സമസ്ത: ഖുര്‍ആന്‍ പൊതു പരീക്ഷ ജൂലൈ 8ന്; 2.02 ലക്ഷം കുട്ടികള്‍ പങ്കെടുക്കും

 ഖുര്‍ആന്‍ പഠനം;  ഇന്ന് പള്ളികളില്‍  ബോധവല്‍ക്കരണം നടത്തുക
Samasthalayam Chelari's profile photoചേളാരി: കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍,മലേഷ്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് റജിസ്‌ത്രേഷനുള്ള മദ്‌റകളില്‍ 6513 സെന്ററുകളിലായി 60235 ആണ്‍കുട്ടികളും, 56295 പെണ്‍കുട്ടികളുമുള്‍പ്പെടെ 116530 കുട്ടികളും, 7-ാം തരത്തില്‍ 5702 സെന്ററുകളിലായി 44878 ആണ്‍കുട്ടികളും, 40674 പെണ്‍കുട്ടികളുമുള്‍പ്പെടെ 85552 കുട്ടികളും ആകെ 2,02,082 വിദ്യാര്‍ത്ഥികള്‍ 2012 ജൂലായ് 8ന് ഞായറാഴ്ച ഖുര്‍ആന്‍ പൊതുപരീക്ഷയില്‍ പങ്കെടുക്കും. കാലത്ത് 7 മണിക്ക് അതത് മദ്‌റസകളിലെ ഹിസ്ബ് പാസായ അധ്യാപകന്റെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മിറ്റിയുടെ സാന്നിദ്ധ്യത്തിലാണ് പരീക്ഷ. അഞ്ച്, ഏഴ് ക്ലാസുകളിലെ ഖുര്‍ആന്‍ മുഴുവനുമാണ് പരീക്ഷക്ക് നിശ്ചയിച്ചിരിക്കുന്നത്. ഖുര്‍ആനിലെ ഏതെങ്കിലും ഭാഗത്തു നിന്ന് നാല് ആയത്തുകള്‍ വീതം കുട്ടികളെ കൂട്ടായി ഇരുത്തി ഓരോ കുട്ടിയെകൊണ്ടും മുസ്ഹഫില്‍ നോക്കി ഓതിക്കണം. കൂടാതെ അഞ്ചാം ക്ലാസില്‍ സൂറത്തു യാസീനില്‍ നിന്നും, ഏഴാം ക്ലാസില്‍ സൂറത്തുല്‍ വാഖിഅയില്‍ നിന്നും രണ്ട് ആയത്തുകള്‍ വീതം മുസ്ഹഫില്‍ നോക്കി ഓതിക്കണം. പരീക്ഷക്ക് മാര്‍ക്ക് ഉച്ചാരണ ശുദ്ധി (25 മാര്‍ക്ക്), നിയമം (35 മാര്‍ക്ക്), തുടക്കവും വിരാമവും (20 മാര്‍ക്ക്), ശബ്ദഭംഗി, ശൈലി(20 മാര്‍ക്ക്) എന്നീ ക്രമത്തിലാണ്.
വിശുദ്ധ ഖുര്‍ആന്‍ പഠനവും, പാരാണയവും ശക്തിപ്പെടുത്തുന്നതിന്ന് ഇന്ന് പള്ളികളില്‍ ഖത്തീബുമാര്‍ ജുമുഅക്ക് ശേഷം ഖുര്‍ആന്‍ പഠന ബോധവല്‍ക്കരണ പ്രസംഗം നടത്താന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍, ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പള്ളി മദ്‌റസ ഭാരവാഹികളോടും ഖത്തീബുമാരോടും അഭ്യര്‍ത്ഥിച്ചു.