വിവാഹ മോചനക്കേസ്സുകളുടെ എണ്ണം കേരളത്തില്‍ കൂടിക്കൂടി വരുന്നു. കുടുംബ കോടതികളില്‍ വേര്പിരിയാനാശിക്കുന്ന ഭാര്യാ ഭര്ത്താക്കന്മാരും എമ്പാടും വന്നെത്തുന്നു. എന്നാലിതാ പുതിയ വാര്‍ത്ത: വിവാഹ മോചനക്കേസ് ബലപ്പെടുത്താന്‍ പിതൃത്വ നിര്‍ണ്ണയ പരിശോധനക്ക് ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. അഥവാ പിതൃത്വ സംശയക്കാരുടെ എണ്ണം കൂടിയിരിക്കുന്നു.
ഈ പിതൃത്വ നിര്‍ണ്ണയ പരിശോധനക്ക് ചുരുക്കപ്പേര്: ഡി.എന്‍.എ. ടെസ്റ്റ്. ജീവികളുടെ ജനിതകസാരമടങ്ങിയ സങ്കീര്‍ണ്ണ തന്മാത്രകളാണ് ഡി.എന്‍.എ (ഡിഓക്സി റൈബോ ന്യൂക്ലിക്ക് ആസിഡ്). മാതാപിതാക്കളുടെ ഡി.എന്‍.എ. സാമ്പിളുകള്‍ താരതമ്യം ചെയ്യുന്ന രീതിക്ക് ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റ് എന്ന് പറയുന്നു. മാതാവ്, പിതാവ്, കുട്ടി എന്നിവരുടെ രക്തകോശങ്ങളില്‍നിന്ന് ഡി.എന്‍.എ. ശേഖരിച്ച് താരതമ്യ പരിശോധന നടത്തുന്നു. കുട്ടിയുടെ രക്തസാമ്പിളില്‍ മാതാവിന്റെയും പിതാവിന്റെയും സാമ്യതകള്‍ കണ്ടെത്താനായാല്‍ കുട്ടി അവരുടേതുതന്നെ എന്നുറപ്പിക്കുന്നു.
കേരളത്തില്‍ മുമ്പ് ഡി.എന്‍.എ. പരിശോധനക്ക് സൗകര്യമുണ്ടായിരുന്നില്ല. ഹൈദരബാദിലേക്ക് പോകണമായിരുന്നു. ഇന്ന് തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലുമാണ് ഡി.എന്‍.എ. പരിശോധനക്ക് സൗകര്യമുള്ളത്. പരിശോധന, ചെലവ് കുറഞ്ഞ ഏര്‍പ്പാടൊന്നുമല്ല. മിനിമം 20,000 രൂപ. സംവരണ വിഭാഗങ്ങളുടേയും അവിവാഹിത അമ്മമാരുടേയും കേസുകള്‍ക്ക് പരിശോധനച്ചെലവ് കേരള വനിതാ കമ്മീഷന് വഹിക്കും, അപേക്ഷ നല്‍കണമെന്ന് മാത്രം.
കോടതി വഴിയാണ് ഡി.എന്‍.എ. പരിശോധന ഈ കേന്ദ്രങ്ങളിലെത്തുന്നത്. അത്തരത്തിലുള്ള കേസുകളേ ഇവിടെ പരിഗണിക്കൂ എന്നതാണ് വസ്തുത. ഏതെങ്കിലും ഒരു ഭര്‍ത്താവ് ഭാര്യക്കുണ്ടായ കുട്ടി തന്റേതല്ലെന്ന് ആരോപിച്ച് നേരെ പരിശോധനാ കേന്ദ്രത്തില്‍ പോയാല്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തുകയില്ല എന്നര്‍ത്ഥം. 2007ല്‍ കുട്ടിയുടെ പിതൃത്വം ഡി.എന്‍.എ. ടെസ്റ്റിലൂടെ തെളിയിക്കാന്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ 61 കേസ്സുകളാണെത്തിയത്. അടുത്തവര്‍ഷം അത് 75 ആയി. 2009 മുതലാണ് ഫോറന്‍സിക് ലാബില്‍ ഈ പരിശോധനാ സൗകര്യം തുടങ്ങുന്നത്. അതോടെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ പരിശോധനക്കെത്തുന്നവരുടെ എണ്ണം പാതികണ്ട് കുറഞ്ഞു. 2010ല്‍ മുപ്പത്തിരണ്ടും 2011 ഏപ്രില്‍വരെ പതിനാലും കേസ്സുകളാണ് അവിടെയെത്തിയത്. ഫോറന്‍സിക് ലാബിലെ കണക്കുകള്‍കൂടി പരിശോധിക്കുമ്പോള്‍ മൊത്തം കേരളത്തില്‍ ഈ വിധമുണ്ടാകുന്ന കേസ്സുകളുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ലെന്ന് കാണാം. രണ്ടുവര്‍ഷത്തിനിടക്ക് ഫോറന്‍സിക് ലാബില്‍ ഇരുനൂറോളം പരിശോധനകളാണ് നടത്തിയത്. അഥവാ വര്‍ഷം ശരാശരി 125 പരിശോധനാ കേസ്സുകളെങ്കിലും കേരളത്തില്‍ നടക്കുന്നുവെന്ന് കണക്കാക്കാം.
