പച്ചക്കറിക്ക് മതമില്ല. വേവിക്കുന്നതിനു മുമ്പ് നിറം കൊണ്ടും സ്വഭാവം കൊണ്ടും തനി പച്ചയായതുകൊണ്ടാവാം വെജിറ്റബിളിന് മലയാളത്തില്‍ അങ്ങനെ അര്‍ത്ഥം വന്നു. പക്ഷേ, പശ്ചിമ ബംഗാളില്‍ പച്ച’കുറി’ക്ക് സമുദായമുണ്ട്. തലയില്‍ തട്ടമില്ലെങ്കിലും ചുറ്റിക്കെട്ടിയ പര്‍ദ്ദയില്ലെങ്കിലും മുസ്‌ലിംപെണ്ണിനെ തിരിച്ചറിയാന്‍ നെറ്റിയിലിട്ട ‘പൊട്ട്’ അഥവാ ‘കുറി’വരച്ചത് നോക്കിയാല്‍ മതി. പച്ചയാണോ പെണ്ണ് മുസ്‌ലിം. ചുവപ്പാണെങ്കില്‍ ഹിന്ദു. മുപ്പത്തിരണ്ടു വര്‍ഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിച്ചതിന്റെ മതേതര മെച്ചം. ബഹുകേമം. കാര്യങ്ങളെല്ലാം വര്‍ഗീയതയുടെ ചട്ടിയില്‍ ചുട്ടെടുക്കുന്ന കാലത്ത് ഒന്ന് സ്വാദ് നോക്കിയെന്നു മാത്രം.
പോകെപ്പോകെ കേരളത്തിലും ഒരു കൂട്ടര്‍ എന്തു മിണ്ടിയാലും വര്‍ഗീയതയാണിപ്പോള്‍. മൗനം പാലിച്ചാലോ കുറ്റ സമ്മതവും. അല്ലെങ്കില്‍ ഭീരുത്വം. സമുദായവും തിലക കുറിയും
കേരള ജനസംഖ്യയിലെ 26 ശതമാനം വരുന്ന ഒരു സമുദായത്തിന്റെ കഴുത്തില്‍ അജ്ഞാത ഭീതിയുടെ കാണാക്കയറിട്ടു മുറുക്കി കാര്യസാധ്യത്തിനിറങ്ങിയിരിക്കുന്നു ചിലര്‍. രാഷ്ട്രീയ ശക്തിയുള്ളവര്‍ അരയില്‍ കെട്ടിയ ചരടു പിടിച്ച് ‘ചാടിക്കളിയെടാ കുഞ്ചിരാമാ’ എന്നു പറഞ്ഞാല്‍ ആടുകയും ഓടുകയും ചെയ്യാന്‍ വിധിക്കപ്പെട്ട ഉത്തരേന്ത്യന്‍ ഗതിയല്ല കേരള മുസ്‌ലിംകള്‍ക്കുള്ളത് എന്നതിന്റെ പുകച്ചില്‍. ”മുസ്‌ലിംലീഗിപ്പോള്‍ കേരളത്തിലെ ഭരണകക്ഷിയാണെന്ന്” ഏതെങ്കിലും ലീഗ് നേതാവ് പരാമര്‍ശിച്ചാല്‍ അത് വര്‍ഗീയതയും കേരളം മുസ്‌ലിംകളുടെ അധീനതയിലാക്കാനുള്ള ഗൂഢനീക്കവുമായി ദുര്‍വ്യാഖ്യാനിച്ച് യുദ്ധം നയിക്കുന്നവര്‍, തൊഗാഡിയമാര്‍ ചീറ്റുന്ന വിഷത്തിനു മുന്നില്‍ മൗനം പാലിക്കുന്നതിലുണ്ട് ഇതിന്റെ ലക്ഷണങ്ങള്‍.
