സമസ്ത 85-ാം വാര്‍ഷികം; റിയാദില്‍ 85 അംഗ സ്വാഗത സംഘം രൂപീകരിച്ചു

റിയാദ് : സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ ഫെബ്രുവരിയില്‍ വേങ്ങര കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ വിജയത്തിനായി റിയാദ് എസ്.വൈ.എസ്സും ഇസ്‍ലാമിക് സെന്‍ററും സംയുക്തമായി 85 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണം സമസ്ത സെക്രട്ടറി ഉസ്താദ് കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സച്ചരിതരായ പൂര്‍വ്വികര്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ബാഖഫി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ശംസുല്‍ ഉലമ തുടങ്ങിയ ഉലമാക്കളും ഉമറാക്കളും കെട്ടിപ്പടുത്ത ഈ മഹത്തായ പ്രസ്ഥാനം ഇനിയും കൂടുതല്‍ അത്യുന്നതിയിലേക്ക് നയിക്കേണ്ടത് നാമോരോരുത്തരുടെയും കടമയും ബാദ്ധ്യതയുമാണ്. ഇസ്‍ലാമിക സമൂഹത്തെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിയിലേക്ക് നയിക്കുക, തെറ്റായ വിശ്വാസങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും തടയുക, തുടങ്ങി സ്ഥാപിത കാലം മുതലിന്നോളം ഒരേ ലക്ഷ്യത്തില്‍ തന്നെയാണ് സമസ്ത സഞ്ചരിക്കുന്നത്. പ്രാഥമിക മദ്റസ മുതല്‍ അനേകം അനാഥ മന്ദിരങ്ങളും പള്ളി ദര്‍സുകളും ശരീഅത്ത് കോളേജുകളും തുടങ്ങി എഞ്ചിനീയറിംഗ് കോളേജ് വരെയുള്ള സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലോകത്തെ ഏറ്റവും വലിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാനായി എന്‍.സി. മുഹമ്മദ് കണ്ണൂര്‍, വൈസ് ചെയര്‍മാന്‍മാരായി മുസ്തഫ ബാഖവി, അബ്ദുറസാഖ് വളക്കൈ, ശാഫി ദാരിമി, അബൂബക്കര്‍ ദാരിമി പുല്ലാര എന്നിവരെയും, കണ്‍വീനറായി മുഹമ്മദ് കോയ തങ്ങള്‍ ചെട്ടിപ്പടിയും ജോ. കണ്‍വീനിര്‍മാരായി അലവിക്കുട്ടി ഒളവട്ടൂര്‍, സുബൈര്‍ ഹുദവി, സൈതലവി ഫൈസി, മുഹമ്മദ് വേങ്ങര ബദീയ, ഹംസ മൂപ്പന്‍, മൊയ്തീന്‍ കുട്ടി തെന്നല എന്നിവരെയും, ട്രഷററായി അശ്റഫ് കല്‍പകഞ്ചേരിയെയും, ഉപദേശക സമിതി അംഗങ്ങളായി ലിയാഉദ്ദീന്‍ ഫൈസി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ശാജി അരിപ്ര സഫ മക്ക, അശ്റഫ് വേങ്ങാട്, വി.എം. അശ്റഫ് ന്യൂ സഫ മക്ക, മൊയ്തീന്‍ കോയ പെരുമുഖം, ടി.പി. മുഹമ്മദ് അല്‍ ഹുദ, വി.കെ. മുഹമ്മദ് കണ്ണൂര്‍, അബ്ദുസ്സലാം തൃക്കരിപ്പൂര്‍, അശ്റഫ് തങ്ങള്‍ ചെട്ടിപ്പടി, കുന്നുമ്മല്‍ കോയ, വടകര മുഹമ്മദ്, അബ്ദുറഹ്‍മാന്‍ പൊന്മള, ലത്തീഫ് ഹാജി മൈത്ര എന്നിവരെയും തെരഞ്ഞെടുത്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് സ്വാഗതവും ശാഫി ദാരിമി നന്ദിയും പറഞ്ഞു