വെള്ളിയാഴ്ച പള്ളികളില്‍ പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍ നടത്തും : എസ്.എം.എഫ്

'പ്രവാചക നിന്ദക്കെതിരെ പ്രതിഷേധകൂട്ടായ്മ' ഒക്ടോബര്‍ 2ന് കോഴിക്കോട്ട് 
ചേളാരി: വിശുദ്ധ പ്രവാചകനെ ഇകഴ്ത്തുന്നതിന് സിനിമ നിര്‍മിക്കുകയും സൈബര്‍ സംവിധാനം ഉപയോഗപ്പെടുത്തി പ്രചരിപ്പിക്കുകയും ചെയ്തുവരുന്ന പാശ്ചാത്യശക്തികളുടെ നിഗൂഢതക്കെതിരില്‍ 28ന് വെള്ളിയാഴ്ച എല്ലാ പള്ളികളിലും ജുമുഅക്ക് ശേഷം പ്രവാചക പ്രകീര്‍ത്തന പ്രഭാഷണം നടത്താന്‍ എസ്.എം.എഫ്. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മഹാനായ പ്രവാചകന്‍ കളങ്കിത നേതാവല്ലെന്നും പ്രവാചകനെയോ വിശ്വാസികളെയോ അപകീര്‍ത്തിപ്പെടുത്താനുള്ള ഏത് നീക്കവും പ്രതിരോധിക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

2013 ജനുവരിയില്‍ 180 മേഖലകളില്‍ നേതൃനിര്‍മാണ-പരിശീലനക്കളരി നടത്താന്‍ യോഗം തീരുമാനിച്ചു. എസ്.എം.എഫില്‍ രജിസ്തര്‍ ചെയ്ത മഹല്ലുകളില്‍ നിന്ന് 5 വീതം പ്രതിനിധികളെ തെരഞ്ഞെടുത്താണ് പരിശീലനം നല്‍കുക. ജനുവരിയില്‍ പുതിയ സംസ്ഥാന പ്രവര്‍ത്തക സമിതി നിലവില്‍ വരും. ഡല്‍ഹി ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഋതുമതിയാവലാണെന്ന നിയമം പാസാക്കി ഇപ്പോള്‍ നിലവിലുള്ള 18 വയസ്സ് വ്യവസ്ഥ മാറ്റി ഇസ്‌ലാമിക ശരീഅത്തും ഇന്ത്യന്‍ ശരീഅത്ത് ആക്ട് അനുശാസിക്കുന്ന പരിരക്ഷ മുസ്‌ലിംകള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു.

മദ്രസാധ്യപക ക്ഷേമനിധി പുനഃക്രമീകരിച്ചു അധ്യാപകര്‍ക്ക് ഉപകാരപ്പെടുന്ന വിധമാക്കുന്നതിനും നഗരങ്ങളില്‍ മത-ട്രസ്റ്റുകള്‍ നടത്തുന്ന കെട്ടിടങ്ങളെ പുതുക്കിയ പിഴ വ്യവസ്ഥയില്‍ നിന്നൊഴിവാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെടാനും തീരുമാനിച്ചു. പ്രവാചക നിന്ദയടങ്ങിയ 14 മിനുട്ട് ചിത്രം യൂട്യൂബ് വഴി ലഭ്യമാകുന്നതില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിരോധനമേര്‍പെടുത്തി മതേതരത്വം കാത്തുസൂക്ഷിക്കുകയും വിശ്വാസികളെ ബഹുമാനിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചു.

2012 ഒക്ടോബര്‍ 2ന് സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിക്കുന്ന 'പ്രവാചക നിന്ദക്കെതിരെ പ്രതിഷേധകൂട്ടായ്മ' വന്‍വിജയമാക്കാന്‍ എല്ലാ മഹല്ല് ഭാരവാഹികളോടും യോഗം ആവശ്യപ്പെട്ടു. പുതിയതായി മുപ്പത്തിഒമ്പത് മഹല്ലുകള്‍ക്ക് അംഗീകാരം നല്‍കി. മുക്കം ഉമര്‍ ഫൈസി അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം.ആലി വയനാട്, കെ.എം. സൈതലവി ഹാജി കോട്ടക്കല്‍, കാടാമ്പുഴ മൂസഹാജി, ഇ.കെ.കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കെ.പി.ചെറീദ് ഹാജി, കെ.ഇബ്രാഹീം മുസ്‌ലിയാര്‍, പി.എം.സി.കോയ മുസ്‌ലിയാര്‍, ഒ.സി.മുഹമ്മദ് കോയ ഹാജി, കെ.എം.കുഞ്ഞമ്മദ് മുസ്‌ലിയാര്‍(വടകര), എഞ്ചിനീയര്‍ മാമുകോയ ഹാജി, കെ.പി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം, പുവ്വാട്ടു മൊയ്തീന്‍ ഹാജി, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, ടി.കെ.പരീകുട്ടി ഹാജി, എ.കെ.ആലിപറമ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.