നിലവിളക്കും സത്യ വിശ്വാസികളും; സമ്പൂര്‍ണ മതത്തില്‍ 'വിശാലത' തികയാത്തവരോട്..

ജലീലിന്റെ അനൂജ് ഓടിപ്പോയതെന്തു കൊണ്ട്? ആരാണ് കാരണക്കാര്‍?
നിലവിളക്ക് കത്തിക്കുന്നത് സംബന്ധിച്ച വിവാദം ഇതാദ്യമല്ല. വിദ്യാഭ്യാസ മന്ത്രിതന്നെ പറഞ്ഞത് തന്റെ പിതാവ് അവുകാദര്‍ കുട്ടി നഹയോ സി എച്ച് മുഹമ്മദ് കോയയോ ചെയ്യാത്ത ഒരു കാര്യം ഞാന്‍ ചെയ്യാതിരിക്കുമ്പോള്‍ എന്തിന് വിവാദമാക്കുന്നുവെന്നാണ്. ഇപ്പോള്‍ എം ഇ എസ് നേതാവ് ഡോ. ഫസല്‍ ഗഫൂറും ഡോ. കെ ടി ജലീലും ഈ കാര്യം പൊതുസമൂഹത്തിലെക്ക് വലിച്ചിട്ട് വീണ്ടും വിവാദമാക്കിയിരിക്കുന്നു.
ഏത് മതത്തില്‍ ഉള്‍പ്പെടുന്നവരായാലും ഒരോരുത്തരു ടെയും വിശ്വാസത്തെ വകവെച്ച് കൊടുക്കുക എന്നതാണ് ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ആദ്യം ചെയ്യേണ്ടത്. അതിലെ തെറ്റും ശരിയും വെളിപ്പെടുത്തി ഒരു വിശ്വാസത്തിനു മേല്‍ കുതിര കയറുന്നത് ഒട്ടും ശരിയല്ല. ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ മാത്രമല്ല വിവിധ ആളുകള്‍ അവരവരുടെ ഗോത്ര, ജാതി, വര്‍ണ്ണ, ഭാഷാ അടിസ്ഥാനത്തിലൊക്കെ തന്നെ ചില വിശ്വാസങ്ങളും പാരമ്പര്യവും പുലര്‍ത്തിപ്പോരുന്നു. അത്തരം കാര്യങ്ങള്‍ നിലനിര്‍ത്തിപോരുന്നതിന് അവര്‍ക്കുള്ള അവകാശം വകവെച്ച് കൊടുക്കുകയാവും ഉത്തമമായ കാര്യം. 
മതേതരത്വം എന്നത് എല്ലാ മതവും ഒന്നാവുക എന്നോ ഒരു മതത്തിലെ വിശ്വാസത്തെ മറ്റുള്ളവര്‍ ആംഗീകരിക്കുക എന്നോ അല്ല. ഓരോ വിശ്വാസക്കാരനും അവനവന്റെ വിശ്വാസ പ്രകാരം സഹവസിക്കുന്നതിനുള്ള അവസ്ഥയാണത്. ഒരു പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്തി കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്നത് ഭരണഘടനയില്‍ അനുശാസിക്കുന്നതല്ല. അത്തരം ചടങ്ങുകള്‍ നാം നമ്മുടെ സാംസ്‌കാരിക ഭൂമികയില്‍ നിന്ന് വിരിയിച്ചെടുത്തതാണ്. അത് ഒരുപക്ഷേ ഒരു ഭൂരിപക്ഷ ചിന്തയില്‍ നിന്ന് രൂപപ്പെട്ടുവന്നതുമാവാം.
വിളക്ക് കൊളുത്തി അഗ്‌നിയെ വണങ്ങുക എന്നത് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒട്ടനവധി സര്‍ക്കാര്‍ ചടങ്ങുകളില്‍ പോലും ഭക്തിയോടെ ഈ രൂപത്തില്‍ ഉദ്ഘാടന പരിപാടികള്‍ നടക്കുന്നുണ്ട്. ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ഇങ്ങനെയൊരു കാര്യം തന്റെ വിശ്വാസത്തിന് ഭംഗം വന്നേക്കാം എന്ന ചിന്തയില്‍ ഒരു മുസ്‌ലിം മാറിനില്‍ക്കുന്നുവെങ്കില്‍ അതൊരു നല്ല കാര്യമായിട്ടു കാണുകയല്ലെ ഒരു ബഹുസ്വര രാജ്യത്ത് നന്നാവുക.
