മദ്രസാധ്യാപകരുടെ ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായം 65 ആക്കി ഉയര്‍ത്തും -മന്ത്രി അലി


ക്ഷേമനിധി പൂര്‍ണമായും പലിശരഹിതമാണെന്നും 
എല്ലാവരും അംഗങ്ങളാവണമെന്നും അഭ്യര്‍ഥന
മലപ്പുറം • മദ്രസ അധ്യാപക ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി 65 വയസ്സ്‌ ആക്കുന്നതിന്‌ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി മഞ്ഞളാംകുഴി അലി. ക്ഷേമനിധി അംഗത്വം ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്നും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്രസാധ്യാപക ക്ഷേമനിധി അംഗത്വ വിതരണ ക്യാംപയിന്‍ സംസ്‌ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.   
ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ മദ്രസ അധ്യാപകരുടെ പിന്നാക്കാവസ്‌ഥ തുടരുകയാണെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. ശരാശരി 2000 രൂപയാണ് അവര്‍ക്ക് ശമ്പളമായി ലഭിക്കുന്നത്. ഈ സ്‌ഥിതിയില്‍ മാറ്റംവരുത്തുന്നതിനുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുകളുടെ ബാധ്യതയാണ്‌. 1.30 ലക്ഷം മദ്രസാധ്യാപകരില്‍ 8000 പേര്‍ മാത്രമാണ്‌ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളത്‌. സംസ്‌ഥാനത്ത്‌ ഇപ്പോള്‍ നടപ്പാക്കുന്ന മദ്രസാധ്യാപക ക്ഷേമനിധി പൂര്‍ണമായും പലിശരഹിതമാണെന്നും അംഗത്വം വര്‍ധിപ്പിക്കുന്നതിന്‌ മതസംഘടനകളും മദ്രസാ ബോര്‍ഡുകളും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡിസംബര്‍ 18 വരെ നടക്കുന്ന ഊര്‍ജിത അംഗത്വ വിതരണത്തിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ക്യാംപയിന്‍ നടത്തും. ന്യൂനപക്ഷ ക്ഷേമവകുപ്പ്‌ ഡയറക്‌ടര്‍ പി. നസീര്‍ ആധ്യക്ഷ്യം വഹിച്ചു. കലക്‌ടര്‍ എം.സി. മോഹന്‍ദാസ്‌, പിണങ്ങോട്‌ അബൂബക്കര്‍ മുസല്യാര്‍, കടയ്ക്കല്‍ അബ്‌ദുല്‍ അസീസ്‌ മൌലവി, പ്രഫ. എ.കെ. അബ്‌ദുല്‍ ഹമീദ്‌, കരുവള്ളി മുഹമ്മദ്‌ മുസല്യാര്‍, ഡോ. ഹുസൈന്‍ മടവൂര്‍, ഷെയ്‌ഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, അബ്‌ദുല്‍ ലത്തീഫ്‌ മൌലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.