റൈഹാനയ്‌ക്ക്‌ സഹയഹസ്‌തവുമായി SKSSF എത്തി

കാസര്‍കോട്‌ : എരിയാല്‍ ബ്ലാര്‍കോട്ടെ ഫാത്തിമ കോട്ടേഴ്‌സില്‍ താമസിക്കുന്ന അബ്‌ദുറഹ്മാന്‍ - റുഖിയ ദമ്പതികളുടെ മകള്‍ റൈഹാനയ്‌ക്ക്‌ സഹായഹസ്‌തവുമായി SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി ഭാരവാഹികള്‍ വീട്ടിലെത്തി. പതിനെട്ട്‌ വയസ്സ്‌ പ്രായമായിട്ടും അഞ്ച്‌ വയസ്സിന്റെ പ്രായം പോലും കാണിക്കാതെ കിടന്നകിടപ്പില്‍ തന്നെ അനങ്ങാതെ കിടക്കുന്ന റൈഹാനയുടെ വീട്ടിലെ ദുരിതം ഏതു ഹൃദയമുളളവന്റേയും കരളലിയിപ്പിക്കുമെന്ന്‌ വീട്‌ സന്ദര്‍ശിച്ച ജില്ലാഭാരവാഹികള്‍ പറഞ്ഞു. സ്വന്തമായി ഒരു സെന്റ്‌ സ്ഥലമോ വീടോ ഇല്ലാതെ വാടകവീട്ടില്‍ താമസിക്കുന്ന ഈ കുടുംബത്തിന്റെ ആകെ വരുമാനം കല്യാണവീടുകളില്‍ ഭക്ഷണം പാകംചെയ്യുന്നവരുടെ കൂടെ പോകുമ്പോള്‍ എപ്പോഴെങ്കിലും കിട്ടുന്ന തുച്ചമായ സംഖ്യയാണെന്നും ഈ ദമ്പതികള്‍ക്ക്‌ ആകെയുളള ഒരു കുട്ടിയുടെ അവസ്ഥ ഇങ്ങനെയായിരിക്കെ അവര്‍ക്ക്‌ മറ്റു ജോലികള്‍ക്ക്‌ പോകാന്‍ കഴിയാത്ത അവസ്ഥയാണുളളതെന്നും അവര്‍ക്ക്‌ വേണ്ട സഹായസഹകരണങ്ങള്‍ ചെയ്‌തുകൊടുക്കാന്‍ മുഴുവന്‍ സംഘടനാപ്രവര്‍ത്തകരും രംഗത്ത്‌ വരണമെന്നും ജില്ലാഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാകമ്മിറ്റിയുടെ ഒന്നാംഘട്ട സഹായവുമായി ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ട്രഷറര്‍ ഹാരീസ്‌ ദാരിമി ബെദിര, സംസ്ഥാനസമിതി അംഗം എം.എ.ഖലീല്‍, കാസര്‍കോട്‌ മേഖലാപ്രസിഡണ്ട്‌ കെ.എല്‍. അബ്‌ദുള്‍ ഹമീദ്‌ ഫൈസി എന്നിവരാണ്‌ എത്തിയത്‌. SKSSF ന്റെ കീഴിലുളള സഹചാരി സെല്ലില്‍ നിന്ന്‌ കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും നിത്യോപയോഗ മരുന്നിന്റെ ഒരു വിഹിതം സംഘടന വഹിക്കുമെന്നും ജില്ലാ നേതാക്കള്‍ അറിയിച്ചു. ഇത്രയും ദുരിതം അനുഭവിക്കുന്ന ഈ കുടുംബത്തിനുളളത്‌ എ.പി.എല്‍ കാര്‍ഡാണെന്നും അതു മാറ്റി ബി.പി.എല്‍ കാര്‍ഡാക്കണമെന്നും ഈ കുട്ടിയെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം നില്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.