”മുസ്‌ലിമിനെ കടലില്‍ കടക്കാന്‍ അനുവദിക്കില്ലെന്നും കടല്‍ ഹിന്ദു മത്സ്യത്തൊഴിലാളികളുടേതാണെന്നും” തൃശൂര്‍ തൃപ്രയാറില്‍ വന്നാണ് ഒരാഴ്ച മുമ്പ് പ്രവീണ്‍ തൊഗാഡിയ പ്രഖ്യാപിച്ചത്. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റിന്റെ ആ പ്രസംഗം പത്രത്തില്‍ (2012 ഒക്‌ടോബര്‍ 27) വന്നത് ഇങ്ങനെ: ‘ഗോമാംസം ഭക്ഷിക്കുന്ന മുസ്‌ലിമിന് സമുദ്രത്തിലേക്ക് പ്രവേശനമില്ല. ഗുജറാത്തിലെ കച്ചില്‍ നിന്ന് കേരളം വഴി ബംഗാള്‍ വരെ കടല്‍ ഹിന്ദുവിന്റേതാണ്. മുസ്‌ലിമിന്റെ കയ്യില്‍ നിന്ന് ഇത് യുദ്ധം ചെയ്തായാലും തിരിച്ചുപിടിക്കണം. ഇത് കേരളത്തിലും തുടങ്ങണം. നൂറുകോടി ഹിന്ദുക്കളുടെ പിന്തുണ ഇതിനുണ്ടാകും”. അതുംപറഞ്ഞ് പന്തം മുറുക്കിക്കെട്ടി എണ്ണയില്‍ മുക്കിയേല്‍പിച്ച് തൊഗാഡിയ പോയി. പക്ഷേ തൊഗാഡിയയുടെ വാക്കുകള്‍ കേരളത്തിന്റെ മതമൈത്രിയെയും സമാധാനാന്തരീക്ഷത്തെയും തകര്‍ക്കുമെന്ന് പറയാന്‍ ഒരാളെയും കണ്ടില്ല. മതത്തിന്റെയും സമുദായത്തിന്റെയും ബാധ്യതകളില്ലാത്ത മതേതര മാര്‍ക്‌സിസ്റ്റുകള്‍ പോലും മിണ്ടാതിരുന്നതെന്തിനാകും? പാര്‍ട്ടി മുഖപത്രത്തില്‍ വര്‍ഗീയതയെക്കുറിച്ച് സെക്രട്ടറി എഴുതിയ തുടര്‍ ലേഖനത്തില്‍ പോലും തൊഗാഡിയാപ്രയോഗങ്ങള്‍ കടന്നുവരാതെ സൂക്ഷിച്ചതിന്റെ ജാഗ്രത എന്താകും?
അടുത്ത ദിവസം സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ അതിനു ഉത്തരം നല്‍കുന്നുണ്ട്. ‘കേരളത്തില്‍ സദാചാര പൊലീസ് ചമഞ്ഞ് അക്രമങ്ങള്‍ നടത്തുന്നതില്‍ ഭൂരിപക്ഷ സമുദായം പെട്ടിട്ടില്ല’എന്ന്. സദാചാര ഗുണ്ടകളുടെ സമുദായ രക്തം വേര്‍തിരിച്ചു കാണിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഔദ്യോഗിക പ്രസ്താവന. തൊഗാഡിയക്കു പിന്നാലെ പിണറായിയും എന്നു വായിക്കേണ്ടി വരുന്ന പൊതുസമൂഹത്തിന്റെ ഗതി. സംഘ് പരിവാറിന്റെ ഭാഷ അച്യുതാനന്ദന്‍ അടിച്ചു പരത്തുമ്പോള്‍ അതിനെ സ്വാഭാവികം എന്നു ധരിക്കാന്‍ കാരണം പലതുണ്ടായിരുന്നു. സമ്പര്‍ക്കം കൊണ്ട് മുസ്‌ലിംജീവിതത്തെ തിരിച്ചറിഞ്ഞിട്ടുള്ള പിണറായി വിജയനും അച്യുതാനന്ദന്റെ റൂട്ടില്‍ തന്നെയാണെങ്കില്‍ പിന്നെന്തു പ്രതീക്ഷ. അതിന്റെ ലക്ഷണങ്ങളാണ് ഓരോന്നായി തെളിഞ്ഞുവരുന്നത്. ലൗ ജിഹാദിന്റെ മറവില്‍ ഇസ്‌ലാം മതത്തിലേക്കു സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന് സംഘ് പരിവാറുകളും ഒരു മലയാള വാരികയും ആസൂത്രിതമായി പ്രചരിപ്പിച്ചത് ഏറ്റുപിടിച്ച് ഈ നിയമസഭയില്‍ വിഷയം എടുത്തിട്ടത് മാര്‍ക്‌സിസ്റ്റ് വനിതാ എം.എല്‍.എയായിരുന്നു.
