മഹ­ല്ലു­കള്‍ ഇസ്‌ലാ­മിന്റെ വിള­നിലം: ശൈഖുനാ കോട്ടു­മല ബാപ്പു മുസ്‌­ല്യാര്‍

ചെര്‍ക്കള: ഇസ്‌ലാം വളര്‍ന്നു­വ­രേ­ണ്ടത് മഹ­ല്ലു­ക­ളില്‍നി­ന്നാ­ണെന്നും ഇസ്‌ലാ­മിന്റെ വിള­നി­ല­മാണ് മഹ­ല്ലു­ക­ളെന്നും സമസ്ത സെക്ര­ട്ട­റിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാ­നു­മായ കോട്ടു­മല ടി.­എം. ബാപ്പു മുസ്‌ല്യാര്‍ പറ­ഞ്ഞു. ഇസ്‌ലാ­മി­ക­മായ പാഠ­ങ്ങള്‍ മഹ­ല്ലു­ക­ളില്‍നി­ന്ന് പഠിപ്പിച്ച് ജീവി­ത­ത്തില്‍ പകര്‍ത്തി ഉത്തമ പൗര­ന്മാരെ സൃഷ്ടി­ക്കാന്‍ മഹ­ല്ലു­കള്‍ ശ്രമി­ക്ക­ണം. ഉല­മാ­ക്കളും ഉമ­റാക്കളും ഒന്നി­ച്ചാല്‍ സമു­ദാ­യ­ത്തില്‍ ഒരു­പാട് നല്ല കാര്യ­ങ്ങള്‍ ചെയ്യാന്‍ കഴി­യും. ശിഥി­ലീ­ക­രണ പ്രവര്‍ത്ത­ന­ങ്ങള്‍ മഹ­ല്ലു­ക­ളില്‍നിന്നും തുടച്ച് നീക്കാന്‍ ഓരോ­രു­ത്തരും ശ്രമി­ക്ക­ണ­മെന്നും അദ്ദേഹം പറ­ഞ്ഞു. 
സമസ്ത കേരള സുന്നീ മഹല്ല് ഫെഡ­റേ­ഷന്‍ കാസര്‍കോട് ജില്ലാ ഘട­ക­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ ചെര്‍ക്കള ഖുവ്വ­ത്തുല്‍ ഇസ്‌ലാം ഹയര്‍സെ­ക്ക­ണ്ടറി മദ്ര­സ­യിലെ പാണ­ക്കാട് സയ്യിദ് മുഹ­മ്മ­ദലി ശിഹാബ് തങ്ങള്‍ നഗ­റില്‍ നടന്ന പ്രതി­നിധി സംഗമം ഉദ്ഘാ­ടനം ചെയ്തു സംസാ­രി­ക്കു­ക­യാ­യി­രു­ന്നു അദ്ദേ­ഹം. എസ്.­എം.­എ­ഫ്.­ജി­ല്ലാ പ്രസി­ഡണ്ട് ചെര്‍ക്കളം അബ്­ദുല്ല അധ്യ­ക്ഷത വഹി­ച്ചു. സെക്ര­ട്ടറി ഇബ്രാഹിം മുണ്ട്യ­ത്ത­ടുക്ക സ്വാഗതം പറ­ഞ്ഞു. 
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടു­മല ടി.­എം. ബാപ്പു മുസ്‌ല്യാര്‍, മെമ്പര്‍ സി.­ബി.­അ­ബ്ദുല്ല ഹാജി എന്നി­വര്‍ക്ക് സ്വീക­രണം നല്‍കി. ചെര്‍ക്കളം അബ്­ദുല്ല, മെട്രോ മുഹ­മ്മദ് ഹാജി ഉപ­ഹാരം നല്‍കി. എം.­പി.­എം. സയ്യിദ് സൈനുല്‍ ആബി­ദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ത്ഥന നട­ത്തി. പിണ­ങ്ങോട് അബൂ­ബ­ക്കര്‍ മുസ്‌ല്യാര്‍ ക്ലാസെ­ടു­ത്തു. 
കാഞ്ഞ­ങ്ങാട് സംയുക്ത ഖാസി സയ്യിദ് ജിഫ്‌രി മുത്തു­ക്കോയ തങ്ങള്‍, കീഴൂര്‍­-­മം­ഗ­ലാ­പുരം ഖാസി ത്വാഖ അഹ­മ്മദ് മൗല­വി, ചെര്‍­ക്ക­ള ഖത്വീബ് അബൂ ഹന്നത്ത് കുഞ്ഞു­മു­ഹ­മ്മദ് മൗല­വി, തൃക്ക­രി­പ്പൂര്‍ സംയുക്ത ജമാ­അത്ത് പ്രസി­ഡണ്ട് ടി.­കെ. പൂക്കോയ തങ്ങള്‍, ഇബ്രാഹിം ഫൈസി ജെഡി­യാര്‍, കെ.­ടി.­അ­ബ്ദുല്ല ഫൈസി വെളി­മു­ക്ക്, എ.­ഹ­മീദ് ഹാജി, ടി.­കെ.­സി. അബ്ദുല്‍ ഖാദര്‍ ഹാജി, ടി.­കെ.­കു­ഞ്ഞി­ക്കോയ തങ്ങള്‍, ഖത്തര്‍ ഇബ്രാഹിം ഹാജി കള­നാട്, സി.­എ­ച്ച്. മുഹ­മ്മ­ദ്കുഞ്ഞി ചായിന്റ­ടി, റഷീദ് ബെളി­ഞ്ചം, കണ്ണൂര്‍ അബ്ദു­ല്ല പ്രസം­ഗി­ച്ചു. 
മല­പ്പു­റത്ത് നടന്ന സമസ്ത കേരള ജംഇ­യ്യ­ത്തുല്‍ ഉലമ 85­-ാം വാര്‍ഷിക സമ്മേ­ള­ന­ത്തില്‍ സംസ്ഥാന തല­ത്തില്‍ പത്താം സ്ഥാനവും ജില്ലാ­ത­ല­ത്തില്‍ ഒന്നാം സ്ഥാനവുമായി മാതൃകാ മഹ­ല്ലായി തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട ചെര്‍ക്കളം മുഹ്‌യു­ദ്ദീന്‍ വലിയ ജമാ­അത്ത് പള്ളിക്കും സംസ്ഥാന തല­ത്തില്‍ 32­-ാം സ്ഥാനവും ജില്ലാ­ത­ല­ത്തില്‍ രണ്ടാം സ്ഥാനവും നേടിയ മാതൃകാ മഹ­ല്ലായ പള്ളി­ക്കര തൊട്ടി മുഹ്‌യു­ദ്ദീന്‍ ജമാ­അ­ത്തിനും സംഗ­മ­ത്തില്‍ സര്‍ട്ടി­ഫി­ക്കറ്റും മെമ­ന്റോയും നല്‍കി.