
സമകാലിക സാഹചര്യത്തില്‍ മുസ്ലിം സമൂഹത്തിന്റെ ഈ ഐക്യദാര്‍ഢ്യവും, പിന്‍ബലവൂം ഏറെ അര്‍ഹിക്കുന്നവരാണ് യമനിലെ മുസ്ലിംകള്‍ . അടുത്തിടെയുണ്ടായ ചില ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളാല്‍ ഏറെ പരിതാപകരമായിരിക്കുകയാണ് നമ്മുടെ ഈ അയല്‍രാജ്യത്തിന്റെ അവസ്ഥ. ലോല ഹ്യദയരും , വിജ്ഞാനത്തിന്റെയും യുക്തിയുടെയും ആധികാരിക അവകാശികളും എന്ന് പ്രവാചകരാല്‍ വിശേഷിപ്പിക്കപ്പെട്ട യമനീ സമൂഹമിന്ന് അരക്ഷിതത്വത്തിന്റെയും , വിഭവ ശോഷണത്തിന്റെയും കൈപുനീര്‍ രുചിച്ചുകൊംണ്ടിരിക്കുകയാണ്. അവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ജീവിത സാഹചര്യം അവരുടെ ജീവിതത്തെ നരകതുല്യമാക്കിയിരിക്കുന്നു. പോഷകാഹാരക്കുറവു മൂലം മരിച്ചു വീഴുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. ഈയൊരു അസന്നിഗ്ദ ഘട്ടം തരണം ചെയ്യാന്‍ യമനീ സമൂഹത്തെ സാമ്പത്തികമായും , സാങ്കേതികമായും മറ്റെല്ലാ തലങ്ങളിലും പിന്തുണക്കേണ്ടത് നമ്മുടെ അനിവാര്യത ബാധ്യത തന്നെയാണ്.
നമ്മുടെ ഔദാര്യമെന്നതിലുപരി നമ്മുടെ ബാധ്യതയായി ഇക്കാര്യങ്ങള്‍ നമ്മളേറ്റെടുത്തേ മതിയാവു. വിശുദ്ധ ഇസ്ലാമിന്റെ വക്താക്കളായ നമ്മെ സംബന്ധിച്ച് ഏറെ പ്രതിഫലാര്‍ഹമായ ഒരു പുണ്യ കര്‍മ്മം കൂടിയാണത്. അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ സല്‍കര്‍മ്മമായി പ്രവാചകര്‍ (സ) പരിചയപ്പെടുത്തിയത് പ്രയാസമനുഭവിക്കുന്ന ഒരു മുസ്ലിമിന് സാന്ത്വനത്തിന്റെ കുളിര്‍ സ്പര്‍ശമേകി അവനെ സന്തോഷിപ്പിക്കുക എന്നതാണ്. അവന്റെ വിശപ്പകറ്റാനാവശ്യമായ ഭക്ഷണം നല്‍കിയോ, അവന്റെ കടബാധ്യതകളില്‍ നിന്നു കരകയറാന്‍ സാമ്പത്തിക സഹായം നല്‍കിയോ. അതുമല്ലെങ്കില്‍ അവനകപ്പെട്ട പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ ശാരീരികമായി സഹായിച്ചോ ഈ പുണ്യം നേടാനാവുമെന്ന വിശദീകരണവും അവിടുന്ന് നല്‍കുകയുണ്ടായി .
ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു പ്രവാചക വചനം ഇപ്രകാരം സംഗ്രഹിക്കാം പ്രവാചകര്‍ (സ) പറഞ്ഞു ആരെങ്കിലുമൊരുത്തന്‍ ഒരു സത്യവിശ്വാസിയുടെ ഭൗതികമായ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ സഹായിച്ചാല്‍ നാളെ അന്ത്യനാളിന്റെ ഭയാനകതയില്‍ ഇവന്റെ പ്രയാസങ്ങള്‍ അല്ലാഹു ദൂരീകരിക്കും. ആരെങ്കിലുമൊരാള്‍ കഷ്ടപ്പെടുന്നവന് ഭൗതിക ലോകത്ത് ആശ്വാസം പകര്‍ന്നാല്‍ ഇരുലോകങ്ങളിലും അല്ലാഹു അവന് ആശ്വാസം പകരും. ആരെങ്കിലുമൊരാള്‍ ഭൗതികലോകത്ത് ഒരു വിശ്വാസിയുടെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍ ഇരു ലോകങ്ങളിലും അവന്റെ ന്യൂനതകള്‍ അല്ലാഹു മറച്ചു വെക്കും. ഒരടിമ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം അല്ലാഹു ഈ അടിമയെ സഹായിച്ചു കൊണ്ടേയിരിക്കും
ഇത്തരം കാര്യങ്ങളിലേക്കായി മനുഷ്യന്‍ ചിലവഴിക്കുന്ന ഓരോ നാണയത്തുട്ടും പതിന്‍മടങ്ങായി അല്ലാഹു തിരിച്ചു നല്‍കുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ വിവിധ ഇടങ്ങളില്‍ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഇത്തരം പ്രയാസങ്ങളനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ധനശേഖരണമടക്കമുള്ള പ്രോല്‍സാഹനങ്ങള്‍ പ്രവാചകര്‍ (സ) നടത്തിയിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരിക്കല്‍ നഗ്നപാദരും, അല്‍പവസ്ത്രരുമായി ദാരിദ്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിക്കാണും വിധമുള്ള ഒരു കൂട്ടമാളുകള്‍ പ്രവാചകരുടെ മുന്നിലെത്തി. കാഴ്ചകണ്ട് അവിടുത്തെ മുഖം വിവര്‍ണ്ണമാവുകയും, ജനങ്ങളെ വിളിച്ചു കൂട്ടി നിസ്‌കാരം നിര്‍വഹിച്ച ശേഷം , ഇത്തരം വിഭാഗങ്ങള്‍ക്ക് സഹായമെത്തിച്ചു നല്‍കേണ്ടതിനെക്കുറിച്ച് വളരെ ഗൗരവത്തോടെ അവിടുന്ന് സംസാരിക്കുകയും ചെയ്തു . തുടര്‍ന്ന് പ്രവാചകരുടെ ശബ്ദത്തിന്റെ ഗൗരവമുള്‍ക്കൊണ്ട അനുയായികള്‍ ഭക്ഷ്യധാന്യങ്ങളും, വസ്ത്രങ്ങളും, പണക്കിഴികളുമായി വന്ന് പ്രവാചകര്‍ക്കുമുന്നില്‍ ഒരുമിച്ചു കൂട്ടുകയും ഈ സമൂഹത്തെ സഹായിക്കുന്നതില്‍ തന്റെ അനുയായികള്‍ കാണിച്ച സന്നദ്ധത കണ്ട് പ്രവാചകരുടെ മുഖം പ്രസന്നമാവുകയും ചെയ്തുവെന്ന് ഒരു സ്വഹാബി ഉദ്ധരിച്ച ഹദീസില്‍ കാണാം.
ഇത്തരത്തില്‍ വിശക്കുന്നവന് ഭക്ഷണവും, ദാഹിക്കുന്നവന് ദാഹജലവും നല്‍കുന്നതടക്കമുള്ള ദാനധര്‍മ്മങ്ങള്‍ക്ക് അവര്‍ണനീയമായ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. യമനിലെ ഒരുകോടിയോളം വരുന്ന ജനസമൂഹം ദാരിദ്യത്തിന്റെ പടുകുഴിയിലകപ്പെട്ടിരിക്കുകയാണിന്ന്. ഒരു മില്യണിലധികം പിഞ്ചു കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവിന്റെയും, മറ്റും പ്രയാസങ്ങളില്‍ പെട്ട് നീറിക്കൊണ്ടിരിക്കുന്നു. നമ്മുടെ സഹായഹസ്തങ്ങള്‍ വൈകുന്തോറും അവരുടെ ദൈന്യത കൂടുതല്‍ ഭയാനകമായിക്കൊണ്ടിരിക്കും. അതിനാല്‍ നാം നമ്മുടെ ഉത്തരവാദിത്വ നിര്‍വഹണത്തിന് സജ്ജരാവുക. നമ്മുടെ സഹോദരങ്ങളുടെ കണ്ണുനീരൊപ്പാന്‍ നാം കൈകള്‍ കോര്‍ത്തുപിടിക്കുക.