റഷീദ്‌ മോര്യക്കെതിരായ എസ്.ഡി.പി.ഐ അക്രമം; ഏഴുപേര്‍ അറസ്‌റ്റില്‍

താനൂര്‍: : ചന്ദ്രിക ലേഖകന്‍  റഷീദ്‌ മോര്യക്കെതിരായ എസ്.ഡി.പി.ഐ അക്രമ സംഭവത്തില്‍ ഏഴ്‌ യുവാക്കളെ താനൂര്‍ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ ദിവസം വൈകിട്ട്‌ വീട്ടില്‍നിന്നു വിളിച്ചിറക്കിയായിരുന്നു അക്രമം. വെട്ടികുത്തിന്റകത്ത്‌ ഫൈസല്‍ (32), ചടത്തില്‍ ജംഷീര്‍ബാബു(30), വലിയപറമ്പില്‍ ഷഫീഖ്‌ (26), പാറയില്‍ ഗഫൂര്‍(30), ചെറുവത്ത്‌ കൊറ്റയില്‍ ജുനൈദ്‌(25), മേലേക്കുളത്ത്‌ ഷിഹാബുദീന്‍(23), കുട്ട്യാമാക്കാനകത്ത്‌ യാസിര്‍ (23) എന്നിവരാണ്‌ പിടിയിലായത്‌.  
എളാപ്പപടിയിലെ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു അക്രമം. താനൂര്‍ പിഎച്ച്‌എസ്‌സിയില്‍ ചികില്‍സയിലാണ്‌ റഷീദ്‌.. ലീഗ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ. കുട്ടി അഹമ്മദ്‌കുട്ടി, അബ്‌ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി. അഷ്‌റഫ്‌, യൂത്ത്‌ ലീഗ്‌ ജില്ലാ സെക്രട്ടറി കെ. സലാം തുടങ്ങിയ ജനപ്രതിനിധികളും നേതാക്കളും സന്ദര്‍ശിച്ചു. 
താനൂര്‍ പ്രസ്‌ ഫോറം നടത്തിയ പ്രതിഷേധ യോഗത്തില്‍ ഉബൈദുല്ല താനാളൂര്‍, പി. പ്രേമനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.  എസ്‌വൈഎസ്‌, എസ്‌കെഎസ്‌എസ്‌എഫ്‌ കമ്മിറ്റി, താനൂര്‍ പഞ്ചായത്ത്‌, മണ്ഡലം യൂത്ത്‌ ലീഗ്‌ കമ്മിറ്റി യോഗങ്ങളും സംഭവത്തില്‍ നേരത്തെ പ്രതിഷേധിക്കുകയും പ്രതികളെ പിടികൂടാന്‍ ബന്ധപ്പെട്ടവരോട്  സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തിരുന്നു. മന്ത്രി പി.കെ. അബ്‌ദുറബ്ബും സംഭവത്തെ അപലപിച്ചിരുന്നു.