ജില്ലാ ഉലമാ സമ്മേളനവും ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇന്ന്

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി 10-ാം വാര്‍ഷിക 1-ാം സനദ്ദാന സമ്മേളന പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാ ഉലമാ സമ്മേളനവും മുസ്‌ലിം കൈരളിയുടെ ആത്മീയ നായകനും ശംസുല്‍ ഉലമാ അക്കാദമിയുടെ രക്ഷാധികാരിയുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണവും ഇന്ന് (ചൊവ്വ) വെങ്ങപ്പള്ളി അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ 10 മണിക്ക് സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ഒന്നാം സെഷനില്‍ മഹല്ല് ശാക്തീകരണം എന്ന വിഷയത്തെകുറിച്ച് ഫരീദ് റഹ്മാനി കാളികാവും രണ്ടാം സെഷനില്‍ ദഅ്‌വത്ത് എന്ന വിഷയത്തെക്കുറിച്ച് സാലിം ഫൈസി കൊളത്തൂരും ക്ലാസ്സുകളെടുക്കും.
തുടര്‍ന്ന് റമളാന്‍ കാമ്പയിനിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. പരിപാടിയില്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, വി മൂസക്കോയ മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, മൂസ ബാഖവി മമ്പാട് തുടങ്ങി ജില്ലയിലെ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.
ജില്ലയിലെ ഖത്തീബുമാര്‍, മുഅല്ലിംകള്‍ തുടങ്ങി ആയിരത്തോളം വരുന്ന ഉസ്താദുമാര്‍ സംഗമിക്കുന്ന ഉലമാ സമ്മേളനത്തില്‍ ജില്ലയിലെ ദീനീ ദഅ്‌വത്ത് പുഷ്ടിപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ പദ്ധതികളാവിഷ്‌ക്കരിക്കും. ശംസുല്‍ ഉലമാ അക്കാദമി നടത്തുന്ന 10 -ാമത് ഉലമാ സമ്മേളനമാണ് ഇത്. പ്രസ്തുത സംഗമത്തില്‍ മുഴുവന്‍ ഉസ്താദുമാരും കൃത്യസമയം പാലിച്ച് എത്തിച്ചേരണമെന്ന് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ കണ്‍വീനര്‍ സി പി ഹാരിസ് ബാഖവിയും ആവശ്യപ്പെട്ടു.