ഡോ. ജലീല്‍ എം എല്‍ എ ഇത് സംബന്ധിച്ച് എഴുതിയ ഒരു ലേഖനത്തിന്റെ തുടക്കത്തില്‍ ദല്‍ഹിയിലെ എയിംസില്‍ പഠനം നടത്തുന്ന അവിടത്തെ സ്റ്റുഡന്‍സ് യൂണിയന്‍ സെക്രട്ടറിയായ സിഷാന്‍ ഗുലാം ഹുസൈന്‍ അലിയെന്ന് പേരുള്ള ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ അനുഭവം പറയുന്നുണ്ട്. അയാള്‍ പാലയിലെ സ്ഥാപനത്തില്‍ പഠനം നടത്തുന്ന വേളയില്‍ റൂംമേറ്റായി വന്ന അനൂജ് പ്രസ്തുത വ്യക്തിയുടെ നീളന്‍ പാകിസ്ഥാനി പേര് കേട്ടപ്പോഴെ ഓടിപ്പോവുകയും പിന്നീട് ഈ അനൂജിന് അസുഖം വന്ന സമയത്ത് ഗുലാം ഹുസൈന്‍ അലിയാണത്രെ ഹോസ്പിറ്റലില്‍ ഈ കുട്ടിക്കു കൂട്ടിന് പോയത്. തുടര്‍ന്നുള്ള സമ്പര്‍ക്കത്തിലൂടെ അനൂജ് തന്റെ തെറ്റിദ്ധാരണ
മാറ്റിയെന്നാണ് പറയുന്നത്. 
ഇങ്ങനെ പരസ്പര സമ്പര്‍ക്കത്തിലൂടെ മുസ്‌ലിമിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റണമെന്നാണ് ജലീല്‍ പറയുന്നത്. കേരളത്തിലെ മുസ്‌ലിംകള്‍ ഇതര സമുദായത്തോടോ വിശ്വാസികളോടോ സമ്പര്‍ക്കം പുലര്‍ത്താത്തവരല്ല, അവരോടൊത്ത് സകല സാമൂഹിക സാംസ്‌കാരിക പരിപാടിയിലും സജീവ പങ്കാളിത്തം വഹിക്കുന്നു. എന്നാല്‍ ജലീല്‍ പറഞ്ഞ അനൂജ്, ഗുലാം ഹുസൈന്റെ പേര് കേട്ടമാത്രയില്‍ ഓടിപ്പോയത് മുസ്‌ലിംകള്‍ക്ക് ജനസമ്പര്‍ക്കം കുറവായത് കൊണ്ടല്ല. മറിച്ച് കാലങ്ങളായി ഇസ്‌ലാമിക വിശ്വാസത്തോടും മുസ്‌ലിംകളോടും ലോകം കാണിച്ചുകൊണ്ടിരിക്കുന്ന ക്രൂരമായ തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമാണ്. അതിന് ഇസ്‌ലാമിക മൂല്യങ്ങളെ മുറുകെ പിടിക്കുക എന്നതാണ് പ്രതിവിധി. പകരം ജനകൂട്ടത്തോടൊപ്പം അലിഞ്ഞ് സ്വയം ഇല്ലാതാവുകയല്ല വേണ്ടത്. 
ഇന്ത്യയില്‍ ഹൈന്ദവ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശപിക്കപ്പെട്ട അകല്‍ച്ചക്ക് കാരണം ചരിത്രത്തിലെ ഏതോ ദശാസന്ധിയില്‍ സംഭവിച്ച കാരണങ്ങളാണന്നാണ് എം എല്‍ എ പറയുന്നത്. ഈ ശപിക്കപ്പെട്ട സംഭവങ്ങള്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അത്തരം ചരിത്രസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുസ്‌ലിംകള്‍ അവരുടെ വിശ്വാസ ആചാരങ്ങളെ ബലപ്പെടുത്തുകയാണ് വേണ്ടത്. ഇനി നിലവിളക്ക് കത്തിക്കുന്നതും കൈക്കൂപ്പലും തെറ്റായ ഒന്നല്ലെന്ന് സമ്മതിച്ചാല്‍ തന്നെയും ഒരാളുടെ വിശ്വാസം അതിന് മടികാണിക്കുന്നു എങ്കില്‍ ആ വിശ്വാസം നിലനിര്‍ത്താന്‍ അയാളെ സഹായിക്കുകയാണ് യഥാര്‍ത്ഥ മതേതരവാദികള്‍ ചെയ്യേണ്ടത്. 
