ഹജ്ജ് : മലയാളി ഹാജിമാരുടെ ആദ്യസംഘം ഇന്ന് കരിപ്പൂരില്‍ എത്തും

ജിദ്ദ: വിശുദ്ധ ഖിബിലയുടെയും പുണ്യ നബിയുടെയും മണ്ണില്‍നിന്ന് ഹാജിമാര്‍ സ്വദേശത്തേക്ക് മടങ്ങിത്തുടങ്ങി. ഇന്ത്യയില്‍ നിന്നെത്തിയ ഹാജിമാര്‍ വെള്ളിയാഴ്ച മുതല്‍ മടങ്ങിത്തുടങ്ങി. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനവന്ന ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം വെള്ളിയാഴ്ച രാത്രി പാറ്റ്‌നയിലേക്ക് തിരിച്ചു. മലയാളി ഹാജിമാരെ വഹിച്ചുള്ള ആദ്യ വിമാനം ശനിയാഴ്ച കാലത്ത് പത്തരയ്ക്ക് കരിപ്പൂരില്‍ എത്തും. ജിദ്ദയില്‍ നിന്ന് വ്യാഴാഴ്ച മുതല്‍ ഹാജിമാര്‍ മടങ്ങിത്തുടങ്ങിയിരുന്നു. സൗദിയിലെ സ്വദേശികളും പ്രവാസികളുമാണ് ആദ്യം നാട്ടിലേക്ക് മടങ്ങിയത്. കരിപ്പൂരിലേക്ക് ദിവസേന ഓരോ വിമാനമായിരിക്കും പുറപ്പെടുക.
വിമാനം പുറപ്പെടുന്നതിന് ഇരുപതു മണിക്കൂര്‍ മുമ്പ് ഹാജിമാരുടെ താമസസ്ഥലത്തുനിന്ന് ലഗേജുകള്‍ പ്രത്യേക ഏജന്‍സി മുഖേന വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് ഹജ്ജ് കോണ്‍സല്‍ ബി. എസ്. മുബാറക് പറഞ്ഞു. പത്ത് ലിറ്റര്‍ സംസം ജലം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ മുഖേന എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മക്കയില്‍ സൗദി സര്‍ക്കാര്‍ ആരംഭിച്ച പുതിയ സംസം ജല വിതരണ കേന്ദ്രത്തില്‍ നിന്നുള്ള സംഭരണിയിലായിരിക്കും പുണ്യ ജലം എത്തിക്കുക. 
മക്ക, മിന എന്നിവിടങ്ങളിലെ ആസ്​പത്രികളില്‍ 51 ഇന്ത്യന്‍ ഹാജിമാര്‍ ചികിത്സയിലുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്ന് മുബാറക് പറഞ്ഞു. മക്കയില്‍ 35, മിനായില്‍ 16 എന്നിങ്ങനെയാണ് ആസ്​പത്രിയില്‍ ഉള്ളത്. ഇന്ത്യന്‍ തീര്‍ഥാടകരില്‍ ഹജ്ജിന് മുമ്പ് മദീന സിയാറത് നിര്‍വഹിച്ചിട്ടില്ലാത്തവരുടെ മദീനാ നീക്കം വ്യാഴാഴ്ച പുനരാരംഭിച്ചതായി ഹജ്ജ് കോണ്‍സല്‍ പറഞ്ഞു. എട്ട് മലയാളി ഹാജിമാര്‍ ആസ്​പത്രിലുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വളണ്ടിയര്‍ ക്യാപ്റ്റന്‍ മായിന്‍ മണിമ പറഞ്ഞു. ഇവരില്‍ ആരുടേയും നില ഗുരുതരമല്ല. ഹജ്ജ് കമ്മിറ്റിയില്‍ എത്തിയ 200 പേരാണ് മദീന സിയാറത്തു നിര്‍വഹിക്കാന്‍ അവശേഷിക്കുന്നത്. ഹജ്ജിന് തൊട്ടുമുമ്പായി ഹജ്ജ് കമ്മിറ്റിയുടെ സ്‌പെഷല്‍ വിമാനത്തില്‍ എത്തിയവരാണിവര്‍.- അക്ബര്‍ പൊന്നാനി