അറബ്‌ വസന്തം; ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കം മുതലെടുപ്പിന്‌ : SYS

കോഴിക്കോട്‌ : ചില അറബ്‌ രാഷ്‌ട്രങ്ങളില്‍ നടന്ന വിപ്ലവവും തുടര്‍ന്നുണ്ടായ ഭരണമാറ്റവും ഉയര്‍ത്തികാട്ടി ഇന്ത്യയിലും സമാന വിപ്ലവത്തിന്‌ യുവജനങ്ങളെ സജ്ജമാക്കാന്‍ സാധിക്കുമോ എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പരീക്ഷണം വെല്‍ഫയര്‍ പാര്‍ട്ടിയുടെ ഭാവി ലക്ഷ്യം വെച്ചാണെന്ന്‌ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി. മുഹമ്മദ്‌ ഫൈസി, ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ്‌ ഫൈസി, പിണങ്ങോട്‌ അബൂബക്കര്‍, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ.എ.റഹ്‌മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. 

സദ്ദാം ഹുസൈനെ ഒരു ഘട്ടത്തില്‍ ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭം ഉണ്ടാക്കിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ കടം കൊണ്ടതാവണം ഈ ശൈലി. കൈറോവിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചു കൂടിയ ലക്ഷങ്ങള്‍ കാണിച്ച ധര്‍മ്മ ബോധവും സമാധാന സംരക്ഷണ ശീലവും പ്രചരിപ്പിക്കാതെ ഭരണകൂടങ്ങള്‍ക്കെതിരില്‍ യുവസമൂഹത്തെ തിരിച്ചുവിടാനാണ്‌ ജമാഅത്തെ ഇസ്‌ലാമി പരീക്ഷണം നടത്തുന്നത്‌. തഹ്‌രീര്‍ സ്‌ക്വയര്‍ സ്വയം വൃത്തിയാക്കി മാതൃക കാണിച്ച പ്രക്ഷോഭകരെ പകര്‍ത്താനല്ല ഹുസ്‌നീ മുബാറക്കെന്ന ഏകാധിപതിയുടെ പ്രതിബിംബങ്ങളായി ഭരണാധികാരികളെ പരിചയപ്പെടുത്താനാണ്‌ ജമാഅത്ത്‌ ശ്രമം. 

ഭരണകൂട ഭീകരതയുടെ അടയാളങ്ങളായി കോടതികളെപോലും അവതരിപ്പിച്ച്‌ തീവ്രമനസ്സുകള്‍ സൃഷ്ടിക്കാനും അവരിലൂടെ രാഷ്‌ട്രീയ അക്ക സംഖ്യ ഒപ്പിച്ച്‌ രാഷ്‌ട്രീയ ഇടം നേടാനുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കം പ്രബുദ്ധ കേരളത്തില്‍ വിലപ്പോവില്ലെന്നും നവസമൂഹം വഞ്ചിതരാവരുതെന്നും നേതാക്കള്‍ പറഞ്ഞു.