വിവാദകേശം : പ്രക്ഷോഭം ശക്തം SKSSF പ്രതിഷേധ പ്രകടനം ഇന്ന്‌ (18 വെള്ളി)

കാസര്‍കോട്‌ : കാന്തപുരം വിഭാഗം നടത്തുന്ന പ്രവാചകനിന്ദ അവസാനിപ്പിക്കുക, വിവാദകേശം പിന്‍വലിച്ച്‌ സമൂഹത്തോട്‌ മാപ്പു പറയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ SKSSF സംസ്ഥാന കമ്മിറ്റി സംസ്ഥാനവ്യാപകമായി നടത്തിവരുന്ന പ്രതിഷേധപരിപാടിയുടെ ഡിസംബറില്‍ കോഴിക്കോട്‌ വെച്ച്‌ നടക്കുന്ന ബഹുജനപ്രക്ഷോഭ പരിപാടിയുടെ ഭാഗമായി SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി ജില്ലയിലെ പ്രധാന മൂന്ന്‌ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ വടക്കന്‍ മേഖല പ്രതിഷേധപ്രകടനം ഇന്ന്‌ (വെള്ളി) വൈകുന്നേരം 4 മണിക്ക്‌ ബദിയടുക്കയില്‍ വെച്ച്‌ നടക്കും. ബീജന്തടുക്കയില്‍ നിന്ന്‌ അസ്‌റ്‌ നിസ്‌കാരനന്തരം ആരംഭിക്കുന്ന പ്രകടനം ബദിയടുക്ക നഗരം ചുറ്റി ടെലിഫോണ്‍ ഭവന്റെ സമീപം സമാപിക്കും. പ്രകടനത്തിന്‌ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ്‌ ഫൈസി കജ, ഹബീബ്‌ ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം, തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ നടക്കുന്ന പൊതു സമ്മേളനം മംഗലാപുരം - കീഴൂര്‍ സംയുക്ത ജമാഅത്ത്‌ ഖാസി ത്വാഖ അഹമ്മദ്‌ മുസ്ലിയാര്‍ അല്‍അസ്‌ഹരി ഉദ്‌ഘാടനം ചെയ്യും. പ്രമുഖ യുവപ്രഭാഷകന്‍ ജാബിര്‍ ചെമാട്‌ ആനുകാലീക വിഷയങ്ങളെക്കുറിച്ച്‌ എല്‍.സി.ഡി ക്ലിപ്പിംഗ്‌ സഹിതം പ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിന്‌ വേണ്ടി വടക്കന്‍ മേഖലയിലെ വിവിധ മേഖലാകമ്മിറ്റികള്‍ പ്രചരണപ്രവര്‍ത്തനങ്ങളും കണ്‍വെന്‍ഷനുകളും നടത്തിവരുന്നതായി ജില്ലാകമ്മിറ്റി അറിയിച്ചു. 

- റഷീദ്‌ ബെളിഞ്ചം, SKSSF കാസര്‍ഗോഡ്‌ ജില്ലാ ജനറല്‍ സെക്രട്ടറി