വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ധവളപത്രം പുറത്തിറക്കണമെന്ന് മുസ്‌ലിം സംഘടനകള്‍

ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി വിളിച്ചുചേര്‍ത്ത മുസ്ലിം  സംഘടനാ 
നേതാക്കളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ 
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു
കോഴിക്കോട്: കെര ളത്തില്‍ വിവിധ സമുദായങ്ങള്‍ക്ക് നല്കിയിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.
സംവരണം, വിദ്യാര്‍ഥി പ്രവേശം തുടങ്ങിയ വിഷയങ്ങളിലെ വസ്തുതകള്‍ പുറത്ത് വരണം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന അശുഭകരവും ദുരുപദിഷ്ടിതവുമായ നീക്കങ്ങള്‍ അതിജീവിക്കാന്‍ യോഗം തീരുമാനിച്ചു. ഇത്തരം സംഭവങ്ങളില്‍ സമുദായ സംഘടനകള്‍ക്കു ആശങ്കയും പ്രതിഷേധവുമുണ്ടെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ഇസ്ലാമിക്‌ സെന്റര് , ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി എന്നിവയുടെ ചെയര്‍മാനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സാമുദായിക സൗഹാര്‍ദവും മതസൗഹാര്‍ദവും നിലനില്‍ക്കുന്ന കേരളത്തില്‍ വ്യവസ്ഥാപിത മാര്‍ഗത്തില്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ-തൊഴില്‍-സാമൂഹികപരമായ തലം മുന്നോട്ട് പോയിട്ടുണ്ട്. എന്നിരുന്നാലും അര്‍ഹതപ്പെട്ട പലതും വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പലതിലും ലഭിച്ചിട്ടില്ല.
വസ്തുത ഇതായിരിക്കെ ഇപ്പോള്‍ നടക്കുന്ന കടകവിരുദ്ധമായ പ്രചാരണത്തില്‍ പ്രതിഷേധവും നിരാശയുമുണ്ട്. ഇക്കാര്യത്തില്‍ വളരെയധികം സംയമനമാണ് സമുദായം പ്രകടിപ്പിക്കുന്നത്. 
ആരുടേയും ആനൂകുല്യങ്ങള്‍ കവര്‍ന്നെടുക്കാനോ വാരിയെടുക്കാനോ ശ്രമിക്കുന്നില്ല. സമ്മര്‍ദ്ദം ചെലുത്തി നേടിയതുമല്ല. ആരെയും പ്രകോപിക്കാന്‍ ഉദ്ദേശിക്കുന്നില്ല,. എന്നാല്‍ ഈ നീക്കങ്ങളെ സമുദായം തിരിച്ചറിയുന്നുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യകരമായ പ്രതികരണം മാത്രമാണ് സമുദായം നടത്തുന്നത്. സാമൂഹ്യപുരോഗതിക്ക് വിദ്യാഭ്യാസം നേടിയെടുക്കാനുളള പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. 
ഇക്കാര്യത്തില്‍ ഏറ്റുമുട്ടലിന്റെ പാതയില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സാമുദായിക സൗഹാര്‍ദ്ദ വിഷയത്തില്‍ മാധ്യമങ്ങളും അവരുടെ പങ്ക് വഹിക്കണം. വിഷയങ്ങളെ വര്‍ഗീയമായി കാണുന്നത് ശരിയല്ല. അത് സാമൂഹിക സന്തുലിതാവസ്ഥയില്‍ വിള്ളലുണ്ടാകും.
ഇപ്പോഴുള്ള വിവാദങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ല. ഏകപക്ഷീയമായ ചര്‍ച്ചകളാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്  ശൈഖുനാ കോട്ടുമ്മല ടി എം ബാപ്പു മുസ്‌ലിയാര്‍, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,  (സമസ്ത),കടക്കല്‍ അബ്ദുല്‍അസീസ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ),  എം സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല (മുസ്‌ലിംലീഗ്), ഡോ. ഹുസൈന്‍ മടവൂര്‍, സി പി ഉമര്‍ സുല്ലമി (മുജാഹിദ്-മടവൂര്‍ ), എം മുഹമ്മദ് മദനി, പി കെ അഹമ്മദലി മദനി, ഡോ. എം അബ്ദുല്‍അസീസ് ( മുജാഹിദ് -എപി വിഭാഗം), എം കെ മുഹമ്മദലി, പി പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി (ജമാഅത്തെ ഇസ്‌ലാമി), സി ടി സക്കീര്‍ഹുസൈന്‍ (എം ഇ എസ്), പി ടി മൊയ്തീന്‍കുട്ടി (എം എസ് എസ്), എന്‍ജിനീയര്‍ പി മമ്മദ് കോയ, പി എ ഹംസ, സി കെ സുബൈര്‍, പി മുജീബുര്‍റഹ്്മാന്‍, കെ കെ മുഹമ്മദ്, അഡ്വ. എം മുഹമ്മദ്, കെ മൊയ്തീന്‍കോയ അത്തോളി, വി പി അബ്ദുറഹിമാന്‍, കെ പി മുഹമ്മദാലി, പി ഷൗക്കത്തലി, നവാസ് പൂനൂര്‍ (ചന്ദ്രിക), സി ദാവൂദ് (മാധ്യമം), കെ എച്ച് നാസര്‍ (തേജസ്), ടി കെ അബ്ദുല്‍ ഗഫൂര്‍ (സിറാജ്),   ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കണ്‍വീനര്‍മാരായ നടുക്കണ്ടി അബൂബക്കര്‍, മുസ്തഫ മുണ്ടുപാറ, കെ പി സുബൈര്‍ നെല്ലിക്കാപ്പറമ്പ്, നിസാര്‍ ഒളവണ്ണ പ്രസംഗിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസസമിതി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.