ശബരിമല തീര്‍ത്ഥാടന സമയത്ത് മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് കറുത്ത തുണി വില്‍ക്കരുതെന്ന് മുസ്‌ലിംകള്‍ ഭാരവാഹികളായ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സര്‍ക്കുലറയച്ചിരിക്കുന്നു എന്ന സംഘ് പരിവാര്‍ കള്ളക്കഥ മുമ്പ് നിയമസഭയിലവതരിപ്പിച്ചതും സി.പി.എം എം.എല്‍.എ തന്നെ.
ഭൂരിപക്ഷ പ്രീണനത്തിനു കുടപിടിക്കുക മാത്രമല്ല പ്രതിയോഗികളെ വകവരുത്തിയ ശേഷം എതിര്‍ കക്ഷിയുടെ തലയില്‍ കെട്ടിവെക്കുകയും അതിലൂടെ വര്‍ഗീയ കലാപത്തിനാഹ്വാനം നടത്തുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് മുഖം തലശ്ശേരി ഫസല്‍ വധവും കാണിച്ചുതന്നു. ഫസലിന്റെ മൃതശരീരത്തിനു മുന്നില്‍ രോഷവും സങ്കടവുമഭിനയിച്ച് സി.പി.എം നേതാവ് കാരായി രാജന്‍ പ്രസ്താവിച്ചു: ‘മുസ്‌ലിംകള്‍ പരിശുദ്ധമായി കരുതുന്ന പെരുന്നാള്‍ത്തലേന്ന് റമസാന്‍ കാലം അരും കൊലക്കു തെരഞ്ഞെടുത്തതിനു പിന്നില്‍ ആര്‍.എസ്.എസ് ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ട്. തലശ്ശേരിയിലെയും കണ്ണൂരിലെയും സമാധാനം തകര്‍ക്കാനും പ്രദേശത്തെ കലാപത്തിലേക്കു വഴിതിരിച്ചുവിടാനുമുള്ള ബോധപൂര്‍വമായ ശ്രമമാണിത്. ആര്‍.എസ്.എസിന്റെയും യുവമോര്‍ച്ചയുടെയും നേതാക്കന്‍മാര്‍ ഇന്നലെ രാത്രി ഗൂഢാലോചന നടത്തിയാണ് ഇതു ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്.”
സി.പി.എം നേതൃത്വത്തിന്റെ ബുദ്ധിയും ആസൂത്രണവുമായിരുന്നു കലാപനീക്കമെന്ന് കാരായി രാജനെ തന്നെ ഏഴാം പ്രതിയായി സി.ബി.ഐ പിടിച്ചതോടെ വ്യക്തമായി. മുസ്‌ലിം വൈകാരികതയെ കത്തിച്ചുവിടാവുന്ന ഈ പദപ്രയോഗങ്ങളുടെ തുടര്‍ച്ച തന്നെയാണ് ചന്ദ്രശേഖരന്റെ കൊലയാളികള്‍ വാഹനത്തിലൊട്ടിച്ച ‘മാശാ അല്ലാ’ സ്റ്റിക്കറും.
1970കള്‍ക്കു ശേഷം തലശ്ശേരിയില്‍ ഹിന്ദു – മുസ്‌ലിം കലാപമരങ്ങേറാതെ കാത്തുസൂക്ഷിച്ചു പോന്ന പരസ്പര ധാരണയുടെ ചരട് പൊട്ടിച്ച് വര്‍ഗീയ വൈരത്തിന്റെ ചോരപ്പുഴകളൊഴുക്കാനാണ് സി.പി.എം ശ്രമിച്ചത്. നാദാപുരം മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളെ വര്‍ഗീയ കലാപമാക്കി വികസിപ്പിച്ച് ഗുജറാത്ത് മോഡലുകള്‍ക്കു കളമൊരുക്കിയ സി.പി.എം ഇവിടെ ആ പണി മറ്റൊരു കൂട്ടരെക്കൊണ്ട് ചെയ്യിച്ച് ആധിപത്യം സ്ഥാപിക്കാന്‍ നടത്തീയ ഹീനതന്ത്രം. സംഘ് പരിവാറിനെ മികച്ചു നില്‍ക്കുന്ന ന്യൂനപക്ഷ വിരുദ്ധത.
മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രചിന്ത വളര്‍ത്താനിറങ്ങിപ്പുറപ്പെട്ടവരെയെല്ലാം ചെല്ലും ചെലവും കൊടുത്തുപോറ്റി സി.പി.എം. വൈകാരിക പ്രശ്‌നങ്ങളില്‍ വിവേകപൂര്‍വം നീങ്ങുന്ന മുസ്‌ലിംലീഗിനെതിരെ തീവ്രവാദികളെ പിന്തുണച്ചു. ഇടതുഭരണത്തിലെ പൊലീസിനെ അവര്‍ക്കായി അയച്ചുവിട്ടുകൊടുത്തു. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനാക്രമിച്ച് പ്രതിയെ കൊണ്ടുപോകാന്‍ മാത്രമുള്ള സ്വാതന്ത്ര്യം നല്‍കി തീവ്രവാദികള്‍ക്ക് സി.പി.എം സര്‍ക്കാര്‍.
മുസ്‌ലിംലീഗിന് അഞ്ചാമതൊരു മന്ത്രിയെ കിട്ടിയപ്പോള്‍ സമുദായ സന്തുലനം അട്ടിമറിക്കപ്പെട്ടെന്ന് ആക്രോശിച്ചവരുടെ കൂടെ വേട്ടക്കിറങ്ങാന്‍ സി.പി.എമ്മുണ്ടായിരുന്നു. തൊട്ടുപിന്നാലെ രാജ്യസഭാ മത്സരം വന്നു. കേരളത്തില്‍ നിന്നുള്ള മൂന്നില്‍ രണ്ടു പേര്‍ മറ്റൊരു ന്യൂനപക്ഷ സമുദായത്തില്‍ നിന്നാവുകയും മുസ്‌ലിം ന്യൂനപക്ഷത്തിനുണ്ടായിരുന്ന സീറ്റ് ഇല്ലാതാവുകയും ചെയ്തത് യു.ഡി.എഫിനെ അടിക്കാന്‍ വേണ്ടി പോലും സി.പി.എമ്മിന്റെ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടില്ല. പുതിയ ചീഫ് സെക്രട്ടറിയും അതേ രാജ്യസഭാംഗങ്ങളുടെ സമുദായത്തില്‍ നിന്നാണെന്ന് പരിതപിക്കാന്‍ മുസ്‌ലിംലീഗിന്റെ പാരമ്പര്യം അനുവദിക്കുന്നില്ല. പക്ഷെ സമുദായ പ്രീണനത്തിന്റെ ജാതകം നോക്കുന്ന സി.പി.എം എന്തുകൊണ്ടാണ് മൗനമായത്. ഐക്യകേരള ചരിത്രത്തില്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് ഒരേയൊരു ചീഫ് സെക്രട്ടറിയായി വന്ന റിയാസുദ്ദീനെ പുതുക്കം മാറും മുമ്പ് കസേരയില്‍ നിന്നു ചവിട്ടി പുറത്താക്കിയ സി.പി.എം ആണ് ഇപ്പോള്‍ പ്രീണനകഥ നിരത്തുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിനു കാരണം ന്യൂനപക്ഷ വോട്ടിന്റെ ഏകീകരണമാണെന്ന് സി.പി.എം വിലയിരുത്തിയതിന്റെ പിറ്റേന്നാണ് അച്യുതാനന്ദ ഭരണത്തില്‍ ബീമാപള്ളി വെടിവെപ്പ് നടന്നത്. 2009 മെയ് 17ന് ഉച്ചക്ക്. നിരപരാധികളായ അഞ്ചു മുസ്‌ലിം യുവാക്കളാണ് മരണപ്പെട്ടത്. കാസര്‍ക്കോട് മറ്റൊരു മുസ്‌ലിം യുവാവിനെ കൂടി വെടിവെച്ചു കൊന്നാണ് സി.പി.