വിവാഹ മോചനക്കേസ്സുകളില്‍ രണ്ട് കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. ഒരു സ്ത്രീക്ക് നിയമപ്രകാരമുള്ള വിവാഹജീവിതം നയിക്കുന്ന കാലത്ത് ഉണ്ടാകുന്ന കുഞ്ഞിന്റെ പിതൃത്വാവകാശം അവളുടെ ഭര്‍ത്താവിന് തന്നെയാണ്. തെളിവുഭാരം ഭര്‍ത്താവിനാണ്. ദമ്പതിമാരില്‍ ആര് ആരോപണമുന്നയിച്ചാലും അത് തെളിയിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. രണ്ടാമത്തെ കാര്യം, വിവാഹ മോചന കേസുകളില്‍ ഡി.എന്‍.എ. പരിശോധന നിര്‍ബന്ധമാക്കാന്‍ കോടതികള്‍ക്ക് കഴിയില്ല എന്നതാണ്. ഇരുകക്ഷികളുടെയും പൂര്‍ണ്ണ സമ്മതമുണ്ടെങ്കിലേ പരിശോധനക്കായി കേസ്സുകള്‍ ലബോറട്ടറിയിലേക്ക് അയക്കാന്‍ സാധിക്കൂ.
ഇങ്ങനെ വരുമ്പോള്‍ ഒരുകാര്യം വ്യക്തമാകുന്നു. സ്ത്രീ സമ്മതിച്ചാലേ പരിശോധനക്ക് പോകൂ. പരിശോധന എന്ന വെല്ലുവിളി സ്ത്രീ നേരിട്ടെടുക്കുന്നു. പരിശോധനയില്‍ പിതൃത്വം മറ്റൊരാളാണെന്ന് തീരുമാനിക്കപ്പെട്ടാല്‍ ഭര്‍ത്താവിന്റെ ആരോപണമാണ് അംഗീകരിക്കപ്പെടുന്നത്. അത് വിവാഹ മോചനത്തിന് മതിയായ കാരണമാക്കി മാറ്റുന്നു. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ഉറപ്പാക്കാനും വിവാഹജീവിതം താറുമാറാകാന്‍ ഭാര്യയാണ് കാരണമെന്ന് തെളിയിക്കാനും ഭര്‍ത്താവിന് സാധിക്കുന്നു. അപ്പോള്‍ പരാജയപ്പെടും, വിവാഹ മോചനത്തിന് കാരണമാക്കപ്പെടും, അഥവാ അപമാനിക്കപ്പെടും എന്ന് ഉറപ്പുള്ള സ്ത്രീകള്‍ പിതൃത്വ നിര്‍ണ്ണയ പരിശോധനക്ക് മുതിരാന്‍ സാധാരണ തയ്യാറാകാനിടയില്ല. ഭര്‍ത്താവിന്റെയോ വനിതാ കമ്മീഷന്റെയോ ഇരുപതിനായിരം രൂപ തുലക്കാന്‍ ഒരു സ്ത്രീ തന്റെ കുടുംബ ജീവിത ഭാവി നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയുമില്ല. അങ്ങന വരുമ്പോള്‍, പിതൃത്വ നിര്‍ണ്ണയ കേസ്സുകളില്‍ പലതും ഭര്‍ത്താവിന്റെ പരാതിയാലും ഭാര്യയുടെ ചാരിത്രyശുദ്ധിയിലുള്ള സംശയത്താലും ഉണ്ടാകുന്നതാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പരപുരുഷന്മാരുമായുള്ള ലൈംഗികബന്ധാരോപണങ്ങള് കേരളത്തില്‍ വര്‍ധിക്കുന്നു എന്ന് കാണാനാവുന്നു. ഈ ലൈംഗികാരോപണത്തെ, പരപുരുഷബന്ധാരോപണത്തെ സധൈര്യം നേരിടാന്‍ ഈ കേസ്സുകളിലൂടെ സ്ത്രീകള്‍ ഒരുക്കമാണെന്നും മനസ്സിലാക്കാനാവുന്നു.
