പുതിയ ഹജ്ജ് കമ്മിറ്റി ഉടന്‍; ചെയര്‍മാന്‍ സ്ഥാനത്തേക്ക് സമസ്ത നേതാക്കള്‍ക്ക് സാധ്യത

മലപ്പുറം: പ്രതിനിധികളെ കണ്ടെത്തുന്നതിലെ അനിശ്ചിതത്വം നീങ്ങിയതോടെ പുതിയ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇന്നോ നാളെയോ നിലവില്‍ വരും. എല്ലാ മുസ്ലിം സംഘടനകള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്ന കമ്മിറ്റിയാണ് പ്രഖ്യാപിക്കുക എന്നും ചെയര്‍മാന്‍ സ്ഥാനം സമസ്ത ക്കവുമെന്നും അറിയുന്നു.
പി.ടി.എ. റഹീം എംഎല്‍എ ചെയര്‍മാനായ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മാസം 23ന് അവസാനിച്ചിരുന്നു. 
16 അംഗ ഹജ്ജ് കമ്മിറ്റിയില്‍ ഒരാള്‍ മലപ്പുറം ജില്ലാ കലക്റ്ററും മറ്റൊരാള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനുമാണ്. ബാക്കി 14 പേരെയാണു പ്രഖ്യാപിക്കേണ്ടത്. രണ്ട് എംഎല്‍എ മാര്‍, മൂന്നു തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവരും  ഉണ്ടാകും.  ഇവരെ നിര്‍ദേശിക്കുന്ന കെപിസിസിയുടെ കത്ത് ലഭിക്കാത്തതിനാലാണ് കമ്മിറ്റിയുടെ പ്രഖ്യാപനം വൈകിയത് എന്നറിയുന്നു.
ചെയര്‍മാന്‍ സ്ഥാനം  സമസ്തക്കവുമെന്നു ഉറപ്പിച്ചതോടെ മുന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍,  ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, അബ്ദു സമദ് പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ക്കെല്ലാം വിവിധ പത്ര മാധ്യമങ്ങള്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്.