യാന്‍മര്‍ പൗരന്മാരാണോ എന്നറിയില്ല എന്നാണ് സൂചി പറയുന്നത്. ഭരണകൂടഭീകരതക്കെതിരേ എന്നും ശബ്ദമുയര്‍ത്തിയിട്ടുള്ള സൂചി ഈ വിഷയത്തില്‍ ഒളിച്ചുകളി തുടരുന്നതില്‍ നിന്ന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നുണ്ട്. ഒട്ടേറെ കാര്യങ്ങളില്‍ അഭിപ്രായഭിന്നത പുലര്‍ത്തുന്ന സൈനികഭരണകൂടവും ഓങ്‌സാന്‍ സൂചിയും റോഹിന്‍ഗ്യാ മുസ്‌ലിംകളുടെ വിഷയത്തില്‍ അഭിപ്രായ ഐക്യത്തിലെത്തിയത് അദ്ഭുതകരമാണ്. ഗാന്ധിജിയെ മാതൃകയായി കാണുന്നുവെന്ന് അവകാശപ്പെടുന്ന ജനാധിപത്യത്തിന്റെ അപ്പോസ്തലയുടെ ഈ നിലപാട് തീര്‍ച്ചയായും പ്രതിഷേധജനകമാണ്.
ഒരു റോഹിഗ്യ മുസ്‌ലിം യുവാവും ബുദ്ധമതക്കാരിയും തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമെങ്കിലും ഇവര്‍ ഭീതിയുടെ നിഴലിലായിട്ട് നാളുകളേറെയായി. മ്യാന്‍മറിന്റെ ബംഗ്ലാദേശുമായുള്ള അതിര്‍ത്തിക്ക് സമീപമുള്ള അറാകാന്‍ പ്രവിശ്യയില്‍ 800000ത്തോളം റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ അധിവസിക്കുന്നുവെന്നാണ് കണക്ക്. 1982ല്‍ സൈനികഭരണകൂടം പൗരത്വനിയമം കൊണ്ടുവന്ന ശേഷമാണ് അവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായത്. സൈനികഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എന്നും ഇരയായിട്ടുള്ള ഇവര്‍ ഇപ്പോള്‍ കൊലക്കത്തിക്ക് ഇരയാകാന്‍ റോഹിങ്ക്യ മുസ്‌ലിം യുവാവും ബുദ്ധമതക്കാരിയും തമ്മിലുള്ള പ്രണയം ഒരു നിമിത്തമായി എന്നു മാത്രമേയുള്ളൂ. മുന്‍കാലങ്ങളില്‍ റോഹിങ്ക്യ മുസ്‌ലിം അഭയാര്‍ഥികളോട് അയല്‍രാജ്യമായ ബംഗ്ലാദേശ് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആ നിലപാട് അവരില്‍ നിന്ന് ഇല്ലാതായതോടെ ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവര്‍ എന്ന ആരോപണം നേരിടുന്ന ഇവര്‍ കൂടുതല്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
മ്യാന്‍മറിലെ ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ 1994-95 കാലത്ത് ബോസ്‌നിയയില്‍ നടന്ന മുസ്‌ലിം വംശഹത്യയില്‍ യു.എന്‍ കാണിച്ച നിഷ്‌ക്രിയത്വമാണ് ഓര്‍മ വരുന്നത്. ഇറാന്റെ ആണവപ്രശ്‌നത്തിലും നേരത്തെ ഇറാഖിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ കാര്യത്തിലും കാണിച്ച അമിതവും ഒരുപക്ഷേ അനാവശ്യവുമായ ശുഷ്‌കാന്തിയുടെ നേരിയ ഒരംശം മ്യാന്‍മര്‍ വിഷയത്തില്‍ യു.എന്‍ കാണിച്ചിരുന്നെങ്കില്‍ റോഹിന്‍ഗ്യാ മുസ്‌ലിംകളുടെ ഭാവി മറ്റൊന്നാകുമായിരുന്നു.