എം ഭരണം ഇറങ്ങിപ്പോയത്. ഇതിനെയൊന്നും സാമുദായികമായി ചിത്രീകരിക്കാന്‍ മുസ്‌ലിംലീഗ് മുതിര്‍ന്നിട്ടില്ല. കാരണം കേരളത്തിലെ ന്യൂനപക്ഷ പിന്നാക്കവിഭാഗങ്ങളില്‍ ആഴത്തില്‍ സ്വാധീനമുള്ള ഒരു സംഘടന, ഭരണകൂട നടപടികളെ ഈ വിധം സാമുദായിക വേര്‍തിരിവോടെ സമീപിച്ചാല്‍ അതിന്റെ പ്രത്യാഘാതം ദൂരവ്യാപകമായിരിക്കുമെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ്. ഇതെല്ലാം കേവലം ഭരണ – രാഷ്ട്രീയ വിഷയങ്ങളായി കാണുന്നതിനാണ് മുസ്‌ലിംലീഗ് എക്കാലവും ശ്രമിച്ചത്. ഇത്രയും ഉത്തരവാദിത്തത്തോടെനിലകൊള്ളുന്ന മുസ്‌ലിംലീഗിനെ അളക്കാനാണ് സി.പി.എം വര്‍ഗീയതയുടെ മുഴക്കോലുമായി വരുന്നത്. ”മുസ്‌ലിംലീഗ് സമുദായ സംഘടനയെന്ന തലത്തില്‍ നിന്നും തീവ്രവാദത്തിലേക്കു വഴിമാറിയിരിക്കുന്നു” എന്നാണ് പിണറായി വിജയന്റെ കണ്ടുപിടിത്തം.
മുസ്‌ലിംലീഗുകാര്‍ അനര്‍ഹമായി നേടുന്നു എന്നും സമുദായത്തിനു വാരിക്കോരിക്കൊടുക്കുന്നുവെന്നും സി.പി.എമ്മിനെ പോലൊരു കക്ഷിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ നാടുനീളെ പറഞ്ഞു നടക്കുന്നത് കുരങ്ങിനു ഏണിവെക്കലാണ്. മറ്റാര്‍ക്കും ഇനിയെത്രയും കുടിലമായ വര്‍ഗീയത വിളിച്ചുപറയാനുള്ള ഉത്തേജകമാണത്. പിണറായി ഒന്നു പറഞ്ഞാല്‍ പണിയാന്‍ നടക്കുന്നവര്‍ പത്ത് പറയും. അതിനു തെളിവാണ് ആലപ്പുഴയില്‍ തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ പത്രസമ്മേളനത്തെ കുറിച്ചു വന്ന ഈ കുറിപ്പ്: എഴുതിയത് കെ.എ. സൈഫുദ്ദീന്‍ (മാധ്യമം 2012 ഒക്‌ടോ.30).
”മുസ്‌ലിംലീഗ് ഹിന്ദുക്കളുടെ അവകാശങ്ങള്‍ കവരുന്നുവെന്നും അതിനെതിരെ മറ്റു മതസംഘടനകളുമായും ലീഗിന്റെ ചെയ്തികളില്‍ അസംതൃപ്തരായവരുമായും ചേര്‍ന്ന് പ്രക്ഷോഭത്തിനിറങ്ങുമെന്നും അതിനായി ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പറയാനാണ് തുഷാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. കൂട്ടത്തില്‍ മലബാറിലെ ഹിന്ദുക്കള്‍ക്ക് നേരെ മുസ്‌ലിംലീഗുകാര്‍ മോശമായി പെരുമാറുന്നതായി തുഷാര്‍ പറഞ്ഞു. ‘അതൊന്ന് കൃത്യമായി പറയാമോ’ എന്ന ചോദ്യത്തിന് തുഷാറിന്റെ മറുപടി:
‘മലബാറില്‍ ഏതെങ്കിലും ഓഫീസില്‍ ഒരു ഹിന്ദു എന്തെങ്കിലും ആവശ്യത്തിനായി ചെന്നാല്‍ അത് സാധിക്കില്ല. അതേ സമയം, ഒരു മുസ്‌ലിമാണ് ചെല്ലുന്നതെങ്കില്‍ അത് വേഗം സാധിച്ചുകിട്ടും’.
