മമ്പുറം തങ്ങള്‍: ഒളിമങ്ങാത്ത ചരിത്ര വിസ്മയം


സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍
ജന. സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ,
കേന്ദ്ര മുശാവറ

 ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായ തങ്ങളവര്‍കളെ പരിപാലിച്ചു വളര്‍ത്തിയത് മാതൃസഹോദരി സയ്യിദ ഹാമിദ ബീവിയായിരുന്നു. ഹുസൈന്‍(റ) വിന്റെ താവഴിയില്‍ പ്രവാചകര്‍(സ്വ)യുടെ മുപ്പത്തിമൂന്നാമത്തെ പേരമകനാണ് തങ്ങള്‍. 

മാതുലനും ബന്ധപ്പെട്ടവരും കേരളത്തിലാണെന്ന് മനസ്സിലാക്കിയ തങ്ങള്‍ കേരളത്തിലേക്ക് വരണമെന്ന് അതിയായി ആഗ്രഹിക്കുകയും വളര്‍ത്തുമ്മയോട് ചെറുപ്പത്തിലേ അക്കാര്യം പറയുകയും ചെയ്തു. തങ്ങളുടെ ആഗ്രഹം കണ്ടറിഞ്ഞ മാതൃസഹോദരി പതിനേഴാം വയസില്‍ ശഹര്‍ മുഖല്ലാ തുറമുഖത്ത് നിന്നും അദ്ദേഹത്തെ കേരളത്തിലേക്ക് യാത്രയാക്കി. ഹിജ്റ 1183 റമദാന്‍ 19ന് കോഴിക്കോട്ട് കപ്പലിറങ്ങിയ തങ്ങള്‍ അന്ന് രാത്രി തന്റെ മാതുല പുത്രന്‍ ശൈഖ് ജിഫ്രി തങ്ങളോട് കൂടെ താമസിച്ച് പിറ്റേന്ന് അദ്ദേഹത്തോടൊപ്പം മമ്പുറത്തേക്ക് പുറപ്പെട്ടു. മമ്പുറത്തെത്തി മാതുലന്‍ ഹസന്‍ ജിഫ്രി തങ്ങളുടെ മഖ്ബറ സിയാറത്ത് ചെയ്തു. ശൈഖ് ജിഫ്രി അലവി തങ്ങളെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും ഹസന്‍ ജിഫ്രി തങ്ങളുടെ ചുമതലകള്‍ തങ്ങളവര്‍കളെ ഏല്പിക്കുകുയും ചെയ്തു. അന്ന് മുതല്‍ സയ്യിദ് അലവി തങ്ങള്‍ മമ്പുറത്ത് താമസമാക്കുകയും മമ്പുറം തങ്ങള്‍, തറമ്മല്‍ തങ്ങള്‍ എന്നീ പേരുകളില്‍ അറിയപ്പെടുകയും ചെയ്തു.
തങ്ങളുടെ നേതൃവൈഭവവും ഇച്ഛാശക്തിയും ജനങ്ങളെ അത്യാകര്‍ഷിക്കുകയും നാള്‍ക്കുനാള്‍ തങ്ങളുടെ സ്ഥാനവും സ്വീകാര്യതയും വര്‍ധിച്ചു വരികയും ചെയ്തു. ഹസന്‍ ജിഫ്രി തങ്ങളുടെ വസ്വിയ്യത്ത് പ്രകാരം ഖാദി ജമാലുദ്ദീന്‍ മഖ്ദൂമി, ഹസന്‍ ജിഫ്രി തങ്ങളുടെ മകള്‍ ഫാത്വിമയെ മമ്പുറം തങ്ങള്‍ക്ക് വിവാഹംചെയ്തു കൊടുത്തു. ഈ ദാമ്പത്യ വല്ലരിയില്‍ രണ്ട് മക്കളുണ്ടായി. ഫാത്വിമ ബീവി(റ)യുടെ വഫാതിന് ശേഷം കൊയിലാണ്ടി സയ്യിദ് അബൂബക്കര്‍ മദനിയുടെ മകള്‍ ഫാത്വിമയെയാണ് തങ്ങളവര്‍കള്‍ വിവാഹം ചെയ്തത്. ഇവരിലാണ് തങ്ങളുടെ പിന്‍ഗാമിയായി പില്‍കാലത്ത് പ്രസിദ്ധിയാര്‍ജിച്ച സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങള്‍ ജനിച്ചത്. മൂന്നാമതായി പൊന്‍മുണ്ടത്ത് നിന്നും ആഇശ എന്നവരെ വിവാഹംകഴിച്ചതില്‍ രണ്ടു മക്കള്‍ കൂടിയുണ്ടായി. തങ്ങളുടെ ജീവിതകാലത്തു തന്നെ ഈ മൂന്ന് ഭാര്യമാരും വഫാത്തായതിനാല്‍ നാലാമതായി ഇന്തോനേഷ്യക്കാരിയായ സ്വാലിഹ എന്നവരെ വിവാഹംകഴിച്ചു. തങ്ങള്‍ വഫാത്താകുമ്പോള്‍ ജീവിച്ചിരുന്ന ഏക ഭാര്യയായിരുന്നു ഇവര്‍.
മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് വളരെ സജീവമായി നിലനിന്നിരുന്ന തങ്ങള്‍ കേരള ചരിത്രത്തിലെ ആദ്യത്തെ ജനകീയ നായകനായി വിശേഷിപ്പിക്കപ്പെടുന്നു. പ്രതികൂലമായ സാഹചര്യത്തില്‍ ജീവിക്കുകയും ആ ജീവിതം മുഴുക്കെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്ത തങ്ങള്‍ വിശാല മനസ്സോടെ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത ആദ്യത്തെ വ്യക്തിയായിരുന്നുവെന്ന് ഇതിലൂടെ നിരീക്ഷിക്കാം. പരിശുദ്ധ ഇസ്ലാമിന്റെ ചിട്ടവട്ടങ്ങളില്‍ കണിശമായി നിലകൊണ്ടുതന്നെ മറ്റു മതസ്ഥര്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നതു തന്നെയാണ് തങ്ങളുടെ സാമൂഹ്യ ജീവിതത്തിലെ പ്രധാന ഭാഗം. ഏതെങ്കിലും ജനവിഭാഗത്തിന്റെ മാത്രം നേതാവ് എന്ന സങ്കല്‍പത്തില്‍ നിന്ന് എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന നായകനായി മാറാന്‍ സാധിച്ചുവെന്നത് തങ്ങളുടെ മഹത്വത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ്. ജന്മിമാരുടെ പീഡനത്തിനും ചൂഷണത്തിനുമിരയായിരുന്ന മുസ്ലിംകളുടെയും ഈഴവരുടെയും അധഃസ്ഥിതിയുടെ പൊളിച്ചെഴുത്തുകാരനായാണ് തങ്ങള്‍ രംഗത്തു വന്നത്. ഇത്തരമൊരു ജനകീയ നേതാവിന്റെ പൂര്‍വ മാതൃക കേരള ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ലെന്നാണ് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. 
ഹൈന്ദവ വീടുകളില്‍ വിവാഹ നിശ്ചയങ്ങളില്‍ വരെ തങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നതും ഹൈന്ദവ പ്രമാണിയായ കോന്തുനായരായിരുന്നു തങ്ങളുടെ കാര്യസ്ഥനെന്നതും അതിര്‍വരമ്പുകളില്ലാത്ത തങ്ങളുടെ മത സൗഹാര്‍ദ്ദത്തെയാണ് സൂചിപ്പിക്കുന്നത്. മൂന്നിയൂര്‍ കളിയാട്ടക്കാവ് ഉത്സവത്തിന് ഇടവ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയെന്ന തിയ്യതി കുറിച്ചത് തങ്ങളായരുന്നു. മറ്റു മതസ്ഥരുമായി ഇത്തരത്തില്‍ ഊഷ്മള ബന്ധം സ്ഥാപിച്ച തങ്ങളെ പക്ഷേ, ബ്രിട്ടീഷ്ജന്മി ചായ്വുള്ള ചരിത്രകാരന്മാര്‍ വികലമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണതയാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.
മലബാറിലെ ജനങ്ങള്‍ക്കിടയില്‍ സജീവമായി ഇടപെട്ട ജനനായകന്‍ എന്നതിലുപരി മമ്പുറം തങ്ങളെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ജീവിതമായിരുന്നു. ആദ്ധ്യാത്മികതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആത്മീയതയുടെ മധുരം നുണഞ്ഞ തങ്ങള്‍ ഖാദിരി ത്വരീഖത്തിന്റെ ശാഖയായ ബാഅലവി ത്വരീഖത്തായിരുന്നു പിന്തുടര്‍ന്നത്. 
ഒമ്പത് പതിറ്റാണ്ടോളം കേരള മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കി വഴിവെളിച്ചം കാട്ടിയ ഖുഥ്ബുസ്സമാന്‍ സയിദ് അലവി മൗലദ്ദവീല തങ്ങള്‍ ഹിജ്റ 1259(എ.ഡി 1845)ലാണ് വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ പിടിപെട്ട് അവശനാകുന്നത്. ചേറൂര്‍ പടയില്‍ യുദ്ധമുഖത്ത് വീരപോരാട്ടം നടത്തി യുദ്ധക്കളത്തില്‍ നിറഞ്ഞുനിന്ന സമയത്ത് ബ്രിട്ടീഷുകാരില്‍ നിന്നേറ്റ വെടിയുണ്ടകളായിരുന്നു തങ്ങളുടെ അവശതക്ക് ഒരു കാരണം. 1260 മുഹര്‍റം ഏഴിന് (എ.ഡി 1845) തങ്ങള്‍ വഫാത്തായി.
തങ്ങളുടെ നൂറ്റിയെഴുപത്തിമൂന്നാം ആണ്ടുനേര്‍ച്ചയാണ് ഡിസംബര്‍ നാലു വരെയുള്ള ദിനങ്ങളിലായി മമ്പുറത്ത് നടക്കുന്നത്. തങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊളുത്തിവെച്ച സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ദീപ്തസന്ദേശം കേരളക്കരക്ക് എന്നും പ്രചോദനമാവട്ടെ