ഒരു വിശ്വാസ സാംസ്‌കാരിക രീതികള്‍ മാത്രം നിലനിന്നിരുന്ന രാജ്യത്ത് നിന്ന് എത്തിപ്പെട്ടവര്‍ പിന്നീട് ഇന്ത്യയിലെ മതങ്ങളെയും മറ്റു മതധാരകള്‍ ഉള്‍കൊണ്ടുകൊണ്ടും അവര്‍ക്കിഷ്ടപ്പെട്ട വിശ്വാസ വഴി തെരഞ്ഞെടുത്തു എന്നും കെ ടി ജലീല്‍ എം എല്‍ എ പറയുന്നുണ്ട്. ഈ മാറ്റം ആരിലും ഒരു തരത്തിലുമുള്ള അസ്വസ്ഥതകളും ഉണ്ടാക്കിയില്ലന്നും പറയുന്നു. അങ്ങനെയെങ്കില്‍ ഒരു നിലവിളക്കിന്റെയും കൈക്കൂപ്പലിന്റെ കാര്യത്തില്‍ ഇങ്ങനെ ബേജാറായി ചിന്തിക്കുന്നത് എന്തിനാണന്നാണ് മനസ്സിലാവാത്തത്.
ഒരു മതത്തിലും വിശ്വാസമില്ലാത്ത ജവഹര്‍ലാല്‍ നെഹ്‌റുവും തികഞ്ഞ ഭൗതികവാദിയായ ഇ എം എസും ഭരണാധികാരികളായപ്പോള്‍ ആരും മതപരമായ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നാണ് ജലീലിന്റെ ഗവേഷണം. നിരീശ്വരവാദികളും ഭൗതികവാദികളും രാജ്യം ഭരിക്കാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ ഇല്ലാത്തിടത്തോളം കാലം എന്തിന് എതിര്‍ക്കണം. അത്തരം എതിര്‍പ്പുകള്‍ ഉണ്ടാവുന്നപക്ഷം ഇന്ത്യയുടെ സകല ഗുണങ്ങളും വൈവിധ്യവും ഇല്ലാതാവുകയാവും ചെയ്യുക. ഈ വൈവിധ്യം തന്നെയാണ് ഇന്ത്യയിലെ ഓരോ പൗരന്റെയും വിശ്വാസ ആചാരത്തെ സംരക്ഷിക്കപ്പെടണം എന്ന നിയമനിര്‍മാണത്തിന് ഹേതുവായത്. 
ഇന്തോനീഷ്യയിലെ ഔദ്യോഗിക എയര്‍ലൈന്‍സിന്റെ പേര് 'ഗരുഡ ഇന്‍ഡൊനീഷ്യ' എന്നാണെന്നും മഹാവിഷ്ണുവിന്റെ വാഹനമാണ് ഗരുഡനെന്നും, എന്നിട്ടും ഇന്തോനീഷ്യയിലെ മുസ്‌ലിംകള്‍ ആരും തടസ്സം നിന്നില്ലെന്നും അദ്ദേഹം വാചാലനാവുന്നു! മാത്രവുമല്ല, സൂക്ഷിച്ച് നോക്കിയാല്‍ ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രവും കാണാമെന്ന് ഡോ. ജലീല്‍ സമര്‍ത്ഥിക്കുന്നുണ്ട്. ഇത്തരം കാരണത്താല്‍ ഇന്തോനേഷ്യയോട് ആരും ഒരു വിവേചനവും കാണിച്ചില്ലന്നും അദ്ദേഹം എഴുതിയതായി കണ്ടു.
നിലവിളക്ക് കൊളുത്തലും കൈക്കൂപ്പലും അനിസ്‌ലാമികമല്ലെന്ന് വായനക്കാരെ ബോധ്യപ്പെടുത്താന്‍ ജലീല്‍ ഇങ്ങനെ ചെറുതാവണമായിരുന്നില്ല. സൂക്ഷിച്ച് നോക്കിയാല്‍ ഇന്ത്യയുടെയും കേരളത്തിന്റെയും ദേശീയ ചിഹ്നങ്ങളായ ആനയും കടുവയും മയിലും താമരയുമെല്ലാം ഹൈന്ദവ വിശ്വാസത്തില്‍ പല നിലക്കും ഉള്‍പ്പെടുന്നതാണ്, എന്നു കരുതി ആരെങ്കിലും ദേശീയ ചിഹ്നം മാറ്റാന്‍ പറഞ്ഞോ? അങ്ങനെ ചിഹ്നങ്ങളും അടയാളങ്ങളും പറഞ്ഞ് ശണ്ഠകൂടുന്നത് ആര്‍ക്കാണ് ലാഭമുണ്ടാക്കുക? 
ഒരു മുസ്‌ലിം പൊതുചടങ്ങില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയാല്‍ എങ്ങനെയാണ് മതനിന്ദയാക്കുക എന്നതാണ് ലേഖനത്തിന്റെ മര്‍മം. ലളിതമായ ഉത്തരം: ഒരു മുസ്‌ലിമിന്റെ വിശ്വാസം അങ്ങനെയെങ്കില്‍ അയാളെ അതിന് പ്രേരിപ്പിക്കുകയല്ല, മറിച്ച് പകരം സംവിധാനം കാണുക എന്നതാണ് ശരിയായ രീതി. 