‘അപ്പോള്‍ മലബാറിലെ ഓഫീസുകളില്‍ ഇരിക്കുന്നവര്‍ എല്ലാം മുസ്‌ലിംകളാണോ?’ എന്ന് തിരിച്ചുചോദിച്ചു. ‘അതിന് നിങ്ങള്‍ അവിടെ ഒന്നു ചെന്നു നോക്കണം’ എന്നായിരുന്നു മറുപടി. കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി മലബാറില്‍ സ്ഥിരമായി താമസിക്കുന്ന ഒരാളാണ് ഞാന്‍. തുഷാര്‍ പറഞ്ഞതുപോലുള്ള ഒരു ആക്ഷേപം ആദ്യമായാണ് കേള്‍ക്കുന്നത് എന്നു പറഞ്ഞപ്പോള്‍ തുഷാറിന്റെ മറുചോദ്യം ഇപ്രകാരം.
‘താങ്കളുടെ പേരെന്താണ്…?’
‘പേരറിഞ്ഞിട്ടല്ലല്ലോ മറുപടി പറയേണ്ടത്; ചോദ്യത്തിനല്ലേ’?
പേരു പറഞ്ഞപ്പോള്‍ ‘ങാ, അതുകൊണ്ടാണ് താങ്കള്‍ക്കത് അനുഭവപ്പെടാതെ പോയത്’ എന്ന് മറുപടിയും.
മുസ്‌ലിമായതു കൊണ്ടാണ് ആ വിവേചനം അനുഭവപ്പെടാതെ പോയത് എന്ന്. അപ്പോള്‍ പ്രശ്‌നം മുസ്‌ലിംലീഗല്ലെന്നും മുസ്‌ലിമാണെന്നും മനസ്സിലാക്കാന്‍ ആ ഒരൊറ്റ ഉത്തരം മതിയായിരുന്നു.”
രാഷ്ട്രീയച്ചന്തയില്‍ കോളുകാരില്ലാതെ കെട്ടിക്കിടക്കുന്ന പഴയ ചരക്കുകള്‍ വിറ്റഴിക്കാനുള്ള താല്‍ക്കാലിക സൂത്രപ്പണികളാണ് ഇവയെല്ലാമെങ്കിലും അതിന്റെ പ്രത്യാഘാതം പിണറായി വിജയനെ പോലൊരു നയതന്ത്രജ്ഞന്‍ കാണാതെ പോകുന്നത് ക്രൂരമാണ്. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മന്ത്രിമന്ദിരത്തിന്റെ ‘ഗംഗ’ യെന്ന വിശുദ്ധ പേര് മാറ്റിയാണ് ‘ഗ്രേസ്’ ഇട്ടത് എന്ന് സി.പി.എം മെമ്പര്‍മാര്‍ വര്‍ഗീയം കലക്കി കോലാഹലമുയര്‍ത്തുമ്പോള്‍ വിവരമുള്ള പിണറായിയെങ്കിലും പറയണമായിരുന്നു, ‘ഗംഗ’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ഇന്നോളം ഒരു മന്ത്രിമന്ദിരമുണ്ടായിട്ടില്ലെന്ന്.
പച്ചസാരി വിവാദം കത്തിക്കുമ്പോള്‍ അറിയാമല്ലോ പിണറായിക്ക് അത് സര്‍ക്കുലറില്‍ സമര്‍ത്ഥമായി ഒപ്പിച്ച ഒരു കുരുട്ട് വേലയാണെന്ന്. അതിന്റെ മറ പിടിച്ചാണ് പറഞ്ഞത് ഇനി കേരളത്തിലെ വിദ്യാര്‍ത്ഥികളെ മുഴുവന്‍ ലീഗുകാര്‍ തൊപ്പിയിടീക്കുമെന്ന്. അരീക്കോട്ടെ ‘പച്ചക്കോട്ട്’ വിവാദത്തില്‍ ആ കോട്ടിന്റെ നിറത്തില്‍ നിന്ന് എങ്ങനെ വേര്‍തിരിച്ചാലും പച്ചകിട്ടില്ലെന്ന് ഏത് സി.പി.എമ്മുകാരനാണറിയാത്തത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വിദ്യാഭ്യാസ താല്‍പര്യമുള്ളവരെ കൊണ്ട് കെട്ടിടം പണിയിച്ച് സര്‍വകലാശാലക്ക് ആസ്തി വര്‍ധിപ്പിക്കുകയല്ലാതെ ഒരിഞ്ചും മറ്റാരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് സി.പി.എമ്മുകാര്‍ക്ക് അറിയാഞ്ഞിട്ടാണോ?
