തിരൂരങ്ങാടി : ഏതൊരു കാര്യവും ത്യാഗമനസ്ഥിതിയോടെ
ഏറ്റെടുക്കുകയും അതിനായി മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യണമെന്നതാണ് ഹിജ്റ
നല്കുന്ന ഏറ്റവും വലിയ സന്ദേശമെന്ന് ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്വി പറഞ്ഞു. ഹിജ്റ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് ദാറുല്‍ ഹുദാ
ഇസ്ലാമിക് യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് അസാസ് സംഘടിപ്പിച്ച പുതുവര്‍ഷ
സംഗമത്തില്‍ സന്ദേശ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആഘോഷമെന്നതിനപ്പുറം
ഹിജ്റയെ ഉള്‍കൊള്ളാന്‍ പ്രതിജ്ഞ പുതുക്കേണ്ട അവസരമാണിതെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. വൈവിധ്യമാര്‍ന്ന ഇനങ്ങളോടെ അരങ്ങേറിയ സംഗമത്തില്‍ സി. യൂസുഫ്
ഫൈസി മേല്‍മുറി, ഇസ്ഹാഖ് ബാഖവി ചെമ്മാട് തുടങ്ങിയവര്‍ സംസാരിച്ചു. അസാസ്
പ്രസിഡന്റ് മുഹ്സിന് കെ മേലാറ്റൂര്‍ സ്വാഗതവും സെക്രട്ടറി ശബീര്‍ അരക്കുപറമ്പ്
നന്ദിയും പറഞ്ഞു.