കൈക്കൂപ്പലിന്റെ കാര്യവും അനാവിശ്യ വിവാദമാണെന്നു ഡോ. ജലീല്‍ പറയുന്നു. ഭാരതീയരുടെ അഭിവാദന രീതിയായ കൈക്കൂപ്പലിനെ ഹൈന്ദവര്‍ ദൈവത്തിന് മുമ്പില്‍ കൈക്കൂപ്പി നില്‍ക്കുന്നതിനോട് സമാനമായി ചിന്തിക്കുമ്പോഴാണ് പ്രശ്‌നം. സ്രഷ്ടാവിന്റെ മുന്നിലല്ലാതെ മറ്റാരുടെയും മുന്നില്‍ ആരാധനയോടെ വണങ്ങുക പാടില്ലെന്നതാണ് മുസ്‌ലിമിന്റെ വിശ്വാസം. അത്തരം വിശ്വാസത്തിന് കൈക്കൂപ്പുന്നത് തടസമാണെങ്കില്‍ അവര്‍ മാറിനില്‍ക്കട്ടെ എന്ന് ചിന്തിക്കുന്നതാണ് ജനാധിപത്യമര്യാദ. 
നിലവിളക്ക് കൊളുത്തിയാലോ കൈക്കൂപ്പിയാലോ ഒലിച്ച് പോവുന്നതല്ല മതം എന്ന് പറയുന്നവര്‍ മനസ്സിലാക്കേണ്ട കാര്യം, വിളക്ക് കൊളുത്തിയില്ലെങ്കിലും കൈക്കൂപ്പിയില്ലെങ്കിലും ഒരു ഇസ്‌ലാമിക വിശ്വാസിക്ക് പൊതുചടങ്ങില്‍ പങ്കെടുക്കാനും വിശ്വാസത്തെ മുറുകെ പിടിക്കാനും സാധിക്കും എന്നതാണ്. അവ രണ്ടും ചെയ്തില്ലെങ്കില്‍ ഇസ്‌ലാം ഒലിച്ച് പോവുകയില്ലന്നും അറിയുക. 
''തിരുവിതാംകൂറില്‍ നിക്കാഹ് കഴിഞ്ഞ് വരനും വധുവും പരസ്പരം പൂമാല ചാര്‍ത്തും. എന്നാല്‍ മലബാറില്‍ ഈ താലികെട്ട് കല്ല്യാണം ആലോചിക്കാന്‍ പോലും ആവില്ല.'' തിരുകൊച്ചിക്കാര്‍ക്ക് ഹലാലായത് എങ്ങനെയാണ് മലബാറിലെത്തുമ്പോള്‍ ഹറാമാവുന്നത്!? മക്കത്തെ അറബി മോഷണം നടത്തിയാല്‍ അത് ഇസ്‌ലാമില്‍ ഹലാലായ കാര്യമാവുകയില്ല. ഏതെങ്കിലും നാട്ടില്‍ വിവരമില്ലാത്തവര്‍ ചെയ്യുന്ന നാട്ടാചാരങ്ങളെ ഇസ്‌ലാമികമെന്ന് പറഞ്ഞ് ശരിവെക്കുന്നത് ഒട്ടും നന്നല്ല. 
ഏതെങ്കിലും ഒരാചാരം ഒരു മതക്കാര്‍ ചെയ്യുന്നുവെന്ന് കരുതി മറ്റു മതക്കാര്‍ അവ എതിര്‍ക്കുകയില്ല. മറിച്ച് അവനവന്റെ മതവിശ്വാസത്തെ ബലപ്പെടുത്താന്‍, തന്റെ വിശ്വാസത്തിനു അല്‍പ്പമെങ്കിലും എതിരെന്നു തോന്നുന്ന പക്ഷം അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള വിശ്വാസിയുടെ അവകാശത്തെ എന്തിന് ഇങ്ങനെ വിവാദമാക്കുന്നു. 
ഇസ്‌ലാമിക മതവിശ്വാസികള്‍ ദുശ്ശാഠ്യക്കാരല്ല, എന്നാല്‍  അവരുടെ ചില വിശ്വാസത്തെ മറ്റു മതസ്ഥര്‍ക്കു വേണ്ടി വിശാലമാക്കണം എന്ന് ശാഠ്യം പിടിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. പ്രത്യേകിച്ച് ഇന്ത്യയെ പോലുള്ള ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത്-ടി മുനീര്‍