കള്ള് നിരോധിക്കണമെന്ന് ഹൈക്കോടതി വിധിച്ചതിനെ പിന്തുണക്കുകയായിരുന്നു മുസ്‌ലിംലീഗ്. ശ്രീനാരായണ ഗുരു പറഞ്ഞതേ മുസ്‌ലിംലീഗും പറഞ്ഞിട്ടുള്ളൂ എന്ന് ഗുരുഭക്തനല്ലെങ്കിലും അറിയാമല്ലോ പിണറായിക്ക്. എന്നിട്ടും അത് ഇസ്‌ലാമികവല്‍ക്കരണമാക്കി സി.പി.എം.
ഐക്യകേരളം പിറന്ന് 56 വര്‍ഷം കഴിഞ്ഞാണ് മാതൃ ഭാഷക്ക് സര്‍വകലാശാലയുണ്ടാകുന്നത്. അത് ഒരു മുസ്‌ലിംലീഗ് വിദ്യാഭ്യാസ മന്ത്രിയുടെ കാര്‍മികത്വത്തിലാണ്. മലയാളഭാഷക്ക് ഒന്നാം പദവി കൊടുത്തതും ഇതേ മന്ത്രിസഭ തന്നെ. ബിരുദം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ ഒന്നല്ല രണ്ടുണ്ട് സര്‍ട്ടിഫിക്കറ്റ് തൊഴില്‍ യോഗ്യതയുള്ളത് എന്ന വിപ്ലവം കൊണ്ടുവന്നതും ഇതേ വിദ്യാഭ്യാസ മന്ത്രിയാണ്. എമര്‍ജിങ് കേരളയില്‍ പുരോഗതി പ്രാപിക്കുന്നത് കേരളം മുഴുവനും ജനത ഒന്നടങ്കവുമാണ്. കുടുംബശ്രീയുടെ ഗുണം സര്‍വമലയാളികള്‍ക്കുമാണ്. കേരളത്തിലെ റോഡ് നന്നായാല്‍ യാത്ര എളുപ്പമാകുന്നത് ഏതെങ്കിലുമൊരു സമുദായത്തിനു മാത്രമല്ല. നാട് മാലിന്യമുക്തമായാല്‍ ആരോഗ്യം മെച്ചപ്പെടുന്നതും ഒരു കൂട്ടരുടേത് മാത്രമാവില്ല. ഇതാണോ മുസ്‌ലിംലീഗ് മന്ത്രിമാരുടെ സാമുദായിക പക്ഷപാതം?
അതെന്തുമാവട്ടെ. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട പേരില്‍ ഒരു ക്ഷേത്രവും ഇവിടെ ആക്രമിക്കപ്പെട്ടിട്ടില്ല. ഗുജറാത്ത് കലാപത്തിന്റെ രോഷമായി ഒരു ഗുജറാത്തി തെരുവും ഇവിടെ തീവെക്കപ്പെട്ടിട്ടില്ല. ഒരു ഗുജറാത്തിക്കും അന്ന് ചെറുനഖത്തിന്റെ പോറലേറ്റ് പോലും ആസ്പത്രിയില്‍ പോകേണ്ടിവന്നിട്ടില്ല. കേരളത്തിലെ ന്യൂനപക്ഷ ജനതയുടെ ഉള്ളില്‍ ഈ പ്രബുദ്ധത വളര്‍ത്തിയത് മുസ്‌ലിംലീഗാണ്. അതില്‍ മറ്റാരും പങ്ക് അവകാശപ്പെടാന്‍ വന്നിട്ടു കാര്യമില്ല. അതിനാണ് മുസ്‌ലിംലീഗ്.-സി.പി. സൈതലവി