ഇത്തരം കേസ്സുകളിലെല്ലാം ഭാര്യയുടെ മീതെ ഭര്‍ത്താവിനുള്ള "സംശയ രോഗമാ'ണ് കാരണമെന്ന് പറയാനാവുമെന്ന് തോന്നുന്നില്ല. അത് അതിന്റെ പരമാവധിയില്‍ ഒരു മാനസികരോഗമാണ്. ഈ കേസ്സിന് പോകുന്നവരെല്ലാം മനോരോഗികളാണെന്ന് കരുതുന്നത് വിവേകമല്ല. ഭര്‍ത്താവിന്റെ മേല്‍ സംശയം സ്ത്രീകള്‍ക്കുമുണ്ടാവാം. "സംശയരോഗം' സ്ത്രീകള്‍ക്കും വരുന്നു. പക്ഷേ സംശയമോ സംശയരോഗമോ ഉള്ള സ്ത്രീകളെന്തായാലും പിതൃത്വ നിര്‍ണ്ണയ കേസ്സിന് പോകാനിടയില്ല. അത് ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം തെളിയിക്കാനുള്ള മാര്‍ഗവുമല്ല. ഒരുകാര്യം വ്യക്തം: ഡി.എന്‍.എ. ടെസ്റ്റ് ആവശ്യപ്പെടുന്നത് ഭര്‍ത്താവിന് ഭാര്യയുടെ പരപുരുഷബന്ധ കാര്യത്തില്‍ സംശയമോ, ഉറച്ച വിശ്വാസമോ ഉള്ളതുകൊണ്ടാണ്. ചിലപ്പോള്‍ മറ്റ് തെളിവുകള്‍ അവരുടെ കൈവശമിരിക്കുന്നതുകൊണ്ടും.
ഡി.എന്‍.എ. പരിശോധന മാറ്റിവെക്കുക. അതിന് കാരണമാകുന്ന ഘടകത്തെ സൂക്ഷ്മ വിശകലനത്തിന് മുതിരുമ്പോള്‍, ഭാര്യാഭര്‍തൃബന്ധത്തിലെ പരസ്പര വിശ്വാസമില്ലായ്മ വിവാഹ ജീവിത സംഘര്‍ഷത്തിന് പ്രധാന കാരണമായി വരുന്നു എന്ന് മനസ്സിലാക്കാനാവുന്നു. ഭാര്യയുടെ പാതിവ്രത്യം ചോദ്യം ചെയ്യപ്പെടുന്നവരുടെ എണ്ണം കൂടുന്നു എന്ന് മാത്രമല്ല, അവ പരസ്യമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. പിതൃത്വ നിര്ണ്ണയക്കേസ്സുകളിലല്ലാതെ, ഒരുപക്ഷേ ഭാര്യയോട് വെറും പാതിവ്രത്യാരോപണമുന്നയിച്ചുകൊണ്ടേയിരിക്കുകയോ സംശയം വെച്ചുപുലര്‍ത്തിക്കൊണ്ട് ജീവിക്കുകയോ ചെയ്യുന്നവര്‍ കോടതിക്കും പരിശോധനാ കേന്ദ്രങ്ങള്‍ക്കും പുറത്ത് ധാരാളം ഉണ്ടാകാനിടയുണ്ട്. കൗണ്‍സിലിംഗ് കേസ്സുകളില്‍ ഭര്ത്താക്കന്മാരില് പലരും ഭാര്യയുടെ പരപുരുഷബന്ധം ആരോപിക്കാറുണ്ട്. എല്ലാവരും കേസ്സിനും ടെസ്റ്റിനും പോകുന്നില്ലെന്നുമാത്രം. അഥവാ കുട്ടി തന്റേതുതന്നെയാണെന്ന് തെളിഞ്ഞാല്‍ ഭര്‍ത്താവ് സമൂഹസമക്ഷം "സംശയരോഗി'യാണെന്ന് തെളിയിക്കപ്പെടുന്നു എന്ന് വരാവുന്നതുകൊണ്ട് എല്ലാ ഭര്ത്താക്കന്മാരും ആരോപണം തെളിയിക്കാന്‍ മുതിരാനും ഇടയില്ല. ഇക്കൂട്ടരുടെ എണ്ണംകൂടി പരിഗണിക്കുമ്പോള്‍ ഒന്നുറപ്പിക്കാനാവുന്നു. വൈവാഹിക ജീവിതത്തിലുണ്ടാവുന്ന സംഘര്‍ഷങ്ങളില്‍ ഭര്ത്തൃപക്ഷം ഉന്നയിക്കുന്ന ഒരു പ്രധാന കാരണം ഭാര്യയിലുള്ള വിശ്വാസം ഇല്ലാതാവുന്നതാണ്.
പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ ഒരു ഭര്‍ത്താവിന് ഭാര്യയെ പഴിചാരാനോ കുറ്റപ്പെടുത്താനോ തോല്പിക്കാനോ അപമാനിക്കാനോ ഉള്ള എളുപ്പമാര്‍ഗം ലൈംഗിക ബന്ധത്തിലെ ശുദ്ധിയെക്കുറിച്ചുള്ള ആരോപണം ഉന്നയിക്കുക എന്നതാണ്. പലരും അതാണ് ചെയ്യുന്നതും. പലരേയും വിശ്വസിപ്പിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ കഴിയുന്ന കാര്യവുമാണിത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി, സ്ത്രീകള്‍ക്ക് മറക്കുടയും അടുക്കളയും മാത്രമല്ല വിധിക്കപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസവും തൊഴിലും സമ്പാദിക്കാനവകാശമുണ്ടവര്ക്ക്. സമൂഹത്തിലെ മറ്റ് പല സ്ഥാനങ്ങളും സ്വീകരിക്കുവാനും പ്രവൃത്തികളിലേര്പ്പെടാനുമുള്ള അവസരങ്ങളുണ്ട്. സ്വാഭാവികമായും സ്ത്രീകള്‍ സ്ത്രീകളോട് മാത്രം ഇടപഴകുന്ന ഒരന്തരീക്ഷമല്ല കേരളത്തിലും ഉള്ളത്. സ്ത്രീകള്‍ തൊഴിലിടങ്ങളിലും അയല്പക്കങ്ങളിലും പുരുഷന്മാരുമായി സൗഹൃദവും സമ്പര്‍ക്കവും വെച്ചുപുലര്‍ത്തുന്നു. ഇത് പുരുഷന്മാര്ക്ക് സ്ത്രീകളോടുമാവാം. പക്ഷേ വിവാഹ ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ വന്നുചേരുമ്പോള്‍ പല പുരുഷന്മാരും എടുത്തുപയോഗിക്കുന്ന ആരോപണായുധം ഭാര്യമാരുടെ മറ്റ് പുരുഷന്മാരോടുള്ള സൗഹൃദമോ ആരോഗ്യകരമായ സമ്പര്‍ക്കമോ ആണെന്ന് കാണാവുന്നതാണ്.
ഭര്‍ത്താവുമായുള്ള ആശയവിനിമയം തകരാറിലാവുമ്പോള്‍, ഉള്ളില്‍ കൊണ്ടുനടക്കുന്ന സംഘര്‍ഷവും വേവലാതികളും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ അത്തരം കൈമാറ്റങ്ങള്‍ അടുത്ത ഒരു വൈകാരിക ബന്ധത്തിനും കാരണമായേക്കും. അപ്പോഴും ഇവിടെ ഭാര്യ മാത്രമാണ് ഇതിന് ഉത്തരവാദി എന്ന് വരുന്നില്ല. ഭര്‍ത്താവുകൂടി അതിന് കാരണക്കാരനാണ്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട് വൈവാഹിക ജീവിതത്തിലെ സംഘര്‍ഷം ലഘൂകരിക്കാനോ ഇല്ലാതാക്കാനോ ശ്രമിക്കാതെ ലൈംഗിക ബന്ധാരോപണമുന്നയിച്ച് കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ മുതിരുന്നത് സാമൂഹികവും മാനസികവുമായ ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണമല്ല.(അവ.ചന്ദ്രിക 17-11-11)