വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം തിരിച്ചറിയണം. എസ്. കെ. എസ്. എസ്. എഫ്.

കോഴിക്കോട്: രാഷ്ട്രീയ വിവാദങ്ങളുടെ മറപിടിച്ച് സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തികൊണ്ടിരിക്കുന്നതെന്ന് എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 
മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വര്‍ഷങ്ങളായി മുറവിളി നടക്കുകയും പലപ്പോഴും അത് ചിലരുടെ അസഹിഷ്ണുത കാരണം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. അഞ്ചാം മന്ത്രി വിവാദം, യൂണിവേഴ്‌സിറ്റി ഭൂമി വിവാദം, എ. ഐ. പി സ്‌കൂള്‍ വിവാദം തുടങ്ങിയതെല്ലാം ഉയര്‍ത്തിപ്പിടിച്ച് ഒരു സമുദായം ഇവിടെ എന്തൊക്കെയോ വാരിക്കൂട്ടുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ചിലരുടെ സ്വന്തം കാര്യം സാധിച്ചെടുക്കാനാണ് ഇപ്പോള്‍ ശ്രമം. ഇത്തരം വിവാദങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്ക് ചേരുന്നത് സ്വാഭാവികമാണ്. എന്നാല്‍ യു. ഡി. എഫിലെ ചിലര്‍ തന്നെ ഇതിന് വളം വെച്ച്‌കൊടുക്കുന്ന നിലപാട് വിഷയത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. വിവാദങ്ങള്‍ക്കിടയില്‍ ഈ വസ്തുതകള്‍ പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. വര്‍ഗീ ധ്രുവീകരണത്തിന് അവസരമൊരുക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. വൈസ് പ്രസിഡണ്ട് നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തലൂര്‍, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, അബ്ദുറഹീം ചുഴലി, സൈതലവി റഹ്മാനി ഗൂഡല്ലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ബാസ് ദാരിമി മംഗലാപുരം, അബ്ദുള്ള കുണ്ടറ, നവാസ് പാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.