മദ്യഷാപ്പുകള്‍ക്കെതിരെ കാളിക്കാവ് ഏരിയാ ഖാസിസ് അസോസിയേഷന്‍

കാളിക്കാവ് : മദ്യദുരന്തത്തെ തുടര്‍ന്ന് അടച്ചിട്ട കാളിക്കാവ് ചോക്കാട് പഞ്ചായത്തുകളിലെ മുഴുവന്‍ മദ്യഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ കാളിക്കാവ് ഏരിയാ ഖാസീസ് അസോസിയേഷന്‍റെ അഭിമുഖ്യത്തില്‍ നടന്ന ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഉജ്ജ്വല താക്കീതായി. അസോസിയേഷന്‍ പരിധിയിലെ ഖാസിമാരുടെ നേതൃത്വത്തില്‍ വ്യത്യസ്ഥ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ ആബാലവൃദ്ധം ജനങ്ങള്‍ കാളിക്കാവിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രകന്പനം കൊള്ളിച്ചു.
വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, മുജീബ് റഹ്‍മാന്‍ ദാരിമി, അലവി ബാഖവി വെള്ളയൂര്‍, ഉമര്‍ ബാഖവി മഞ്ഞപ്പെട്ടി, കെ.വി. അബ്ദുറഹ്‍മാന്‍ ദാരിമി, ഫരീദ് റഹ്‍മാനി, ബഹാഉദ്ദീന്‍ ഫൈസി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. രാത്രി നടന്ന പൊതുസമ്മേളനത്തില്‍ SYS സംസ്ഥാന സെക്രട്ടറി ഇബ്‍റാഹീം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ്, ഫാദര്‍ ശാജി മുത്തേടത്ത് (ഹോളി ഫാമിലി ചര്‍ച്ച് ചോക്കാട്), ഫാദര്‍ ജയിംസ് പുല്‍തകിടിയേല്‍ (സെന്‍റ് സേവ്യേഴ്സ് ചര്‍ച്ച് കാളിക്കാവ്), അപ്പുണ്ണി നായര്‍ (ഭഗവതി ക്ഷേത്രം കാളിക്കാവ്), തോമസ് മാത്യു (സംസ്ഥാന മദ്യ നിരോധന സമിതി) തുടങ്ങിയവര്‍ പ്രസംഗിച്ചു.
- സലീം റഹ്‍മാനി