സമസ്ത സമ്മേളനം വന്‍ വിജയമാക്കുക, "ഖാഫില ജിദ്ദ" സ്നേഹ സംഗമംജിദ്ദ : കേരള ഇസ്ലാമിക് ക്ലാസ് റൂം ജിദ്ദാ പ്രവര്‍ത്തകരുടെ കൂട്ടായ്മ "ഖാഫില ജിദ്ദ" സ്നേഹ സംഗമം, സമസ്ത സമ്മേളന പ്രചാരണങ്ങള്‍ക്ക് രൂപം നല്‍കി.  ജിദ്ദ ഷറഫിയയില്‍  ഉസ്താദ് ടി.എഛ് ദാരിമി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം മുസ്തഫ ബാഖവി ഊരകം ഉദ് ഘാടനം ചെയ്തു. മുജീബ്  റഹ് മാന്‍ റഹ് മാനി, ഉസ്മാന്‍ എടത്തില്‍ തുടങ്ങിയവര്‍ പ്രവര്‍ത്തകരെ പരസ്പരം പരിചയപ്പെടുത്തി. 
ശബ്ദ പരിചയം മാത്രമുള്ള പലരും  മുഖത്തോട് മുഖം കണ്ടപ്പോള്‍ , അനിര്‍വചനീയമായൊരു അനുഭൂതിയായി മാറി സ്നേഹ സംഗമം.
സമസ്ത സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി സ്വന്തം നാട്ടിലും പ്രവര്‍ത്തന മേഖലകളിലും കാര്യ ക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രവാസി സമൂഹത്തിനു കഴിയും . ഓരോ  പ്രവാസിയും ഓരോ കുടുംബത്തിന്റെ പ്രതിനിധികള്‍ എന്നതിനപ്പുറം ഓരോ മഹല്ലതിന്റെയും, നാട്ടിലെ ദീനീ സ്ഥാപനങ്ങളുടെയും  പൊതു സമൂഹത്തിന്റെയും സര്‍വ രംഗങ്ങളിലേയും സാമ്പത്തിക സ്രോതസ് എന്ന നിലയില്‍ നാട്ടില്‍ നടക്കുന്ന ഏത് സംരംഭങ്ങളിലും അവരുടെ ക്രിയാത്മകമായ ഇടപെടലുകള്‍ വലിയ സ്വാധീനം ചെലുത്തും. അത് കൊണ്ട്  നേരിട്ട് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ സാധ്യമായത്ര ആളുകള്‍ അവരവരുടെ അവധി ക്കാലം സമ്മേളന സമയം ഉള്‍പ്പെടുത്തി ആസൂത്രണം ചെയ്യുകയും , സാധ്യമല്ലാത്തവര്‍ക്ക് വേണ്ടി സമ്മേളനത്തിന്റെ തത്സമയം കേരള ഇസ്ലാമിക് ക്ലാസ് റൂമിലൂടെ ലഭ്യമാക്കാന്‍ പ്രയത്നിക്കുകയും ചെയ്യുക, സംഗമം അഭിപ്രായപ്പെട്ടു .  സമ്മേളന സപ്ലിമെന്റു പുറത്തിറക്കാനും, സമ്മേളന നഗരിയില്‍ "ഖാഫില ജിദ്ദ സ്റ്റാള്‍" ഒരുക്കാനും ഇതിലൂടെ  കേരളാ ഇസ്ലാമിക് ക്ലാസ് റൂം പരിചയപ്പെടുത്താനും സംഗമം പ്രതിനിധികളെ ചുമതലപ്പെടുത്തി. ജിദ്ദ യില്‍ നിന്നും ക്ലാസ് റൂമില്‍ പുതിയ ലൈവ് ക്ലാസുകള്‍ തുടങ്ങാനും, നിലവില്‍ ക്ലാസ് റൂമിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രോതാക്കള്‍ പ്രതീക്ഷിക്കുന്ന പരിഷ്കരണ നിര്‍ദേശങ്ങള്‍ ക്ലാസ് റൂം അധികൃതര്‍ക്ക് സമര്‍പ്പിക്കാനും തീരുമാനമായി. 
കേരളാ  ഇസ്ലാമിക് ക്ലാസ് റൂം ( അറുപത്തി രണ്ടു  ഐ. ഡി അംഗങ്ങള്‍ ഉള്‍പ്പെടെ  ) എഴുപതിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.  സമസ്തയുടെ മണ്മറഞ്ഞ നേതാക്കള്‍ക്കും,  തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുമായി സംഗമത്തില്‍ പ്രത്യേക പ്രാര്‍ത്ഥന സെഷന്‍ നടന്നു. ഗഫൂര്‍ അരിമ്പ്ര ഗാനമാലപിച്ചു. പ്രവര്‍ത്തകര്‍ അവരവരുടെ ഐ.ഡി, ക്ലാസ് റൂം അനുഭവങ്ങള്‍, പ്രാസ്ഥാനിക പശ്ചാത്തലം, സേവന മേഖലകള്‍ , സന്നദ്ധത എല്ലാം വിവരിച്ചപ്പോള്‍ ടി.എഛ് ദാരിമി, ദഅവാ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയെ കുറിച്ചും  മള്‍ട്ടി മീഡിയാ മാധ്യമമാക്കി പ്രബോധന പ്രവര്‍ത്തനങ്ങളുടെ അനന്ത സാധ്യതകളെ കുറിച്ചും വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍  സംഗമത്തിന് സമര്‍പ്പിച്ചു. 
ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച സംഗമം വൈകുന്നേരം മഗ് രിബു  വരെ നീണ്ടു പോയി. ടേസ്റ്റി ഓഡിറ്റോറിയത്തില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ടു നിന്ന ഒരു സംഗമം എങ്കിലും യാത്ര പറഞ്ഞു പിരിയുമ്പോള്‍ , ഓരോരുത്തരും തങ്ങള്‍ ക്കേറ്റവും പ്രിയപ്പെട്ടവരെ പിരിയുമ്പോഴെന്ന  പോലെ, വീണ്ടും വീണ്ടും വാക്കുകള്‍ക്കായി പരതുന്ന പോലെ ...  
- ഉസ്മാന്‍ എടത്തില്‍ , ജിദ്ദ