അത്യാഹിതങ്ങളില്ലാതെ മറ്റൊരു ഹജ്ജ് കൂടി..

മക്ക: ആത്മനിര്‍വൃതിയുടെ ഹജ്ജിന് പരിസമാപ്തി. ജംറകളിലെ അവസാന കല്ലേറ് കഴിഞ്ഞതോടെ ഇനി ഉമ്മ പെറ്റ കുഞ്ഞിന്റെ പരിശുദ്ധിയോടെ തീര്‍ഥാടകര്‍‍‍ക്ക് മടങ്ങാം. കാര്യമായ ദുരിതങ്ങളൊന്നുമില്ലാതെ ഒരു ഹജ്ജ് കര്‍മത്തിന് കൂടി ആഥിത്യമരുളിയ സന്തോഷത്തിലാണ് സുഊദി ഭരണകൂടം. ലക്ഷങ്ങള്‍ പങ്കെടുത്ത ഹജ്ജുകര്‍മത്തിന്റെ സമാധാനപരമായ നടത്തിപ്പുമായി സഹകരിച്ച എല്ലാവരോടും ഭരണകൂടം നന്ദി രേഖപ്പെടുത്തി.
എല്ലാം നല്ലനിലയില്‍ അവസാനിച്ചു. ഇത്ര ഭംഗിയായി അവസാനിച്ച ഹജ്ജ് കര്‍മം ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ്- മക്ക ഗവര്‍ണര്‍‍‌‍‍‍ ഖാലിദ് ഫൈസല്‍‍‍ തന്റെ സന്തോഷം മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വന്ന തീര്‍ഥാടകരുടെ സുരക്ഷക്കായി അഞ്ചുദിവസങ്ങളിലും ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പോലീസുകാരെയാണ് ഭരണകൂടം നിയോഗിച്ചിരുന്നത്. അത്രതന്നെ ഡോകടര്‍മാരെയും പല ഭാഗത്തായി ഭരണകൂടം നിയമിച്ചിരുന്നു.
തീര്‍ഥാടനകാലത്ത് പ്രത്യേകരോഗങ്ങളോ മറ്റോ പടര്‍‍ന്നുപിടിക്കാത്തതില്‍‍ സുഊദി ആരോഗ്യമന്ത്രാലയവും സന്തോഷം രേഖപ്പെടുത്തി. ഹജ്ജ്കര്‍മങ്ങള്‍ തുടങ്ങുന്നതിന് തൊട്ടുമുന്നെ ഒരു തരം മാരകരോഗാണു രാജ്യത്ത് കാണപ്പെട്ടത് ഏറെ പരിഭ്രാന്തിയുണ്ടാക്കിയിരുന്നു. തുടര്‍‍ന്ന് കര്‍ശനമായ ആരോഗ്യനിര്‍ദേശങ്ങളാണ് മന്ത്രാലയം തീര്‍‍ഥാടകര്‍ക്ക് നല്‍കിയിരുന്നത്. കോളറ പോലെ സാംക്രമിക രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില രാജ്യങ്ങളിലെ തീര്‍ഥാടകര്‍‍ക്ക് മന്ത്രാലയം വിലക്കേര്‍പ്പെടുത്തുക വരെ ചെയ്തിരുന്നു.
ഇന്നലെ പകലോടെ ജംറകളിലെ ഏറും പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍‍ വിദാഇന്റെ ത്വവാഫ് ചെയ്യാനായി മിനായില്‍ നിന്ന് മക്കയിലേക്ക് നീങ്ങിയിരുന്നു. ഇതോടെ ഈ വര്‍‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയായി. പല രാജ്യങ്ങളിലെയും തീര്‍ഥാടകര്‍ ഇതിനകം തന്നെ തിരിച്ചുപോക്കു തുടങ്ങിയിട്ടുണ്ട്.
വെള്ളപ്പൊക്കം, തീപിടിത്തം, തിരക്ക് തുടങ്ങി പലവിധ അപകടങ്ങളും മുന്‍വര്‍ഷങ്ങളില്‍ ഹജ്ജുകാലത്ത് റിപ്പോര്‍‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് വര്‍‍ഷങ്ങളായി പ്രത്യേകിച്ച് അത്യാഹിതങ്ങളില്ലാതെ തന്നെ ഹജ്ജ് കര്‍മത്തിന് ആഥിത്യമരുളാന്‍‍‍ സുഊദി ഭരണകൂടത്തിനായിട്ടുണ്ട്. അത്യാഹിതങ്ങളൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെ വന്‍‍‍‍ പദ്ധതികളാണ് ഓരോ വര്‍ഷവും ഭരണകൂടം നടപ്പാക്കാറ്. ഈ വര്‍ഷം മാത്രം അറഫയിലെയും മിനായിലെയും മുസ്ദലിഫയിലെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി 293.3 മില്യന്‍ ഡോളറിന്റെ ചെലവു വന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.(അവ.www.islamonweb.net)